1 February 2026, Sunday

സാങ്ച്വറി ഓഫ് ട്രൂത്ത് ശില്പവിദ്യയുടെ മഹാത്ഭുതം

മുഹമ്മദ് ഹുസൈന്‍ വൈ
February 1, 2026 12:24 pm

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. തലസ്ഥാനമായ ബാങ്കോക്കിലേക്കും പട്ടായയിലേക്കും ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ടൂറിസ്റ്റിനും വേണ്ടതെല്ലാം ഇവിടെയുണ്ട്. നല്ല ബീച്ചുകൾ, നൈറ്റ് ക്ലബ്ബുകൾ, നൈറ്റ് മാർക്കറ്റുകൾ, ഫുഡ് സ്ട്രീറ്റുകളൊക്കെ വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി ഒരുങ്ങിയിരിക്കുകയാണ് തായ്‌ലൻഡിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. അതിവേഗം കുതിക്കുകയാണ് തായ്‌ലൻഡ്. ഈ രാജ്യത്തെക്കുറിച്ച് നമ്മുടെ മനസിലുള്ളത് അത്ര നല്ലൊരു ചിത്രമായിരിക്കില്ല. ഒരു ദുഷ്‌പേര് ടൂറിസം രംഗത്ത് തായ്‌ലന്റിനുണ്ട്. ഏത് രാജ്യത്തും ഉള്ളതുപോലെ മോശം കാര്യങ്ങൾ ഇവിടെയും ഉണ്ടാവാം. നാം ഇവിടെ കാണേണ്ടതും പഠിക്കേണ്ടതും തായ്‌ലൻഡിന്റെ നന്മകളാണ്, മാതൃകകളാണ്. ഞെട്ടിപ്പിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ. നമ്മളേക്കാൾ പിന്നോക്കമായ നാട് എന്നാണ് പലരുടെയും ചിന്ത, അത് മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കയുടെയും ബ്രിട്ടന്റെയും പോർ വിമാനങ്ങൾ ബോംബ് വർഷിച്ചു തകർത്തു കളഞ്ഞ നഗരമാണിത്. അച്ചുതണ്ട് ശക്തികളുടെയും സഖ്യ കക്ഷികളുടെയും ആക്രമണം ഒരുപോലെ ഏറ്റുവാങ്ങേണ്ട ദുർവിധിയും ഈ നഗരത്തിനുണ്ടായി. രാജാവിനെ മുന്നിൽ നിർത്തി പട്ടാളം ഭരിക്കുന്ന നാടാണ് തായ്‌ലൻഡ്, അതായത് ജനാധിപത്യം ഇല്ലാത്ത രാജ്യം. പട്ടാള ഭരണകാലത്താവട്ടെ, ജനാധിപത്യ കാലത്താവട്ടെ വികസനത്തിന് തുടർച്ച ലഭിക്കുന്നു എന്നതാണ് തായ്‌ലൻഡിന്റെ പ്രത്യേകത. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അഴിമതി തുലോം കുറവുള്ള രാജ്യമാണ് തായ്‌ലൻഡ്.

