വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാൻ പാടുപെട്ട് നാട്ടിലെത്തിയ വിദേശമലയാളികൾക്കും അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവർക്കും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മടക്കയാത്ര കൂടുതൽ ദുരിതപൂർണം. വിദേശത്തേക്കുള്ള വിമാനസർവീസുകൾ വൻതോതിൽ ചാർജ് കൂട്ടിയപ്പോൾ അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടവർ നെട്ടോട്ടമോടുന്ന ദയനീയ കാഴ്ചയാണ് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
ആഴ്ചകൾക്കു മുൻപേ ടിക്കറ്റ് റിസർവ് ചെയ്തിട്ടും വെയിറ്റിംഗ് ലിസ്റ്റിലാണ് ഭൂരിഭാഗവും. ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മംഗളൂരു വണ്ടികളിലെല്ലാം വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലായിരുന്നു. ഏറനാട്, ഇന്റർസിറ്റി, പരശുറാം തുടങ്ങിയ പകൽവണ്ടികളിൽ കാലുകുത്താനും ഇടമില്ല. ഇത്തവണ സ്പെഷൻ ട്രെയിനുകളും അധിക കോച്ചുകളും പേരിന് മാത്രമാണ് അനുവദിച്ചത്. ഓണം സീസണിൽ യാത്രാപ്രശ്നം വർഷം തോറും ചർച്ചയാകുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരങ്ങളൊന്നുമുണ്ടാകുന്നില്ല.
അന്തർ സംസ്ഥാന ബസുടമകൾ ഇത് നന്നായി മുതലെടുക്കുന്നു. ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുന്ന രീതിയാണ് റെയിൽവേയുടേത്. വൈകി പ്രഖ്യാപിക്കുന്ന സ്പെഷ്യൽ ട്രെയിൻ യാത്രക്കാർക്ക് പൊതുവേ സഹായമാകുന്നില്ല. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാത്തതോടെ സ്വകാര്യബസുകളും നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. കഴിഞ്ഞ മാസം 15ന് ശേഷം വിമാന നിരക്കിൽ അഞ്ചിരട്ടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും സാധാരണ 12,000 രൂപ മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50, 000 രൂപയ്ക്ക് മുകളിലായി. പ്രവാസികളോടുള്ള വിമാന കമ്പനികൾ സ്വീകരിക്കുന്ന കൊള്ള കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായിട്ടില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ് മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.