ഏന്തയാർ ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ പരാധീനതകൾക്ക് വിട നൽകി പുതിയ കെട്ടിടം ഒരുക്കിയപ്പോൾ അവർ കാത്തിരുന്നത് അതിന് കാരണക്കാരനായ പൂർവവിദ്യാര്‍ത്ഥിയെ. പക്ഷേ, ആ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ അദ്ദേഹം മടങ്ങുമ്പോൾ ദുഃഖിതരാണ് അധ്യാപകരും വിദ്യാർത്ഥികളും.
പതിറ്റാണ്ടുകൾക്കുമുമ്പ് ഏന്തയാർ ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ പഠനം നടത്തിയ കാനം, തന്നെ കാണാനെത്തുന്ന കൂട്ടിക്കലുകാരോട് ഏന്തയാറിനെക്കുറിച്ചും സ്കൂളിനെക്കുറിച്ചുമെല്ലാം ചോദിച്ചറിയുക പതിവായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളിനോടുള്ള സ്നേഹം ഒരിക്കലും കുറഞ്ഞിരുന്നില്ല. ഒടുവിൽ, 2009 മാർച്ച് 29ന് നടന്ന 60-ാം സ്കൂൾ വാർഷികത്തിലും പങ്കെടുത്തിരുന്നു.
സ്കൂളിന്റെ ശോച്യാവസ്ഥ ഇപ്പോഴത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്റെ നേതൃത്വത്തിൽ സ്കൂൾ അധികാരികൾ കാനത്തിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ഉറപ്പായും പരിഹരിക്കാമെന്ന് പറഞ്ഞുപോയ കാനം അക്കാര്യം മറന്നില്ല. ബിനോയ് വിശ്വം എംപിയോട് സ്കൂളിന് ആവശ്യമായ ഫണ്ട് നൽകാൻ നിർദേശിച്ചു. അദ്ദേഹം പുതിയ സ്കൂൾ കെട്ടിടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടത്തിന്റെ നിർമ്മാണജോലികൾ അവസാനഘട്ടത്തിലാണ്. ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാമെന്നും കാനം സമ്മതിച്ചിരുന്നു.
കൂട്ടിക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിനുശേഷം കെട്ടിടം ഉദ്ഘാടനം നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാൽ അതിന് കാത്തു നിൽക്കാതെ കാനം മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.