സാങ്ച്വറി ഓഫ് ട്രൂത്തിലേക്ക് പട്ടായയിൽ നിന്നും നാല് കിലോമീറ്റർ ദൂരമുണ്ട്. പുരാതനമായ ക്ഷേത്രം ഒന്നുമല്ല സഞ്ച്ച്വറി ഓഫ് ട്രൂത്ത്. 1981ലാണ് അതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അന്നുമുതൽ എല്ലാ ദിവസവും നിർമ്മാണ ജോലികൾ തുടർന്നുകൊണ്ടിരിക്കുന്നു. അടുത്ത കാലത്തൊന്നും ക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നും കരുതേണ്ട. 2050 ഇൽ പണി പൂർത്തിയാക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഏതാണ്ട് 34 നില കെട്ടിടത്തിന്റെ ഉയരമുണ്ട് ക്ഷേത്രത്തിന്റെ ഗോപുരത്തിന്. നാലു വശങ്ങളിലേക്കായാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും അടിസ്ഥാന തത്വങ്ങളിൽ ഊന്നി കൊണ്ടാണ് ക്ഷേത്രം പണിതുകൊണ്ടിരിക്കുന്നത്. പണി പൂർത്തിയാകുമ്പോൾ ഒരു ലോകാത്ഭുതം തന്നെയായിരിക്കും ഈ ക്ഷേത്രം. പട്ടായയിൽ ആകെ എത്തുന്ന ആളുകളിൽ ഒരു ശതമാനം പോലും ഇവിടേക്ക് വരുന്നുണ്ടോ എന്ന കാര്യം സംശയമാണ്. പണികൾ നടക്കുകയാണെന്നതിനാൽ സേഫ്റ്റി ഹെൽമറ്റ് വച്ചു വേണം ക്ഷേത്രത്തിനടുത്തേക്ക് പോകാൻ. കുന്നിൻ ചെരുവിലെ ചെറിയൊരു ജലാശയത്തിനും കടലിനും ഇടയിലാണ് ക്ഷേത്രം. മരച്ചാർത്തുകൾക്ക് ഇടയിലൂടെ ക്ഷേത്രം കാണുമ്പോൾ നമ്മുടെ ആവേശം ഇരട്ടിക്കുകയാണ്. അത്രയ്ക്ക് അത്ഭുതകരമായ ഒരു നിർമ്മിതിയുടെ അരികിലേക്ക് ആണല്ലോ ചെല്ലുന്നത്. ശരിക്കും ഒരു ദ്വീപ് പോലുള്ള ഒരിടത്താണ് ക്ഷേത്രത്തിന്റെ സ്ഥാനം. ധാരാളം ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ട് എന്നതിന്റെ സൂചന പോലെ മരബഞ്ചുകൾ നിരന്നു കിടക്കുന്നു. ചില നേരങ്ങളിൽ ഇവിടെ പരമ്പരാഗത തായ് നൃത്തങ്ങളും കലാപരിപാടികളും നടക്കാറുണ്ട്.

പൂർണ്ണമായും തടികൊണ്ട് നിർമ്മിച്ചത് എന്നതാണ് ഈ ക്ഷേത്രത്തെ സംബന്ധിച്ചുള്ള അത്ഭുതകരമായ വസ്തുത. ഗോപുരത്തിന്റെ ഉയരം, ഒരിടത്തും ഇരുമ്പുകൊണ്ടുള്ള ആണി ഉപയോഗിച്ചിട്ടില്ല എന്നതൊക്കെ ആ അത്ഭുതത്തിന്റെ വ്യാപ്തി കൂട്ടുന്നു. തായ്‌ലൻഡിൽ കൃസലെ എന്ന പേരിൽ പ്രശസ്തനായ ലേക്ക് വിരിയാഫെൻ എന്ന കോടീശ്വരനാണ് തായ് സംസ്കാരത്തിന്റെ പ്രതിഫലനം എന്ന രീതിയിൽ ഈ ക്ഷേത്രം നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയത്. 