റഷ്യ, ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സൈനിക കേന്ദ്രീകരണവും അതേ തുടര്‍ന്നുള്ള രാഷ്ട്രാന്തര നയതന്ത്ര ചര്‍ച്ചകളും വീണ്ടും യൂറോപ്പും ലോകവും മറ്റൊരു ശീതയുദ്ധത്തിന്റെ കരിനിഴലിലേക്കാണോ നീങ്ങുന്നതെന്ന ആശങ്ക ജനിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെയും അതേതുടര്‍ന്നുള്ള സാമ്പത്തിക സ്തംഭനത്തിന്റെയും പിടിയില്‍ നിന്നും ഇനിയും മുക്തമായിട്ടില്ലെന്നത് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ലോകമെമ്പാടും സമാധാന കാംക്ഷികളെ ഉല്‍ക്കണ്ഠാകുലരാക്കുന്നു. സോവിയറ്റ് യൂണിയന്റെ ശൈഥില്യത്തെ തുടര്‍ന്ന് റഷ്യക്കും ഉക്രെയ്‌നിനും ഇടയില്‍ വളര്‍ന്നുവന്ന വഷളായ അയല്‍ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള യുഎസിന്റെയും നാറ്റോ സഖ്യരാഷ്ട്രങ്ങളുടെയും ശ്രമങ്ങളാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിലേക്ക് യൂറോപ്പിനെ നയിക്കുന്നത്. ഉക്രെയ്‌ന്റെ കിഴക്കു-വടക്ക് മേഖലകളില്‍ ജീവിക്കുന്ന റഷ്യക്കാരുടെ സ്വയംഭരണാവകാശം ആ രാജ്യത്ത് സ്വാഭാവികമായും ആഭ്യന്തര സംഘര്‍ഷത്തിന്റെ രൂപം കൈവരിച്ചിട്ടുണ്ട്. സോവിയറ്റ് കാലഘട്ടത്തില്‍തന്നെ ചരിത്രപരമായ വംശീയ കാരണങ്ങളാല്‍ അത്തരം സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സോവിയറ്റ് കാലഘട്ടത്തില്‍ അത് നിയന്ത്രണം വിട്ട് പൊട്ടിത്തെറിയിലേക്ക് നീങ്ങാന്‍ അനുവദിച്ചിരുന്നില്ല. അവയ്ക്ക് പരിഹാരമെന്നോണം റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകളില്‍ സ്വയം ഭരണാവകാശം നല്കാന്‍ മിന്‍സ്ക് ഉടമ്പടിയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ ഉടമ്പടി നടപ്പാക്കാന്‍ ഉക്രെയ്‌നിലെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ ഭരണകൂടം വിസമ്മതിക്കുന്നത് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരിക്കുന്നു. അവ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം മേഖലയില്‍ ഇടപെടാനുള്ള അവസരമാക്കി മാറ്റാനാണ് യുഎസും നാറ്റോയും ശ്രമിക്കുന്നത്. സോവിയറ്റ് തകര്‍ച്ചയെ തുടര്‍ന്ന് വിഭവസ്രോതസുകള്‍ വരണ്ടു തുടങ്ങിയ ഉക്രെയ്‌നിലെ വലതുപക്ഷ ഭരണകൂടം പാശ്ചാത്യ രാജ്യങ്ങളുടെ സഹായം നേടിയെടുക്കാനുള്ള അവസരമായും ഇതിനെ കാണുന്നു. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും, വിശിഷ്യ ജര്‍മ്മനി, തങ്ങളുടെ ഇന്ധന ആവശ്യങ്ങള്‍ക്ക് താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗമായാണ് റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതകത്തെ കാണുന്നത്.
