23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024

‘തല’യടിച്ചു, ഓസീസിന് ആറാം ലോകകിരീടം

കണ്ണീരണിഞ്ഞ് ഇന്ത്യന്‍ ആരാധകര്‍
Janayugom Webdesk
അഹമ്മദാബാദ്
November 19, 2023 9:50 pm

ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ ആരാധകരുടെ കണ്ണീരിനു മുമ്പില്‍ ഓസ്ട്രേലിയ ആറാം ഏകദിന ക്രിക്കറ്റ് ലോകകിരീടമുയര്‍ത്തി. ഫൈനലില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ വമ്പന്‍ വിജയം തന്നെ കംഗാരുപട നേടിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. സെ‍ഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയം അനായാസമാക്കിയത്. 127 പന്തില്‍ 130 റണ്‍സെടുത്തു.

ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. ബുംറയുടെ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ചാണ് ഓസീസ് തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ വാര്‍ണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറണ്‍സെടുത്ത വാര്‍ണര്‍ സ്ലിപ്പില്‍ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. ആദ്യ നാലോവറില്‍ ഓസീസ് 41 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ മടക്കി ബുംറ വമ്പന്‍ തിരിച്ചുവരവ് നടത്തി. 15 പന്തില്‍ 15 റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കുകയും ചെയ്തു. ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍ അവിടെ നിന്ന് ഒന്നിച്ച ഹെഡ്-മാര്‍നസ് ലാബുഷെയ്ന്‍ സഖ്യം ഓസീസിന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം ബാക്കി നില്‍ക്കെയാണ് ഹെഡ് മടങ്ങിയത്. 58 റണ്‍സുമായി ലാബുഷെയ്ന്‍ പുറത്താകാതെ നിന്നു.

അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയും മാത്രമാണ് ഇന്ത്യക്ക് വേണ്ടി പൊരുതിയത്. 66 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോലി 54 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. ഏഴ് പന്തിൽ നാല് റൺസാണ് താരത്തിന്റെ സംഭാവന. എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി മെല്ലെ തുടങ്ങിയെങ്കിലും രോഹിത് മറുവശത്ത് തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ സ്കോറിങ് അതിവേഗത്തിലായി. ഏഴാം ഓവറില്‍ 50 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലിയും ടോപ് ഗിയറിലായതോടെ ഓസീസ് വിരണ്ടു. എന്നാല്‍ ഫൈനലില്‍ ഓസീസ് ശൗര്യം കാട്ടുന്ന പതിവ് ഫീല്‍ഡില്‍ ഇത്തവണയും അവര്‍ തെറ്റിച്ചില്ല. ബൗണ്ടറിയെന്നുറച്ച ഷോട്ടുകള്‍ പലതവണ പറന്നു പിടിച്ച ഫീല്‍ഡര്‍മാര്‍ 20 റണ്‍സെങ്കിലും ആദ്യ പത്തോവറില്‍ തടുത്തിട്ടു. ഹേസല്‍വുഡും സ്റ്റാര്‍ക്കും അടി വാങ്ങിയിതോടെ പവര്‍ പ്ലേയില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ രംഗത്തിറക്കാന്‍ കമ്മിന്‍സ് നിര്‍ബന്ധിതനായി.

എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76‑ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്കോര്‍ 100 കടത്തി. ആദ്യ ബൗണ്ടറി നേടാന്‍ രാഹുല്‍ നേരിട്ടത് 60 പന്തുകളായിരുന്നു. എങ്കിലും ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതിനിടെ അര്‍ധസെഞ്ചുറി തികച്ച കോലിയെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി.

63 പന്തില്‍ നാല് ബൗണ്ടറി സഹിതം 53 റണ്‍സെടുത്ത് കോലി മടങ്ങിയതോടെ രവീന്ദ്ര ജഡേജയാണ് പിന്നീട് ക്രീസിലെത്തിയത്. 86 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിനൊപ്പം പിടിച്ചു നില്‍ക്കാന്‍ നോക്കിയ ജഡേജയെ(9) ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 178–5ലേക്ക് വീണു. എന്നാല്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയെങ്കിലും 42-ാം ഓവറില്‍ രാഹുലിനെ(66) സ്റ്റാര്‍ക്ക് മടക്കിയതോടെ 250 കടക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. പതിവു ശൈലിയിൽനിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നി കളിച്ച സൂര്യകുമാർ യാദവിന് പക്ഷേ ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 28 പന്തിൽ പന്തില്‍ 18 റൺസ് നേടിയ സൂര്യകുമാർ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നൽകി മടങ്ങി. കുൽദീപ് യാദവിനും (10) മുഹമ്മദ് സിറാജിനും (9) കാര്യമായി ഒന്നും ചെയ്യാനായില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

Eng­lish Sum­ma­ry: the sixth world title for the Aussies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.