33 വർഷങ്ങൾ കൊണ്ട് 100 കണക്കിന് തച്ചന്മാർ ചേർന്നാണ് ക്ഷേത്രം ഇത്രയും പണിതിരിക്കുന്നത്. ഇത്തരം നിർമ്മിതികൾക്കായി കോടികൾ ചെലവഴിച്ചതിലൂടെ ‘എക്സ്എൻട്രിക് ബിസിനസ് മാൻ’ എന്ന അപരനാമവും അദ്ദേഹത്തിന് കൈവന്നു. സാങ്ച്വറി ഓഫ് ട്രൂത്ത് എന്ന തന്റെ വലിയ സ്വപ്നം പൂർണതയിൽ എത്തി കാണാൻ അദ്ദേഹത്തിനായില്ല. 2000 നവംബർ 17ന് 86 വയസിൽ അദ്ദേഹം അന്തരിച്ചു. പക്ഷേ, ക്ഷേത്രം ഏതു രീതിയിൽ വേണമെന്നും അതിലൂടെ പ്രചരിപ്പിക്കേണ്ട ആശയം എന്താണെന്നും സംബന്ധിച്ച് വ്യക്തമായ മാർഗരേഖകൾ അദ്ദേഹം പിൻഗാമികൾക്ക് നൽകിയിരുന്നു. രേഖാമൂലമുള്ള ആ നിർദേശങ്ങൾ ആസ്പദമാക്കി തന്നെയാണ് ഇപ്പോഴും ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്. ക്ഷേത്രത്തിന്റെ നാല് ദിക്കിലും ഓരോ ഗോപുരങ്ങൾ ഉണ്ട് ഹൈന്ദവ ബുദ്ധ പാരമ്പര്യങ്ങളിലൂടെ തായ് സംസ്കാരം ദൃഢമാക്കാൻ കാരണമായ ഇന്ത്യൻ, ചൈനീസ്, കമ്പോഡിയൻ സംസ്കാരങ്ങളുടെ പ്രതീകങ്ങളുമാണ് മൂന്ന് ഗോപുരങ്ങൾ, നാലാമത്തതാകട്ടെ തായ്‌ലന്റിൽ ആദിമകാലം മുതൽ നിലനിന്ന തനത് സംസ്കാരത്തിന്റെ സൂചകമാണ്. നിര്‍മ്മാണം ഇവിടെ തുടർന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിന്റെ തറ മുതൽ തടി കൊണ്ട് തന്നെയാണ് പണിതുകൊണ്ടിരിക്കുന്നത്. ലോഹ ആണികൾ ഉപയോഗിക്കാതെ തടിയാണികൾ കൊണ്ട് തന്നെയാണ് മരക്കഷണങ്ങൾ ഇണക്കി ചേർക്കുന്നത്. മൂന്ന് ദശകത്തിലേറെയായി ഇടതടവില്ലാതെ തുടർന്നുവരുന്ന മരപ്പണികൾ. 21 വർഷം കൊണ്ടാണ് താജ്മഹൽ പൂർത്തിയായതെന്ന് അത്ഭുതത്തോടെ കേട്ടിരുന്നവരാണ് നമ്മൾ, എന്നാൽ ഈ ദാരു ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് വേണ്ടിവരുന്നത് 70 വർഷമാണ്. ഹൈന്ദവ ബുദ്ധ പുരാണങ്ങളിലെ നിരവധി കഥാപാത്രങ്ങൾ ഈ ശില്പങ്ങളിലുണ്ട്. കൂടാതെ, ചൈനയിലെയും ഇന്ത്യയിലെയും കമ്പോഡിയയിലെയും തായ്‌ലൻഡിലെയും ദേവതാരൂപങ്ങളും. ഇപ്പോഴും ഓരോ ദിവസവും കുറഞ്ഞത് 250 ശില്പികളെങ്കിലും സാങ്ച്വറി ഓഫ് ട്രൂത്തിനു വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്. ഏറ്റവും പൂർണതയോടെയാണ് ഓരോ ശിൽപ്പത്തിന്റെയും നിർമ്മാണം. രണ്ടാൾപൊക്കം വരെയുള്ള ശില്പങ്ങളുണ്ട് ക്ഷേത്രത്തിൽ. തായ്‌ലന്റിൽ നിന്നും മാത്രമല്ല കമ്പോഡിയയിൽ നിന്നും മ്യാൻമാരിൽ നിന്നുമാണ് ഈ ക്ഷേത്രനിർമ്മാണത്തിന് ആവശ്യമായ തടികൾ എത്തിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നൂറ്റാണ്ടുകളിൽ നിർമ്മാണത്തിലെ അത്ഭുതമാകാൻ പോകുന്ന മഹാക്ഷേത്രം തന്നെയാണ് സാങ്ച്വറി ഓഫ് ട്രൂത്ത്. അതിനായി പണിയെടുക്കുന്ന തൊഴിലാളികളെയും