21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

മദ്രസകള്‍ക്കായി കോടികള്‍ ചെലവിടുന്നെന്ന് സംഘ്പരിവാറിന്റെ വ്യാജപ്രചരണം വീണ്ടും

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
October 13, 2024 9:08 pm

കേരളത്തില്‍ മദ്രസകള്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുവെന്ന വ്യാജപ്രചരണം വീണ്ടും സജീവമാകുന്നു. മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി, പെരുപ്പിച്ച കണക്കുകളുമായാണ് വലിയ പ്രചരണം സംഘടിപ്പിക്കുന്നത്. 

തെറ്റായ വിവരങ്ങളും കണക്കുകളും ഉള്‍പ്പെടുത്തി, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ഒരു സന്ദേശമാണ് ഇന്നലെ വീണ്ടും പലരും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. മദ്രസകള്‍ക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വ്യാജപ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്. 

കേരളത്തില്‍ ഒരു മാസം മദ്രസ അധ്യാപകർക്കായി സര്‍ക്കാര്‍ ഖജനാവിൽ നിന്നും കൊടുക്കുന്നത് 511.70 കോടി രൂപയാണെന്നാണ് പ്രചരണം. മദ്രസ അധ്യാപകര്‍ക്ക് പ്രതിമാസം 25,000 രൂപ ശമ്പളമുണ്ടെന്നും മദ്രസ അധ്യാപകർക്കുള്ള പെൻഷൻതുക മാസം 120 കോടിയാണെന്നും എല്ലാം കൂടി പ്രതിവര്‍ഷം 7580 കോടി രൂപയിലധികമാണ് മദ്രസകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നുമാണ് പ്രചരിക്കപ്പെടുന്ന സന്ദേശത്തിലുള്ളത്. നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകളാണെന്ന് അവകാശപ്പെട്ടാണ് വ്യാജപ്രചരണം. 

2020 മുതല്‍ പല തവണ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ മാധ്യമങ്ങളുമെല്ലാം ഇതെല്ലാം തെറ്റായ കണക്കുകളാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും നിയമസഭയിലും പുറത്തും പലതവണ വ്യക്തമാക്കി. മദ്രസ അധ്യാപകര്‍ക്ക് പൊതുഖജനാവില്‍ നിന്നല്ല ശമ്പളം നല്‍കുന്നത്. അതത് മാനേജ്മെന്റുകളാണ്. മിക്കവാറും സ്ഥാപനങ്ങളില്‍, പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസില്‍ നിന്നാണ് ശമ്പളം നല്‍കുന്നതിനുള്ള തുക കണ്ടെത്തുന്നത്. 25,000 രൂപ മദ്രസ അധ്യാപകര്‍ക്ക് ശമ്പളമുണ്ടെന്നതും തെറ്റാണെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു. പലയിടങ്ങളിലും 12,000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുന്നത്.
മദ്രസ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയും മറ്റ് വിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി പോലെതന്നെയാണ്. സര്‍ക്കാരില്‍ നിന്ന് ഒരു അധികസഹായവും ലഭിക്കുന്നില്ല. മദ്രസ കമ്മിറ്റികളും അധ്യാപകരും തവണകളായി അടയ്ക്കുന്ന ക്ഷേമനിധിയില്‍ നിന്നാണ് പെന്‍ഷന്‍ നല്‍കുന്നത്. കേരളത്തില്‍ ഒരു മദ്രസയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്ന് വിവിധ മുസ്ലിം സംഘടനകളും വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നിട്ടും, സംസ്ഥാന സര്‍ക്കാരിനും മദ്രസകള്‍ക്കുമെതിരെ വീണ്ടും വ്യാജപ്രചരണങ്ങള്‍ തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.