22 January 2026, Thursday

Related news

January 7, 2026
December 31, 2025
December 27, 2025
December 26, 2025
December 24, 2025
December 16, 2025
November 30, 2025
November 26, 2025
November 23, 2025
November 21, 2025

സംഘ്പരിവാറിന്റെ അടുത്ത ലക്ഷ്യം രാജസ്ഥാനിലെ അജ്മീര്‍ പള്ളി

Janayugom Webdesk
ജയ്പൂര്‍
May 9, 2024 10:20 pm

അയോധ്യ, കാശി, മഥുര വിഷയങ്ങള്‍ ആളിക്കത്തിച്ച് രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിച്ച സംഘ്പരിവാര്‍ രാജസ്ഥാനിലെ അജ്മീര്‍ പള്ളിയെയും ലക്ഷ്യമിടുന്നു. അജ്മീറിലെ പ്രസിദ്ധമായ പള്ളിക്കടുത്ത അധെെ ദിന്‍ കാ ജോന്‍പ്രയില്‍ ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെന്നും പരിസരത്ത് കൂടുതല്‍ വിഗ്രഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടാകാമെന്നും അവ പുറത്തെടുക്കുന്നതിന് ഖനനം നടത്തണമെന്നും ജൈന സന്യാസി സുനില്‍ സാഗര്‍ ആവശ്യപ്പെട്ടു. അയോധ്യയിലും കാശിവിശ്വനാഥ ക്ഷേത്രത്തിലും മഥുരയിലും ഇതേ തന്ത്രമാണ് സംഘ്പരിവാര്‍ പ്രയോഗിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പാതിഘട്ടത്തിലെത്തി നില്‍ക്കെ വിഷയം ആളിക്കത്തിക്കാനും സംഘ്പരിവാര്‍ ശ്രമിച്ചേക്കും. അധെെ ദിന്‍ കാ ജോന്‍പ്ര നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) കീഴിലാണ്.

ഒരു സംഘം ജൈന സന്യാസിമാര്‍ക്കൊപ്പം സംഘ്പരിവാര്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം അജ്മീറിലെ മസ്ജിദ് പരിസരം സന്ദര്‍ശിച്ചത് വലിയ ചര്‍ച്ചയായി കഴിഞ്ഞു. സന്ദര്‍ശനത്തിന് ശേഷം അജ്മീറിലെ ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശം അവരുടെ പുതിയ നീക്കമായി വിലയിരുത്തുന്നു. മസ്ജിദിന്റെ പരിസരത്ത് മുമ്പ് സംസ്കൃത വിദ്യാലയവും ജൈന ക്ഷേത്രവും ഉണ്ടായിരുന്നെന്ന് സന്യാസിമാര്‍ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഈ ചരിത്ര സ്മാരകം അയോധ്യ, കാശി വിശ്വനാഥ ക്ഷേത്രം, മഥുര മാതൃകയില്‍ സംരക്ഷിക്കണമെന്നാണ് ബിജെപിക്കാര്‍ ആവശ്യപ്പെട്ടത്. 

തീര്‍ത്ഥങ്കരന്‍മാര്‍, ദേവതകള്‍ എന്നിവരുടെയും യക്ഷന്റെയോ ഗണപതിയുടെയോ സാമ്യമുള്ള വിഗ്രഹങ്ങളും മസ്ജിദില്‍ കണ്ടുവെന്നും താക്കോലില്ലാത്തതിനാല്‍ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ പ്രവേശിക്കാനായില്ലെന്നുമാണ് ആരോപണം. മുഗളന്‍മാരുടെ ഭരണകാലത്തായിരിക്കാം അധെെ ദിന്‍ കാ ജോന്‍പ്ര എന്ന് ഈ സ്മാരകത്തെ വിളിച്ചു തുടങ്ങിയത്. പഴയ നിര്‍മ്മിതികളെല്ലാം പുതുക്കിപ്പണിതത് അവരാണ്. 

സ്മാരകത്തില്‍ പണ്ട് കാന്തഭാരണ്‍ സംസ്കൃത വിദ്യാലയം നിലനിന്നിരുന്നെന്നും അത് പഴയ രീതിയിലാക്കി സംരക്ഷിക്കണമെന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നതായും അജ്മീര്‍ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ നീരജ് ജെയിന്‍ വ്യക്തമാക്കി. അജ്മീര്‍ വിഷയം ആളിക്കത്തിച്ച് ഭൂരിപക്ഷത്തിന്റെ വോട്ട് നേടാനുള്ള ബിജെപി-സംഘ്പരിവാര്‍ ശക്തികളുടെ നീക്കമായാണ് രാഷ്ട്രീയനിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

Eng­lish Summary:The Sangh Pari­var’s next tar­get is the Ajmer mosque in Rajasthan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.