പണിരീതികളെയും നേരിൽ കാണാൻ കഴിഞ്ഞിരിക്കുന്നു. ഇവിടെ ഗോപുര കവാടത്തിന്റെ കമാനം പോലുള്ള ഒരു ഭാഗം കൂറ്റൻ തടിയിൽ കൊത്തിയെടുത്തതാണ്. നല്ല കനമുള്ള മര ഉരുപ്പടികൾ കൊണ്ടാണ് ക്ഷേത്രം ആകെ തന്നെ പണിതിരിക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് തടികൾ ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിച്ചു കഴിഞ്ഞു. ഗോപുരത്തിന്റെ മുകൾ നിലകളിലെല്ലാം നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. മഴയിൽ നിന്നും മഞ്ഞിൽ നിന്നും കടലിൽ നിന്ന് വീശിയടിക്കുന്ന ഉപ്പ് കാറ്റിൽ നിന്നും എല്ലാം ഈ മര ക്ഷേത്രത്തെ സംരക്ഷിച്ചു നിർത്താൻ ഇവർ എന്തു വിദ്യയാണ് പ്രയോഗിക്കുക എന്നതിൽ ആകാംക്ഷയുണ്ട്. കാരണം മഴയും വെയിലമെല്ലാം നേരിട്ടാണ് ഈ ശില്പങ്ങളിലേക്ക് പതിക്കുന്നത്. ശിലയിൽ നിന്ന് വ്യത്യസ്തമായി മരത്തിന് കാലത്തെ അതിജീവിക്കാനുള്ള കഴിവ് കുറവാണല്ലോ. ഓരോ ശില്പവും പൂർത്തിയായ ശേഷം ഇവിടെ സ്ഥാപിക്കുകയല്ല ചെയ്തിരിക്കുന്നത്. മിനുക്ക് പണികളും അലങ്കാര കൊത്തുപണികളും എല്ലാം നടത്തും മുൻപാണ് ശില്പങ്ങൾ സ്ഥാപിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഈ ശില്പങ്ങൾ ആകെ ഒന്ന് മിനുക്കിയെടുക്കുക. പുരാണങ്ങളിൽ നിന്നുള്ള കഥകൾ തന്നെ ഇവിടെ ശില്പങ്ങളായി പുനർ ജനിച്ചിട്ടുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഓരോ ഗോപുരത്തിന്റെയും മച്ചിലും തൂണിലും ഒക്കെയായി ആയിരക്കണക്കിന് ശില്പങ്ങൾ കണ്ടെത്താനാവും. ഗരുഡനും വിഷ്ണുവും ബ്രഹ്മാവും ശിവനും എല്ലാം ഉണ്ട് ശില്പങ്ങളിൽ, എത്രകണ്ടാലും തീരാത്തത്ര ശില്പങ്ങൾ. കൊമ്പനാനകൾ, അനേകം ദേവതകൾ, അതിബൃഹത്തായ ഒരു നിർമ്മിതി തന്നെയാണ് ഇത്. പരമ്പരാഗത രീതിയോടൊപ്പം ആധുനിക ഉപകരണങ്ങൾ കൂടി ഉപയോഗിച്ചാണ് ഖെമർ പാരമ്പര്യമുള്ള തച്ചന്മാർ ഈ ശില്പങ്ങൾ ഓരോന്നും മെനഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്. അസാമാന്യമായ കലാ വൈഭവമുള്ളവർ തന്നെയാണ് ഈ ശില്പങ്ങൾ ഓരോന്നും കൊത്തിയെടുക്കുന്നത്. മൂന്നും നാലും ശില്പികൾ ചേർന്ന് നാലുമാസത്തോളം ജോലി ചെയ്താണ് ഇതിലെ വലിയ ശില്പങ്ങൾ ഓരോന്നും നിർമ്മിച്ചെടുക്കുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണങ്ങൾക്കും ശേഷമാണ് ലേക്ക് വിരിയാഫെൻ എന്ന കോടീശ്വരൻ ഇത്തരം ഒരു മഹാക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചത്. 

