22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

നിയമവാഴ്ച തകര്‍ന്നു; യുപിക്കെതിരെ സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2025 11:00 pm

നിയമ പാലനത്തില്‍ ഗുരുതര വീഴ്ചയെന്നും സംസ്ഥാനത്തെ നിയമ വാഴ്ച സമ്പൂര്‍ണമായി പരാജയപ്പെട്ടെന്നും ഉത്തര്‍ പ്രദേശ് പൊലീസിനും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സിവില്‍ തര്‍ക്കങ്ങളില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സിവില്‍ തര്‍ക്കങ്ങള്‍ പോലും ക്രിമിനല്‍ കേസാക്കിമാറ്റുകയാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാരിന് പിഴ ചുമത്തുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി യുപി പൊലീസിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. ‘ഉത്തര്‍പ്രദേശില്‍ ദിവസവും വിചിത്രവും ഞെട്ടിക്കുന്നതുമായ ചിലത് സംഭവിക്കുന്നു. സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളായി മാറ്റപ്പെടുന്നു. ഇത് അസംബന്ധമാണ്. പണം നല്‍കാത്തത് കൊണ്ട് മാത്രം ക്രിമിനല്‍ കുറ്റമാക്കി മാറ്റാന്‍ കഴിയില്ല, ’ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 

സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഹൗസ് ഓഫിസര്‍മാര്‍ക്ക് കേസെടുക്കാന്‍ കഴിയില്ല. കോടതിക്ക് മുമ്പാകെയുള്ള കേസില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എങ്ങനെ ക്രിമിനല്‍ നിയമ പ്രകാരം നടപടി സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും വ്യക്തമാക്കി.ഉത്തര്‍ പ്രദേശിലെ അഭിഭാഷകര്‍ സിവില്‍ നിയമത്തിലെ അധികാര പരിധികള്‍ വിസ്മരിക്കുകയാണെന്ന് തോന്നുന്നു. വിഷയത്തില്‍ വേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചുവരുത്തി ക്രിമിനല്‍ കേസ് എടുക്കേണ്ട സാഹചര്യങ്ങളെ കുറിച്ച് പഠിപ്പിക്കും. ’ ഒരു കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട രീതി ഇത്തരത്തില്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ സമയമെടുക്കുന്നതിനാലാണ് ക്രിമിനല്‍ കേസുകള്‍ എടുക്കേണ്ടി വരുന്നത് എന്ന അഭിഭാഷകന്റെ വാദത്തോടായിരുന്നു പ്രതികരണം.

വ്യവസായി ദീപക് ബെഹാലുമായുള്ള പണമിടപാട് തര്‍ക്കത്തില്‍ തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് അലഹബാദ് ഹൈക്കോടതി റദ്ദാക്കാന്‍ വിസമ്മതിച്ചതിനെതിരെ പ്രതികളായ ദേബു സിങ്, ദീപക് സിങ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് നോയിഡയിലെ വിചാരണ കോടതിയില്‍ ഹര്‍ജിക്കാര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാല്‍ പ്രതികള്‍ക്കെതിരായ വണ്ടിച്ചെക്ക് കേസ് നിലനില്‍ക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ഒരാഴ്ച മുമ്പാണ് ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടത്തെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും തകര്‍ക്കപ്പെട്ട വീട്ടുടമകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും വിധിച്ചത്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള നീക്കമാണ് പൊളിക്കൽ. ഇത് ഭരണഘടനാവിരുദ്ധവും, മനുഷ്യത്വരഹിതവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 2023ലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ സ്ഥലമാണെന്ന് തെറ്റിദ്ധരിച്ച് പ്രദേശത്തെ വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു യുപി സര്‍ക്കാര്‍. ഇതിന് പിന്നാലെയാണ് കേസ് കൈകാര്യം ചെയ്യുന്ന നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതായെന്ന് പരമോന്നത കോടതി വ്യക്തമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.