25 December 2024, Wednesday
KSFE Galaxy Chits Banner 2

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ടം ഡിസംബർ 31ന് പൂർത്തിയാക്കും

Janayugom Webdesk
കോട്ടയം
November 24, 2024 10:22 am

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാംഘട്ടം വിജയകരമാക്കിയതുപോലെ രണ്ടാംഘട്ടവും വിജയമാക്കാനുള്ള ശ്രമങ്ങൾ ഊർജിമാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു. കോട്ടയം ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലാതല നിർവഹണ സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിദ്യാലങ്ങളും കലാലയങ്ങളും 100 ശതമാനം ഹരിതമാക്കാനും പെതുസ്ഥലങ്ങളുടെ സമ്പൂർണ ശുചീകരണം നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓഫീസുകൾ ഹരിത ഓഫീസുകളാക്കുന്നതിന് വകുപ്പുകൾ മുൻകൈയെടുക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ അവലോകനം യോഗം ഉടൻ ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2024 ഒക്ടോബർ രണ്ടിനാരംഭിച്ച ജനകീയ ക്യാമ്പയിൻ അഞ്ചുഘട്ടമായി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30ന് ആണു പൂർത്തിയാകുന്നത്.

ഒന്നാംഘട്ട പൂർത്തീകരണം നവംബർ ഒന്നിന് സാധ്യമായിരുന്നു. ഒന്നാംഘട്ടത്തിന്റെ ഭാഗമായി 578 ഹരിതവിദ്യാലയങ്ങളും, 31 ഹരിത കലാലയങ്ങളും, 2413 ഹരിത ഓഫീസുകളും, മൂന്നു ഹരിത വിനോദസഞ്ചാരകേന്ദ്രങ്ങളും, ഹരിത അയൽക്കൂട്ടങ്ങളും സാധ്യമാക്കി. ഒരു തദ്ദേശസ്ഥാപനത്തിൽ ഒന്ന് എന്ന നിലയിൽ 74 ടൗണുകളുടെ സൗന്ദര്യവൽക്കരണവും നടപ്പാക്കി. 49 ഇടങ്ങളിൽ പൊതുസ്ഥല ശുചീകരണവും സാധ്യമാക്കി. ഡിസംബർ 31ന് ക്യാമ്പയിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ 1092 വിദ്യാലയങ്ങളും, 106 കലായങ്ങളും ഇതിന്റെ ഭാഗമായി ഹരിതമായി പ്രഖ്യാപിക്കും. 25% വിനോദസഞ്ചാരകേന്ദ്രങ്ങളും, 6779 അയൽക്കൂങ്ങളും ഹരിതമാക്കും. ജനുവരി 26ന് മൂന്നാംഘട്ടം പൂർത്തിയാകുമ്പോൾ 5316 ഹരിതസ്ഥാപനങ്ങളും, മാർച്ച് എട്ടിന് നാലംഘട്ടം പൂർത്തിയാകുമ്പോൾ 16630 ഹരിതഅയൽക്കൂട്ടങ്ങളും, മാർച്ച് 30ന് അഞ്ചാംഘട്ടം പൂർത്തിയാകുമ്പോൾ 30 ഹരിതവിനോദസഞ്ചാരകേന്ദ്രങ്ങളും 100 ശതമാനം എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീർച്ചാലുകളുടെ ശുചീകരണത്തിനായി ഡിസംബറിൽ ഹരിതകേരളം മിഷന്റെ ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ മൂന്നാംഘട്ടം ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പാക്കിങ് പ്രോത്സാഹിപ്പിക്കൽ, കുട്ടികളുടെ ഹരിത സഭ, ഹരിത കെഎസ്ആർടിസി സ്റ്റേഷനുകൾ, റെയിൽവേയിലെ മാലിന്യസംസ്കരണം, വ്യപാരസ്ഥാപനങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ, വിപുലമായ പ്രചരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എല്ലാ ഏജൻസികൾക്കും റിസോഴ്സ് പേഴ്സൺസിനും പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണ നൽകുന്നതിനും ചുമതലകൾ നിർവഹിച്ചു നൽകുന്നതിനും ജില്ലാതലത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബർ 27,28 തിയതികളിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചാണ് നാലുബാച്ചുകളായി തിരിച്ചു ജില്ലാതല ശിൽപശാല. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ആര്യാ രാജൻ, അജിത രജീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് ഐസക്, അസിസ്റ്റന്റ് ഡയറക്ടർ ജി അനീസ്„ കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ ജോസ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി എ അമാനത്ത് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.