ഇന്ത്യ ചൈന കമ്പോഡിയ തായ്‌ലൻഡ് എന്നിവിടങ്ങളിലെ പുരാണങ്ങളും തത്വശാസ്ത്രവും മുതൽ കലയും ശില്പ വിദ്യയും വരെ അദ്ദേഹം പഠന വിധേയമാക്കി. ഇപ്പോഴും ലേക്ക് നീക്കിവച്ച പണമാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നത്. കോൺക്രീറ്റ് ഇല്ല, ഉരുക്കും അലൂമിനിയവും ഒന്നുമില്ല, വെറും മരം മാത്രം. ഈ ഒരു പ്രത്യേകത തന്നെയാവും വരും നാളുകളിൽ സാങ്ച്വറി ഓഫ് ട്രൂത്തിനെ ഏറ്റവും പ്രശസ്തമാക്കുക. ഇതൊരു ബുദ്ധക്ഷേത്രം ആണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഒരു മതത്തിനും വേണ്ടിയല്ല, മറിച്ച് സംസ്കാരത്തിനും ദൈവ ചിന്തയുടെ വിഭിന്ന ഭാവങ്ങൾക്കും വേണ്ടിയാണ് ഇത് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ചിലയിടത്ത് ചൈനീസ് രീതിയിലുള്ള ചില ശില്പങ്ങൾ കാണുന്നു. കൊത്തുപണികളില്ലാത്ത ഒരു ഭാഗവും ഇല്ല. പരമ്പരാഗതമായ ഖെമർ വാസ്തുവിദ്യ ശൈലിയാണ് ക്ഷേത്രത്തിന്റെ പൂർണമായ രൂപരേഖക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അങ്കോർവാറ്റ് ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങൾ നിർമ്മിച്ച അത്ഭുതശേഷിയുള്ള ശില്പികളാണല്ലോ ഖെമറുകൾ. 35000 സ്ക്വയർഫീറ്റ് ആണ് ഈ മരകെട്ടിടത്തിന്റെ വിസ്തൃതി. ഒരു തൂൺ ആകട്ടെ, ഒരു ചുവരകട്ടെ, ജനാലയാകട്ടെ ഓരോന്നും കൊത്തുപണികളാൽ സമൃദ്ധമാണ്. പുരാണങ്ങളിലെ വലിയ കഥകൾ തന്നെ ഇവിടെ ശില്പങ്ങളായി പുനർ ജനിച്ചിരിക്കുന്നു. ഭാരതീയവും ഖെമര്‍ പാരമ്പര്യവും അനുസരിച്ചുള്ളതും ചൈനീസ് ഐതിഹ്യങ്ങൾ പ്രകാരമുള്ളതും തനത് തായ് പാരമ്പര്യമുള്ളതുമായ ശില്പങ്ങൾ. വലിയ ശില്പങ്ങൾ മാത്രമല്ല, ഓരോ ചുവരിലും പൗരാണികമായ സന്ദർഭങ്ങൾ ചെറു ശില്പങ്ങളായി ഇതൾ വിരിയുന്നു. അത്ഭുതത്തോടെ അല്ലാതെ ഇത് കണ്ട് നടക്കാൻ ആവില്ല. പരിചയ സമ്പന്നരായ ദാരു ശില്പികൾ മാത്രമാണ് ഈ ക്ഷേത്ര നിർമ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 250 തച്ചന്മാരും, പൂർത്തിയായി കഴിയുമ്പോൾ പൂർണത വന്നിട്ടില്ലെന്ന് തോന്നുന്നവ ഉടൻതന്നെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കാലാതിവർത്തിയായ ഒരു ക്ഷേത്രമെന്ന് ലക്ഷ്യമുള്ളതിനാൽ ഏറ്റവും പുർണതയോടെ മാത്രമാണ് നിർമ്മാണം. സാങ്ച്വറി ഓഫ് ട്രൂത്ത് പൂർത്തിയായി കഴിയുമ്പോൾ ചെറുതും വലുതുമായി ഒരുലക്ഷത്തിലേറെ ശില്പങ്ങളുണ്ടാകും ഇതിൽ. നൂറുകണക്കിന് ശില്പങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട ചുവരുകളും തൂണുകളുമാണ് ശ്രീകോവിലിന് ചുറ്റും. 

