
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ 2018ലെ 437 പേജുള്ള ചരിത്രപരമായ വിധിന്യായം നിയമവിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും ഒരു പാഠപുസ്തകം പോലെയാണ്. ‘ഭരണഘടനാ ധാർമ്മികത’യും (Constitutional Morality) ‘മതവിശ്വാസ’വും (Religious Faith) തമ്മിലുള്ള സംഘർഷമാണ് ഈ കേസിന്റെ കാതൽ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിധിയിൽ നിർണായകമായത് 1965ൽ നിലവിൽ വന്ന ‘കേരള ഹിന്ദു ആരാധനാലയ പ്രവേശനാനുമതി നിയമവും അതിന്റെ ചട്ടങ്ങളുമാണ്’ (The Kerala Hindu Places of Public Worship (Authorisation of Entry) Act and Rules, 1965). എന്നാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിന്റെ കാലത്തല്ല ഈ നിയമം പ്രാബല്യത്തിൽ വന്നത് എന്നത് കൗതുകകരമായ ഒരു നിയമവസ്തുതയാണ്.
1964ൽ ആർ ശങ്കർ മന്ത്രിസഭ രാജിവച്ചതിനെത്തുടർന്ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. 1965ൽ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം തുടരുകയും ചെയ്തു. സംസ്ഥാനത്ത് നിയമസഭ ഇല്ലാതിരുന്നതിനാൽ, പാർലമെന്റ് നൽകിയ അധികാരമുപയോഗിച്ച് (Kerala State Legislature (Delegation of Powers) Act, 1965 പ്രകാരം) രാഷ്ട്രപതിയാണ് നിയമം പാസാക്കിയത്. ജാതിയുടെയും അയിത്തത്തിന്റെയും പേരിൽ ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത് തടയുക എന്നതായിരുന്നു ഇതിന്റെ മുഖ്യലക്ഷ്യം.
ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം നൽകുന്ന ഈ നിയമത്തിലെ ‘സെക്ഷൻ 3’ പ്രകാരമാണ് എല്ലാ വിശ്വാസികൾക്കും പ്രവേശനം ഉറപ്പാക്കുന്നത്. എന്നാൽ, ഈ നിയമത്തിന് കീഴിൽ സർക്കാർ രൂപീകരിച്ച ചട്ടങ്ങളുടെ ഭാഗമായ Rule 3(ബി), ആചാരങ്ങളുടെ പേരിൽ സ്ത്രീകളെ തടയാൻ വിലക്ക് ഏർപ്പെടുത്താനുള്ള പഴുത് നൽകുന്നതായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു.
2018ലെ വിധിക്ക് കാരണമായ പൊതുതാല്പര്യ ഹർജി സമർപ്പിച്ചത് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ എന്ന സംഘടനയാണ്. ഇവർക്ക് ശബരിമലയുമായി വ്യക്തിപരമായ ബന്ധമില്ലെന്നും, ഇതൊരു ‘പബ്ലിസിറ്റി സ്റ്റണ്ട്’ ആണെന്നും എതിർവാദങ്ങൾ ഉയർന്നെങ്കിലും, ഭരണഘടനാപരമായ അവകാശങ്ങൾ ആർക്കും ചോദ്യം ചെയ്യാമെന്ന നിലപാടാണ് (Locus Standi) കോടതി സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ആർ എഫ് നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഹർജിയിൽ വാദം കേട്ടത്. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം സ്ത്രീകൾക്ക് അവരുടെ ഇഷ്ടാനുസരണം വിശ്വസിക്കാനും ആരാധിക്കാനുമുള്ള മൗലികാവകാശമുണ്ടെന്ന വ്യക്തിസ്വാതന്ത്ര്യവും, അനുച്ഛേദം 26 പ്രകാരം ഒരു മതവിഭാഗത്തിന് അവരുടെ ആചാരങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനുമുള്ള മതവിഭാഗങ്ങളുടെ അവകാശവും (Denominational Rights) തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു കേസിന്റെ കാതൽ. ശബരിമലയിലെ ‘നൈഷ്ഠിക ബ്രഹ്മചര്യം’ എന്ന പ്രതിഷ്ഠാ സങ്കല്പവും, സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശവും (അനുച്ഛേദം 14) തമ്മിൽ ഏത് നിലനിൽക്കും എന്നതായിരുന്നു കോടതിക്ക് മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് 1956 നവംബർ 27ന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ക്ഷേത്രത്തിന്റെ പവിത്രതയുടെ അവിഭാജ്യ ഘടകമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 13(3)(എ) പ്രകാരം ഈ വിജ്ഞാപനത്തിന് നിയമപ്രാബല്യമുണ്ടെന്നും, 1965ലെ നിയമത്തിലെ വകുപ്പ് 3‑ന്റെ ഉപാധി പ്രകാരവും ചട്ടങ്ങളിലെ Rule 3(ബി) വഴിയും ഇത്തരം ആചാരങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നുണ്ടെന്നുമായിരുന്നു എതിർകക്ഷികളുടെ വാദം.
