26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ആമയിഴഞ്ചാന്‍ അപകടം; തെരച്ചില്‍ തുടരുന്നു

നാവിക സേനയുടെ മുങ്ങല്‍വിദഗ്ധരെത്തി
സ്വന്തം ലേഖിക
തിരുവനന്തപുരം
July 14, 2024 9:57 pm

തലസ്ഥാന നഗരത്തില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനായില്ല. രാത്രി ഏറെ വൈകിയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രീതിയില്‍ നടന്ന രക്ഷാപ്രവര്‍ത്തനം വിഫലമായി. ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് സംഘവും ദേശീയ ദുരന്തനിവാരണ സേനയും റോബോട്ടിന്റെ സഹായത്തോടെ നടത്തിയ അതിവിപുലമായ തിരച്ചിലിലും ഒരു സൂചനയും ലഭിച്ചില്ല. മാരായമുട്ടം സ്വദേശി ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായത്. റെയിൽവേയുടെ പരിധിയിലുള്ള തോടിന്റെ ഭാ​ഗം ശുചീകരിക്കാനായി കരാര്‍ നല്‍കിയ സംഘത്തിലെ തൊഴിലാളിയായിരുന്നു ജോയ്. പെട്ടെന്നുണ്ടായ മഴയില്‍ വെള്ളം ഒലിച്ചെത്തിയപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി വരെ ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് സംഘവും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് റോബോട്ടിന്റെ സഹായം തേടി. റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ മാന്‍ഹോളില്‍ റോബോട്ടിക് പരിശോധന രാത്രി തന്നെ നടത്തി. മാലിന്യം നിറഞ്ഞതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ സാധിച്ചില്ല. രാത്രി എൻഡിആർഎഫ് സംഘവും എത്തിയിരുന്നു. 

ഇന്ന് രാവിലെ മുതല്‍ എന്‍‍ഡിആര്‍ഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഫയര്‍ഫോഴ്സിന്റെ 12 അംഗ സ്കൂബ ഡൈവിങ് സംഘവും തിരച്ചിലിനുണ്ടായിരുന്നു. സ്കൂബ ഡൈവിങ് ടീമിന് പോകാൻ കഴിയാത്ത വിധത്തിൽ മാലിന്യം അടിഞ്ഞ് കിടക്കുന്നതിനാൽ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്ത് ജലത്തിന്റെ അളവ് വർധിപ്പിച്ചും തിരച്ചില്‍ നടത്തി. അതിനിടയില്‍, റോബോട്ടിനെ ഉപയോഗിച്ചുള്ള പരിശോധനയില്‍ മനുഷ്യശരീരത്തിന്റേതെന്ന് സംശയം തോന്നുന്ന ദൃശ്യം കണ്ടെത്തിയെങ്കിലും സ്കൂബ സംഘത്തിന്റെ തിരച്ചിലില്‍ അതല്ലെന്ന് സ്ഥിരീകരിച്ചു. നാവിക സേനയുടെ മുങ്ങല്‍വിദഗ്ധര്‍ കൊച്ചിയിൽ നിന്ന് രാത്രിയോടെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. സർക്കാർ നാവിക സേനയുടെ സഹായം തേടി കത്ത് നൽകുകയായിരുന്നു. 

രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കൽ സംഘത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരണം നിയോഗിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജോയിക്കായുള്ള തിരച്ചിലിൽ റെയിൽവേ അധികൃതർ കാണിക്കുന്ന നിസഹകരണ മനോഭാവം അവസാനിക്കാന്‍ അടിയന്തരനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. 

Eng­lish Sum­ma­ry: The search con­tin­ues for joy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.