സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കുന്നു. 2026–27 അധ്യയനവർഷം മുതലാണ് നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതനുസരിച്ച് അധ്യയനവർഷം ആരംഭിക്കുന്ന ജൂണിൽ ആറ് വയസ് പൂർത്തിയായിട്ടുള്ള കുട്ടിക്കാണ് പ്രവേശനം നൽകുന്നത്. ഈ അധ്യയനവർഷം (2025–26) കൂടി അഞ്ച് വയസുള്ള കുട്ടികളെ ഒന്നാംക്ലാസിൽ പ്രവേശിപ്പിക്കാം.
കേരളത്തിൽ സ്കൂൾ പ്രവേശനത്തിനുള്ള പ്രായം ഇപ്പോൾ അഞ്ച് വയസാണെങ്കിലും നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം നേടുന്നവരിൽ 52 ശതമാനം കുട്ടികൾ ആറ് വയസ് പൂർത്തിയായവരാണ്. 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലും 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിലും ഒന്നാംക്ലാസ് പ്രവേശനപ്രായം ആറ് വയസായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ളവയിൽ ഒന്നാംക്ലാസ് പ്രവേശനം ആറിലേക്ക് മാറ്റിയിരുന്നു. എന്നാൽ കേരളം അഞ്ചാം വയസിൽ ഒന്നാംക്ലാസ് പ്രവേശനം തുടരുകയായിരുന്നു.
സംസ്ഥാനത്ത് സിബിഎസ്ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്കൂളുകളിലും നിലവിൽ അഞ്ചാം വയസിലാണ് ഒന്നാംക്ലാസ് പ്രവേശനം. ഒന്നാംക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുന്ന സ്കൂളുകൾ കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2009ലെ വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷയോ ക്യാപ്പിറ്റേഷൻ ഫീസോ വാങ്ങുന്നത് ശിക്ഷാർഹമാണ്. ചില സ്കൂളുകൾ നിയമം കാറ്റിൽപ്പറത്തുന്നുണ്ട്. ഇവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.