20 June 2024, Thursday

Related news

June 15, 2024
September 12, 2022
June 20, 2022
June 19, 2022
June 18, 2022
June 18, 2022
June 18, 2022
June 16, 2022
June 16, 2022

സേവന കാലയളവ് ഉയര്‍ത്തും; അഗ്നിപഥ് പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍ ഒരുങ്ങുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
June 15, 2024 7:53 pm

സേവന കാലയളവ് എട്ടുവര്‍ഷമാക്കുന്നതും 25 ശതമാനത്തിന് പകരം 60–70 ശതമാനം പേര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നതുമായ മാറ്റങ്ങളോടെ അഗ്നിപഥ് പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍ വരുമെന്ന് സൂചന. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് കാരണമായ പദ്ധതികളിലൊന്നായിരുന്നു അഗ്നിപഥ്. എന്‍ഡിഎ സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡും ലോക് ജനശക്തി പാര്‍ട്ടിയും ആക്ഷേപം ഉന്നയിച്ചതും അഗ്നിപഥ് പദ്ധതി പരിഷ്കരിക്കുന്നതിനുള്ള കേന്ദ്രം തീരുമാനത്തിന്റെ പിന്നിലുണ്ട്. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ പദ്ധതിയില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ അഗ്നിപഥ് പദ്ധതിയുടെ അവലോകനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാനവിഷയങ്ങളിലൊന്നായിരുന്നു അഗ്നിപഥ്. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് പദ്ധതി ഗുണം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുവാക്കളുടെ വോട്ട് അവര്‍ക്ക് ലഭിച്ചെന്നാണ് വിലയിരുത്തല്‍. അഗ്നിവീറായി ജോലി ലഭിച്ച പലരുടെയും കല്യാണം പോലും നടക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ജോലി സ്ഥിരതയും വേണ്ടത്ര ആനുകൂല്യങ്ങളുമില്ലാത്തതിനാല്‍ യുവതികള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും ആക്ഷേപങ്ങളും അവലോകനം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 10 മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരടങ്ങുന്ന സംഘത്തെ നിയമിച്ചിരുന്നു, അഗ്നിവീറുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ചാണ് സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. നാല് കൊല്ലത്തേക്ക് നിയമനം നല്‍കുന്ന അഗ്നിവീറുകളുടെ റിക്രൂട്ട്മെന്റ് നടപടി മെച്ചപ്പെടുത്തണമെന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശീലന കാലയളവ് ഒമ്പത് മാസമാക്കി ഉയര്‍ത്തുന്നതും പരിഗണനയിലുണ്ട്. 

Eng­lish Summary:The ser­vice peri­od will be extend­ed; Major changes are being pre­pared in the Agneepath project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.