
മൊബൈൽ ഫോണിൽ പാട്ട് ഉച്ചത്തിൽ വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വടക്കൻ ബംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ടോയ്‌ലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് പ്രതി ഭാര്യയുടെ നേർക്ക് ഒഴിച്ചത്. സംഭവത്തിൽ ബാഗലഗുണ്ടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെയ് 19‑നാണ് ക്രൂരമായ ആക്രമണം നടന്നത്. സിഡെദഹള്ളിയിലെ എൻഎംഎച്ച് റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് യുവതിയും ഭർത്താവും താമസിച്ചിരുന്നത്. മെയ് 19‑ന് രാത്രി യുവാവ് മദ്യം വാങ്ങാൻ ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാത്തതിനെ തുടർന്ന് പ്രതി ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട്, പണം കൈക്കലാക്കിയ ശേഷം രാത്രി 11.30-ഓടെ മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ പ്രതി മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ വെക്കാൻ തുടങ്ങി. പാട്ടിന്റെ ശബ്ദം അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലാക്കിയ യുവതി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായപ്പോൾ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് പ്രതി ഭാര്യയുടെ തലയിലും മുഖത്തും ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതി ദാസറഹള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് മൊഴിയെടുത്ത പൊലീസ് യുവതിയിൽ നിന്ന് പരാതി എഴുതി വാങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കുവേണ്ടി ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.