സൈബീരിയയില്‍ നിന്നുള്ള ഒരു വാതക പൈപ്പ് ലൈന്‍ സോവിയറ്റ് കാലഘട്ടത്തില്‍ തന്നെ പശ്ചിമ യൂറോപ്പിലേക്ക് നിര്‍മ്മിച്ചിരുന്നു. രണ്ടാമത് ഒരു പൈപ്പ് ലൈനിന്റെ നിര്‍മ്മാണം ജര്‍മ്മനിയിലേക്ക് റഷ്യ കഴിഞ്ഞ വര്‍ഷാന്ത്യം പൂര്‍ത്തിയാക്കി. ഉക്രെയ്നെ ഒഴിവാക്കി ബാള്‍ട്ടിക് സമുദ്രത്തിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ യുഎസ് ശക്തമായി എതിര്‍ത്തിരുന്നു. പൈപ്പ് ലൈന്‍ ഉക്രെയ്‌ന്‍ വഴി കടന്നുപോകുന്നത് വിഭവദാരിദ്ര്യം നേരിടുന്ന ആ രാജ്യത്തിന് അധിക വരുമാനം ആകുമായിരുന്നു. അതിലുപരി, യൂറോപ്പിലെ ലാഭകരമായ വിപണി നഷ്ടമാകുന്നത് യുഎസിനെയും അവരുടെ എണ്ണ‑വാതക കുത്തകകളെയും തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്. സോവിയറ്റ് സ്വാധീനത്തിലായിരുന്ന കിഴക്കന്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഇപ്പോള്‍ നാറ്റോ അംഗങ്ങളും യുഎസ് ആശ്രിതത്വത്തിലുമാണ്. ആ രാജ്യങ്ങളില്‍ എല്ലാം തന്നെ യുഎസ് സൈന്യങ്ങളും സന്നാഹങ്ങളും നിലവിലുണ്ട്. യുഎസിന്റെയും നാറ്റോയുടെയും സാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ തങ്ങളെ സൈനികമായി വളയുന്നതിന് തുല്യമായാണ് റഷ്യ കാണുന്നത്. അതിനുപുറമെയാണ് ഉക്രെയ്‌ന് അംഗത്വം നല്കാനുള്ള നാറ്റോ ശ്രമം. അത് ഫലത്തില്‍ യുഎസ്-നാറ്റോ സൈനിക സന്നാഹത്തെ തങ്ങളുടെ പടിവാതില്‍ക്കല്‍ എത്തിക്കുമെന്ന് റഷ്യ ന്യായമായും ഭയപ്പെടുന്നു. റഷ്യയുടെയും ഉക്രെയ്‌ന്റെയും ഉഭയകക്ഷി പ്രശ്നങ്ങളെക്കാള്‍ യുഎസ്-നാറ്റോ സൈനിക താല്പര്യവും യുഎസ് എണ്ണക്കമ്പനികളുടെ ലാഭക്കൊതിയുമാണ് യൂറോപ്പിനെ ശീതയുദ്ധത്തിന്റെ നിഴലിലാക്കുന്നത്. യുദ്ധം ഒഴിവാക്കാനും സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര ചര്‍ച്ചകളിലൂടെ കഴിയുമെന്ന അഭിപ്രായക്കാരാണ് ജര്‍മ്മനിയടക്കം പല നാറ്റോ സഖ്യരാഷ്ട്രങ്ങളും. അതാണ് യൂറോപ്പില്‍ സമാധാനം നിലനിര്‍ത്താനും സാമ്പത്തിക നിലനില്പിനും വളര്‍ച്ചയ്ക്കും ഉത്തമമെന്ന് അവര്‍ തിരിച്ചറിയുന്നു. എന്നാല്‍ എണ്ണ കുത്തകകളുടെയും യുദ്ധക്കച്ചവടക്കാരുടെയും താല്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന യുഎസ് ഭരണകൂടത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരേ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. യുദ്ധങ്ങളുടെയും ശീതയുദ്ധങ്ങളുടെയും കെടുതികള്‍ ഏറെ അനുഭവിക്കേണ്ടിവന്ന യുറോപ്യന്‍ ജനതയുടെ യാഥാര്‍ത്ഥ്യബോധമായിരിക്കും പ്രശ്നപരിഹാരവും സമാധാന അന്തരീക്ഷവും നിര്‍ണയിക്കുക.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.