എന്നാൽ, ഭരണഘടനയുടെ അനുച്ഛേദം 26 പ്രകാരമുള്ള അവകാശങ്ങൾ ലഭിക്കണമെങ്കിൽ അതൊരു പ്രത്യേക മതവിഭാഗമായിരിക്കണം (Religious Denomination). അയ്യപ്പഭക്തർ ഹിന്ദു മതത്തിനുള്ളിലെത്തന്നെ ഒരു വിഭാഗം മാത്രമാണെന്നും, അവർക്ക് പൊതു ഹിന്ദു നിയമങ്ങളിൽ നിന്ന് മാറിനിൽക്കാനാവില്ലെന്നും കോടതി കണ്ടെത്തി. 1965ലെ നിയമത്തിന്റെ (Parent Act) ലക്ഷ്യം എല്ലാവർക്കും ക്ഷേത്രപ്രവേശനം നൽaകുക എന്നതാണ്. എന്നാൽ അതിനുകീഴിൽ ഉണ്ടാക്കിയ ചട്ടം (Rule 3(ബി)) സ്ത്രീകളെ തടയുന്നു. ഒരു ചട്ടം ഒരിക്കലും നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തിന് വിരുദ്ധമാകാൻ പാടില്ല എന്നുകണ്ട് Rule 3(ബി) ഭരണഘടനാവിരുദ്ധമാണെന്ന് (Ultra Vires) കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിരീക്ഷണത്തിൽ, ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ‘അശുദ്ധി’ കല്പിക്കലാണ്. ഇത് ഭരണഘടന നിരോധിച്ച അയിത്തത്തിന് (അനുച്ഛേദം 17) സമാനമായ സാമൂഹിക അനാചാരമാണ്. മതപരമായ ധാർമ്മികതയെക്കാൾ വലുത് ഭരണഘടനാപരമായ ധാർമ്മികതയാണെന്നും, വ്യക്തിയുടെ അന്തസും തുല്യതയുമാണ് ഭരണഘടനയുടെ പരമപ്രധാനമായ ലക്ഷ്യമെന്നും അദ്ദേഹം വിധിന്യായത്തിൽ രേഖപ്പെടുത്തി. 2018ലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി നിരവധി ഹർജികൾ സുപ്രീം കോടതിയുടെ മുമ്പാകെ വന്നെങ്കിലും, വിധി സ്റ്റേ ചെയ്യാതെ തന്നെ, പുനഃപരിശോധനാ ഹർജികളിലെ സുപ്രധാനമായ നിയമപ്രശ്നങ്ങൾ പരിഗണിക്കുന്നതിനായി കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് കൈമാറുകയാണ് ചെയ്തത്. ഭരണഘടനാ ധാർമ്മികത, മതാചാരങ്ങളുടെ അവിഭാജ്യഘടകം (Essential Religious Practices), പൊതുതാല്പര്യ ഹർജി, ഹിന്ദു വിഭാഗങ്ങളുടെ നിർവചനം, അനുച്ഛേദം 25 vs 26, മറ്റ് മതങ്ങളിലെ സമാനവിഷയങ്ങൾ എന്നീ ഏഴ് നിയമപ്രശ്നങ്ങളാണ് പുതിയ ബെഞ്ച് പരിഗണിക്കുന്നത്. ശബരിമല വിധി കേവലം ഒരു ക്ഷേത്രപ്രവേശന വിഷയം മാത്രമല്ല. അത് നിയമവാഴ്ചയും പരമ്പരാഗത വിശ്വാസങ്ങളും തമ്മിലുള്ള കൃത്യമായ അതിർവരമ്പുകൾ നിർണയിച്ച ഒരു സുപ്രധാന വിധിന്യായമാണ്. നിലവിൽ ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിലുള്ള പുനഃപരിശോധനാ ഹർജികളിൽ, അഞ്ചംഗ ബെഞ്ചിന്റെ 2018ലെ തീരുമാനത്തിനാധാരമായ യുക്തി (Ratio Decidendi) നിലനിൽക്കുമോ അതോ തിരുത്തപ്പെടുമോ എന്നതാണ് നിയമലോകം ഉറ്റുനോക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.