മുപ്പതു വർഷമായി പണി തുടരുന്ന കെട്ടിടം ഇനി പെട്ടെന്ന് തീർക്കാമെന്ന് ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയല്ല ഇവർ ചെയ്യുന്നത്, പൂർണതയോടെ വേണമെന്ന് കാര്യത്തിൽ നിർബന്ധമുണ്ട്. പൂർത്തിയായി കഴിയുമ്പോൾ ഒരു ലോകാത്ഭുതം തന്നെയായിരിക്കും സാങ്ച്വറി ഓഫ് ട്രൂത്ത് എന്ന കാര്യത്തിൽ തർക്കമില്ല. ആധുനിക ലോകത്ത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നിർമ്മിതി ആണല്ലോ ഇത്. ഇവിടെ ഒരു മൂലയ്ക്ക് ഏതാനും സ്ത്രീകൾ ഇരുന്ന് കൊത്തുപണികൾ നടത്തുന്നുണ്ട്. തട്ടമിട്ട പെൺകുട്ടികൾ വരെയിരുന്ന് ദേവതാ ശില്പങ്ങൾ കൊത്തിയെടുക്കുന്നുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. സംഗീതം കേട്ടുകൊണ്ട് അവർ അവരുടെ ജോലികൾ തുടരുന്നു. ഇത്രനേരം അത്ഭുതവും ആർദ്രവും കൊണ്ട് കണ്ട് നടന്നിരുന്ന ശില്പങ്ങൾ പെൺകുട്ടികളുടെ കൂടെ കര വിരുതിനാൽ ഉണ്ടായതാണ്. നമ്മുടെ നാട്ടിൽ ഇത്തരം ഒരു കെട്ടിടം നിർമ്മിക്കുന്നടുത്ത് എത്ര സ്ത്രീകളെ കാണാനാവും എന്ന് ചിന്തിക്കുക. സിമന്റ് കുഴച്ചു കൊടുക്കുക അത് ചുമന്നു കൊണ്ടു പോയി മേസ്തിരിക്ക് നൽകുക എന്ന് തുടങ്ങിയ ജോലികൾക്കപ്പുറം ഇങ്ങനെ കരവിരുതിനും സർഗ ശക്തിയും മേളിക്കുന്ന ഒരു മേഖലയിലേക്കും നമ്മുടെ നാട്ടിലെ സ്ത്രീ തൊഴിലാളികൾ വളർന്നിട്ടില്ല. ഇവിടെയാകട്ടെ പുരുഷന്മാർക്ക് ഒപ്പം ഇരുന്ന് ഈ മഹാക്ഷേത്രത്തിന്റെ നിർമ്മിതിയിൽ ശില്പികളായി പ്രധാന റോൾ വഹിക്കുകയാണ് സ്ത്രീകൾ. ഇത് കാണുമ്പോൾ തായ് ജനതയോട് എനിക്ക് ആദരവ് തോന്നിപ്പോവുകയാണ്.

കടൽ ഉള്ളിലേക്ക് കയറി കിടക്കുന്ന ഒരു മുനമ്പിലാണ് സാങ്ഞ്ച്വറി ഓഫ് ട്രൂത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഒത്ത മധ്യത്തിലാണ് ശ്രീകോവിൽ. ദാരു ശില്പങ്ങളുടെ ബാഹുല്യം അവിടെ കണ്ടറിയാം. മേൽക്കൂരകൾ അതി ഗംഭീരമായ പൂമച്ചുകൾ തന്നെയാണ്. അവിടെ ആകട്ടെ താഴേക്ക് നോക്കി നിൽക്കുന്ന വിധം അനേകം ശില്പങ്ങളും വ്യാളികളും ദേവതകളും മനുഷ്യരൂപങ്ങളും ചെടിയും പൂവും വള്ളിപ്പടർപ്പും മൃഗങ്ങളും എല്ലാമുണ്ട്. ഇവയിൽ പലതിന്റെയും ഫിനിഷിങ് ജോലികൾ പൂർത്തിയായിട്ടില്ല. താഴെവച്ച് ശില്പങ്ങളുടെ 75 ശതമാനം ജോലികൾ തീർത്താണ് അത് തൂണിലേക്കും ചുവരിലേക്കും എല്ലാം കയറ്റുന്നത്. ശേഷിക്കുന്ന 25ശതമാനം ജോലികൾ അവിടെ വച്ചാണ് പൂർത്തിയാക്കുന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ശില്പങ്ങളുടെയെല്ലാം മിനുക്ക് പണികൾക്ക് മാത്രമായി 250 ശില്പികൾ കുറഞ്ഞത് രണ്ടുവർഷമെങ്കിലും ജോലി ചെയ്യേണ്ടിവരും. ഏറ്റവും അവസാന ഘട്ടത്തിലേ ആ ജോലികളിലേക്ക് കടക്കുകയുള്ളൂ. നിർമ്മാണം തുടങ്ങി രണ്ട് ദശകങ്ങൾക്ക് ശേഷം തന്നെ ഇവിടെ ടൂറിസ്റ്റുകളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. നിർമ്മാണത്തിന് ആവശ്യമായ തുകയുടെ ചെറിയൊരു ഭാഗം ഇപ്പോൾ എൻട്രി ഫീസ് ഇനത്തിൽ പിരിഞ്ഞു കിട്ടുന്നുണ്ട്. സന്ദർശകരിലൂടെ നിർമ്മാണം പൂർത്തിയാകും മുൻപേ ഈ ക്ഷേത്രം ലോക പ്രശസ്തമാകും എന്നതാണ് മറ്റൊരു കാര്യം. സ്വകാര്യ ഉടമസ്ഥതയിലാണ് ക്ഷേത്രം നിർമ്മാണം നടക്കുന്നതെങ്കിലും തായ്‌ലൻഡ് ഗവൺമെന്റും സാംസ്കാരിക വകുപ്പും ടൂറിസം ഡിപ്പാർട്ട്മെന്റുമെല്ലാം ഇതിന് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. ഇത്രയേറെ ദാരുശില്പങ്ങളുടെ ബാഹുല്യം ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല. തോന്നും വിധം ശില്പങ്ങൾ നിർമ്മിച്ചു വെച്ചിരിക്കുകയല്ല, പൗരാണികമായ പിൻബലം അവയ്ക്ക് ഓരോന്നിനും ഉണ്ട്. നിർമ്മാണത്തിലാകട്ടെ പരമ്പരാഗതമായ അളവും മൂല്യങ്ങളും പിൻ തുടരുന്നുമുണ്ട്. ഇത്ര ബൃഹത്തായ ഒരു ദാരുമന്ദിരം പണിയാൻ പദ്ധതിയിടുമ്പോൾ അത് പൂർത്തിയാവാൻ 70 വർഷം എടുക്കുമെന്ന് തീരുമാനിച്ചത് തന്നെ ഒരു അത്ഭുതമാണ്. വരും തലമുറയ്ക്ക് അറിവ് പകർന്നു കൊടുക്കുന്ന ഒരു സങ്കേതം ആകണമെന്നാണ് സ്ഥാപകനായ ലേക്ക് ഇതേക്കുറിച്ച് ചിന്തിച്ചത്. ആധുനിക വിദ്യകൾ ഉപയോഗിച്ച് പെട്ടെന്ന് നിർമ്മിക്കുമ്പോൾ അതിന്റെ യഥാർത്ഥ മൂല്യം ചോർന്നുപോകാൻ സാധ്യതയുണ്ട്. ഓരോ ശില്പവും പൗരാണിക്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായിരിക്കണം, ഇത് പൂർത്തിയായി കാണാനുള്ള ആയുസ് തനിക്ക് ഉണ്ടാകില്ലെന്ന് ലേക്കിന് അറിയാമായിരുന്നു. പക്ഷേ ലേക്കിന്റെ സ്വപ്നം പോലെ കാലാതിവർത്തിയായ ഒരു മഹാക്ഷേത്രം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. ഇതിനേക്കാൾ കൂടുതൽ കൊത്തു പണികളും ശില്പങ്ങളും ഉള്ള ക്ഷേത്രങ്ങൾ നമ്മുടെ തമിഴ്നാട്ടിലൊക്കെ ഉണ്ടാകാം. അത് പക്ഷേ ശിലയിൽ തീർത്തതാണ്. ഇതാകട്ടെ പൂർണമായും മരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു സാധാരണ ബുദ്ധക്ഷേത്രത്തിന്റേതുപോലെയുള്ള ആചാരങ്ങളും ആരാധനയും ഒക്കെ ഇവിടെ നടക്കുന്നുണ്ട്, 2009ൽ ശ്രീബുദ്ധന്റെ ഭൗതിക അവശിഷ്ടം ഇവിടെ സ്ഥാപിച്ചത് മുതൽ തുടങ്ങിയതാണ് അത്. ഹൈന്ദവ ചൈനീസ് മതങ്ങളുടെ സ്വാധീനം ക്ഷേത്ര നിർമ്മാണത്തിനു ഉണ്ടെങ്കിലും ബുദ്ധമതത്തിന്റേതായ പൂജകൾ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഒരു ബുദ്ധക്ഷേത്രം എന്ന നിലയിലാണ് തായ് ജനത ഇതിനെ കണക്കാക്കി പോരുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.