കായികാരവങ്ങള്‍ക്ക് കാതോര്‍ത്ത് ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസിന് നാളെ തുടക്കം. 38 ടീമുകളിലായി പതിനായിരത്തോളം കായികതാരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കുന്ന 18 ദിവസത്തെ കായികമാമാങ്കത്തിന്റെ ഉദ്ഘാടനം രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും.
ഡെറാഡൂൺ പ്രധാന വേദിയായി ഉത്തരാഖണ്ഡിലെ ഏഴ് നഗരങ്ങളിലായാണ് ഇത്തവണ ഗെയിംസ് നടക്കുന്നത്. ആകെ 36 ഇനങ്ങളിലാണ് മത്സരം. 32 കായിക ഇനങ്ങൾക്കൊപ്പം നാല് പ്രദർശന ഇനങ്ങളുമുണ്ടാകും. കളരിപ്പയറ്റ്, യോഗാസന, മല്ലക്കാമ്പ്, റാഫ്‌റ്റിങ് എന്നിവയാണ് ഇതിലുൾപ്പെടുക. ഹരിദ്വാർ, നൈനിറ്റാൾ, ഹൽദ്വാനി, രുദ്രപൂർ, ശിവപുരി, ന്യൂ തെഹ്‌രി എന്നിവയാണ് മറ്റ് വേദികള്‍. ഉത്തരാഖണ്ഡിലെ സംസ്ഥാന പക്ഷിയായ ‘മോണാലിൽ’ നിന്നും പ്രചോദനം ഉൾക്കൊണ്ട ‘മൗലി’ ആണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം. ട്രയാത്തലണ്‍, ബീച്ച് ഹാന്‍ഡ്ബോള്‍ മത്സരങ്ങള്‍ക്ക് കഴിഞ്ഞദിവസം തുടക്കമായിരുന്നു.
ഒളിമ്പിക്‌സിലെ പ്രധാന കായിക ഇനമായ ഷൂട്ടിങ് ഒഴികെ മറ്റ് ഇനങ്ങളിലെ മുൻനിര താരങ്ങൾ പല കാരണങ്ങളാൽ ദേശീയ ഗെയിംസ് ഒഴിവാക്കുന്ന പ്രവണതയുണ്ട്. കഴിഞ്ഞ വർഷം പാരീസ് ഗെയിംസിൽ പങ്കെടുത്ത എല്ലാ ഷൂട്ടർമാരും, ഇരട്ട മെഡൽ ജേതാക്കളായ മനു ഭാക്കറും ഇഷ സിങ്ങും ഒഴികെ, ദേശീയ ഗെയിംസിൽ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വപ്നിൽ കുസാലെ, സരബ്‌ജോത് സിങ്, വിജയ് കുമാർ എന്നിവർ ഒളിമ്പിക് മെഡൽ ജേതാക്കളിൽ ഉൾപ്പെടും, മുൻ എയർ റൈഫിൾ ലോക ചാമ്പ്യൻ രുദ്രാങ്ക്ഷ് ബാലാസാഹേബ് പാട്ടീൽ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കും. മൊത്തത്തിൽ, 364 ഷൂട്ടർമാർ ദേശീയ ഗെയിംസിൽ 29 ടീമുകളെ പ്രതിനിധീകരിക്കും, ഇത് ഷൂട്ടിങ്ങിനെ ഗെയിംസിന്റെ പ്രധാന ആകർഷണമാക്കി മാറ്റുന്നു.
ലോക ചാമ്പ്യനും ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവുമായ ബോക്‌സര്‍ ലോവ്‌ലിന ബോർഗോഹെയ്‌നും 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡ് ഉടമ ജ്യോതി യർരാജിയും ഗെയിംസിൽ മത്സരിക്കുന്ന മറ്റ് പ്രമുഖരാണ്. അതേസമയം ഇരട്ട ഒളിമ്പിക്-മെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പെടെയുള്ള മുൻനിര ട്രാക്ക് ആന്റ് ഫീൽഡ് അത്‌ലറ്റുകൾക്ക് ഗെയിംസ് നഷ്‌ടമാകും. ഗോവയില്‍ നടന്ന 37-ാമത് ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രയായിരുന്നു ചാമ്പ്യന്മാര്‍. 80 സ്വര്‍ണം, 69 വെള്ളി, 79 വെങ്കലം എന്നിവയടക്കം ആകെ 228 മെഡലുകളാണ് മഹാരാഷ്ട്ര നേടിയത്. 66 സ്വര്‍ണവും 27 വെള്ളിയും 33 വെങ്കലവുമടക്കം 126 മെഡലുകളുമായി സര്‍വീസസ് രണ്ടാമതെത്തി. 62 സ്വര്‍ണവും 55 വെള്ളിയും 75 വെങ്കലവുമടക്കം 192 മെഡലുകളുമായി ഹരിയാന മൂന്നാമതെത്തി. 37 സ്വര്‍ണവും 36 വെള്ളിയും 39 വെങ്കലവുമടക്കം 112 മെഡലുകളുമായി മധ്യപ്രദേശ് നാലാമതെത്തി. 36 സ്വര്‍ണം, 24 വെള്ളി, 27 വെങ്കലവുമായി ആകെ 87 മെഡലുകളുമായി കേരളം മെഡല്‍ പട്ടികയില്‍ അഞ്ചാമതായിരുന്നു. 32 സ്വര്‍ണവും 32 വെള്ളിയും 37 വെങ്കലവുമടക്കം 101 മെഡലുകളുമായി കര്‍ണാടകം ആറാം സ്ഥാനത്തുമെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.