
മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിലെ ഹുളികട്ടി ഗ്രാമത്തിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ശ്രീരാമസേന താലൂക്ക് പ്രസിഡന്റായ സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 14ന് ഈ സ്കൂളിലെ നിരവധി കുട്ടികൾ വെള്ളം കുടിച്ച് രോഗബാധിതരായതോടെയാണ് സംഭവം പുറത്തറിയുന്നത്. 7 മുതൽ 10 വയസ്സുവരെയുള്ള 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രധാനാധ്യാപകനായ സുലൈമാൻ ഗുരൈനായിക് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ 13 വർഷമായി സ്കൂളിലെ പ്രധാനാധ്യാപകനായ സുലൈമാൻ ഗുരൈനായികിനെ സ്ഥലം മാറ്റാനായിരുന്നു പ്രതികളുടെ ശ്രമം. ശ്രീരാമസേന പ്രസിഡന്റായ സാഗർ പാട്ടീലാണ് ഇതിന്റെ മുഖ്യ സൂത്രധാരൻ. കൃഷ്ണ മദാറാണ് വിഷക്കുപ്പി അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ കയ്യിൽ കൊടുത്തത്. ഒരു പാക്കറ്റ് ചിപ്‌സും ചോക്ലേറ്റും 500 രൂപയും നൽകിയാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതികൾ ഈ ഹീനകൃത്യത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിഷം കലക്കാൻ ഉപയോഗിച്ച കുപ്പി സ്കൂൾ അങ്കണത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.