23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026

ഗാസയിലെ സ്ഥിതി വഷളാകുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Webdesk
ഗാസ സിറ്റി
December 5, 2023 10:27 pm

ഇസ്രയേല്‍ ബോംബാക്രമണം ശക്തമാക്കിയതിനാല്‍ മണിക്കൂറുകള്‍ കഴിയുന്തോറും ഗാസയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. തെ­ക്കൻ പ്രദേശങ്ങളിലും ഖാൻ യൂനിസിലും റാഫയിലും ആക്രമണം അയവില്ലാതെ തുടരുകയാണ്. ഗാസയിൽ എത്തിച്ചേരുന്ന മാനുഷിക സഹായം വളരെ കുറവാണ്. തെക്കന്‍ ഗാസയിലേക്കുള്ള പലായനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ ആരോഗ്യ, ശുചിത്വ സംവിധാനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും ഗാസയിലെ ലോകാരോഗ്യ സംഘടന പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന മാനുഷിക ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ തെക്കന്‍ ഗാസയും വിട്ടുപോകണമെന്നാണ് ഇസ്രയേലിന്റെ നിര്‍ദേശം. ഒക്ടോബര്‍ 13 മുതല്‍ വടക്കന്‍ ഗാസയില്‍ നിന്ന് ഏകദേശം 10 ലക്ഷം പലസ്തീനികളാണ് തെക്കന്‍ ഗാസയിലേക്ക് നീങ്ങിയത്.
15,500 പലസ്തീനികളാണ് വടക്കന്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ മാനുഷിക ഏജന്‍സിയായ ഒസിഎച്ച്എയുടെ കണക്കുകള്‍ പ്രകാരം കുടിയിറക്കപ്പെട്ട 9,58,000 പലസ്തീനികള്‍ 99 യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 70 കേന്ദ്രങ്ങള്‍ തെക്കന്‍ നഗരങ്ങളായ റാഫയിലും ഖാന്‍ യൂനുസിലുമാണ് സ്ഥിതി ചെയ്യുന്നത്. 

1,91,000 പേര്‍ അനൗദ്യോഗിക അഭയകേന്ദ്രങ്ങളായ 124 പൊതു സ്കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍, കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍ എന്നിവയില്‍ താമസിക്കുന്നുവെന്നാണ് കണക്കുകള്‍. ബാക്കിയുള്ളവര്‍ ഒസിഎച്ച്എയിലും അഭയം തേടിയിട്ടുണ്ട്. യുഎന്‍അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ജ­നങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്നും ശുചിത്വമില്ലായ്മ കാരണം ഹെപറ്റൈറ്റിസ് എ പോലുള്ള അണുബാധകള്‍ കൂടുന്നുവെന്നും ഒസിഎച്ച്എ റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിനിര്‍ത്തലിന് ശേഷം ഇസ്രയേല്‍ ലക്ഷ്യം വച്ചിരിക്കുന്നത് ഖാന്‍ യൂനിസാണ്. 4,30,000 പേര്‍ അധിവസിക്കുന്ന മുനമ്പിനെ അപകടകരമായ പോരാട്ട മേഖലയെന്നാണ് ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത്. ഞായറാഴ്ച ഖാന്‍ യൂനിസില്‍ അടിയന്തര പലായനത്തിന് ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. റാഫയിലേക്ക് പോകാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, തെക്കന്‍ ഗാസയിലെ മെഡിക്കല്‍ വെയര്‍ഹൗസ് ഒഴിയാന്‍ ഇസ്രയേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ട്രെഡോസ് അഥാനോം ഗെബ്രിയോസ് പറഞ്ഞു. നാല് മണിക്കൂറിനുള്ളില്‍ തെ­ക്കന്‍ ഗാസയിലെ വെയര്‍ഹൗസില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യണം, കരയുദ്ധം ആരംഭിക്കാന്‍ പോകുകയാണ്, ഐ­ഡിഎഫ് ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചതായി ട്രെഡോസ് എക്സില്‍ കുറിച്ചു.

Eng­lish Summary:The sit­u­a­tion in Gaza is wors­en­ing; World Health Orga­ni­za­tion with warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.