22 December 2024, Sunday
KSFE Galaxy Chits Banner 2

പുനർനിർമ്മിച്ച് ഒരു വർഷത്തിന് മുമ്പേ റോഡ് തകർന്നു

Janayugom Webdesk
മാന്നാര്‍
December 29, 2021 6:27 pm

പുനർ നിർമ്മിച്ച് ഒരു വർഷം ആകുന്നതിനു മുന്നേ റോഡ് തകർന്ന് തുടങ്ങിയതായി പരാതി. മാന്നാർ പാവുക്കര വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡിനാണ് ഈ ദുരവസ്ഥ. റോഡിന്റെ വശം താഴുകയും മെറ്റലുകൾ ഇളകാനും തുടങ്ങി. മാന്നാർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പാവുക്കര ജുമാമസ്ജിദിലേക്കും മൂർത്തിട്ട‑മുക്കാത്താരി ബണ്ടുറോഡിലേക്കും പോകുന്ന വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡിന്റെ അവസ്ഥയാണിത്. വർഷങ്ങളോളം തകർന്നു കിടന്ന റോഡ് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ 53 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും വിനിയോഗിച്ചാണ് പുനർ നിർമ്മിച്ചത്.

റോഡിനു സമീപത്തായി നാല്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ധാരാളം യാത്രക്കാർ സഞ്ചരിക്കുന്ന ഈ റോഡിന്റെ പുനർനിർമ്മാണത്തോടെ ദുരിതം അവസാനിച്ചെന്ന് കരുതിയെങ്കിലും വീണ്ടും റോഡ് തകർന്നു തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. മാന്നാർ‑വീയപുരം റോഡുമായി ബന്ധിപ്പിക്കുന്ന വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡ് കഴിഞ്ഞ മഴയിലും വെള്ളം കയറി ഇതുവഴിയുള്ള യാത്ര തടസപ്പെട്ടിരുന്നു.

പരാതിപ്പെട്ടിട്ടും അധികൃതരിൽ നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തകർന്നു കിടക്കുന്നഭാഗം ഉടനെ അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചില്ലെങ്കിൽ പൂർണമായും തകരുമെന്നും നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം ഇല്ലാതെ വെള്ളം കെട്ടിക്കിടക്കുന്നതാണ് മെറ്റലുകൾ വേഗം ഇളകാൻ കാരണമെന്നും വശങ്ങളിൽ ഓടനിർമ്മിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള മാർഗം ഉണ്ടാക്കണമെന്ന ആവശ്യവും ശക്തമാണ്. വഞ്ചിമുക്ക്-കിളുന്നേരിൽപടി റോഡ് മൂർത്തിട്ട മുക്കാത്താരി ബണ്ടുറോഡിലാണ് അവസാനിക്കുന്നത്. ബണ്ടു റോഡിൽ കിളുന്നേരിൽ കലുങ്കിലേക്ക് അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ ഇരു ചക്ര വാഹനങ്ങൾക്ക് പോലും ഇതുവഴിയുള്ള യാത്ര സാധ്യമല്ല.

റോഡിനും കലുങ്കിനുമിടയിലുള്ള ഭാഗം താണു കിടക്കുന്നതിനാൽ ബണ്ടു റോഡിലേക്ക് കയറണമെങ്കിൽ സർക്കസ് അറിഞ്ഞിരിക്കണം. പുനർ നിർമ്മാണ വേളയിൽ അപ്രോച്ച് റോഡ് നിർമ്മിക്കാൻ ആവശ്യമായ ഫണ്ടില്ലെന്നും പിന്നീട് ഫണ്ട് അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല. അപ്രോച്ച് നിർമ്മിച്ചില്ലെങ്കിൽ പാടശേഖരങ്ങളിലേക്കുള്ള കർഷകരുടെ സഞ്ചാരവും ബുദ്ധിമുട്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.