
ഏറെ കൊട്ടിഘോഷിക്കപ്പെട്ട് നടപ്പിലാക്കിയ രാജ്യത്തെ അര്‍ധചാലക (സെമികണ്ടക്ടര്‍) മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി. അസംബ്ലിങ്ങ്, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്ന വിദേശ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ മറുവശത്ത് വ്യവസായത്തിന് അത്യാവശ്യമായ പ്രത്യേക അസംസ്കൃത വസ്തുക്കള്‍ വലിയതോതില്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടെ സെമികണ്ടക്ടര്‍ രംഗത്തെ വികസനം ഇന്ത്യയ്ക്ക് മുന്നില്‍ വിദൂരലക്ഷ്യമായി മാറി.
76,000 കോടി ചെലവില്‍ 2021ലാണ് സെമികണ്ടക്ടര്‍ മിഷന്‍ ആരംഭിച്ചത്. 2025 മാര്‍ച്ച് മുതല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ‍്ടി) ഏര്‍പ്പെടുത്തിയ നിരവധി നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വ്യവസായ സ്ഥാപനങ്ങളുടെ സംഘടനകളായ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ), ഇലക്ട്രോണിക് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഇഎല്‍സിഐഎന്‍എ) എന്നിവ കേന്ദ്രത്തിന് കത്തെഴുതി. രാസ സംയുക്തങ്ങളുടെ മറവിലുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന് ജിഡിഎഫ‍്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണം മാറ്റണമെന്നാണ് ആവശ്യം. ഒരു ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണം അടങ്ങിയ സംയുക്തങ്ങളായ പ്ലാറ്റിനം, പല്ലേഡിയം, റോഡിയം, ഇറിഡിയം ലോഹസങ്കരങ്ങള്‍, കൊളോയ്ഡല്‍ ലോഹങ്ങള്‍, സംയുക്തങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് ജിഡിഎഫ‍്ടിയുടെ വിജ്ഞാപനങ്ങള്‍ നിയന്ത്രിക്കുന്നു.
ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ അനുമതിയോടെയും മറ്റുള്ളവര്‍ക്ക് ജിഡിഎഫ‍്ടിയുടെ അനുവാദത്തോടെയും മാത്രമേ ഈ ലോഹസങ്കരങ്ങള്‍ ഇറക്കുമതി ചെയ്യാനാകൂ. സെമികണ്ടക്ടര്‍ മിഷന്‍ 1.0 ഉദാരമായ സബ്സിഡികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിര്‍ണായകമായ അസംസ‍്കൃത വസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുന്നത് പ്രാദേശിക ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. ഗുണനിലവാര നിയന്ത്രണ ഉത്തരവുകളും തീരുവകളും വിതരണ ശൃംഖലയില്‍ തടസം സൃഷ്ടിക്കുന്നു. അതുപോലെ അസംബ്ലി യൂണിറ്റുകള്‍ നിര്‍മ്മാണ സൗകര്യങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇത്തരം നിയന്ത്രണങ്ങളുള്ളപ്പോള്‍ തന്നെ സെമികണ്ടക്ടര്‍ മിഷന്‍ 2.0 നിര്‍ദ്ദേശിക്കുന്നു.
വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളില്‍ സാധാരണയായി മൂന്ന് മുതല്‍ 70 ശതമാനം സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് ഇഎല്‍സിഐഎന്‍എയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. അതുപോലെ ഒരു ശതമാനത്തിന് താഴെ സ്വര്‍ണം അടങ്ങിയ ലോഹസങ്കരങ്ങളുടെ ഇറക്കുമതി സ്വതന്ത്രമായി അനുവദനീയമാണെന്നും ചൂണ്ടിക്കാട്ടി. ഏകദേശം രണ്ട് ഡസന്‍ നിര്‍ണായക അസംസ്കൃത വസ്തുക്കള്‍ക്ക് ഇറക്കുമതി നിയന്ത്രണമുണ്ടെന്നും നേര്‍ത്ത അര്‍ധചാലകങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചിപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും പാക്കിങ്ങിനും ആവശ്യമായ സോള്‍ഡര്‍ പേസ്റ്റ്, എപ്പോക‍്സി സംയുക്തങ്ങള്‍, ലെഡ് ഫ്രെയിമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും ഇതില്‍ പലതിനും ഉയര്‍ന്ന ഇറക്കുമതി തീരുവ ബാധകമാണെന്നും ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സംയുക്തവും സമഗ്രവുമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.