22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 13, 2024
December 10, 2024
December 8, 2024

പടരുന്ന അന്ധകാരം

Janayugom Webdesk
September 22, 2024 5:00 am

രാജ്യത്ത് മറ്റൊരു പെൺകുട്ടി കൂടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടു. ‘എന്നെ കൊന്നുകളയൂ’ അവൾ നിലവിളിച്ചു. അവൾ അനുഭവിച്ച യാഥാർത്ഥ്യത്തിന്റെ ഭീകരത അത്ര തീവ്രമായിരുന്നു. നേരിടാനാവാതെ തകർന്ന അവൾ മൊഴി നൽകാനും മടിച്ചു. വ്യഥകളെ വീണ്ടും ഓർത്തെടുക്കാൻ ആവതില്ലായിരുന്നു. സെപ്റ്റംബർ 11ന് ആയിരുന്നു കൊടുംക്രൂരത നടന്നത്. തൊട്ടുമുമ്പായിരുന്നു ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആഴത്തിലുള്ള ഗൂഢാലോചനകൾ രൂപപ്പെടുകയാണ്. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു… ഒന്നിനും മറുപടിയുമില്ല. സ്ത്രീയുടെ സാമൂഹിക ചരിത്ര പശ്ചാത്തലം ചികയേണ്ടതിന്റെ ആവശ്യകത എന്താണ്? എല്ലാവർക്കും തുറന്ന ഇടമുള്ള ലോകത്ത് സ്ത്രീയെ എന്തിനാണ് വേറിട്ട വ്യക്തിത്വമായി കണക്കാക്കുന്നത്? സ്ത്രീകൾക്കുനേരെ തുടരുന്ന അടിച്ചമർത്തൽ അവളെ ആജീവനാന്തം തളർത്തുന്നു. അവളെ ഒരു വിഭാഗം ബലഹീനപാത്രമായി ചിത്രീകരിക്കുന്നു, അനാദരവോടെ പിന്തുടരുന്നു, ‘അപരവൽക്കരണത്തിന് വിധേയയാക്കുന്നു. 

അജ്ഞാതരായ പുരുഷൻമാർ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത രണ്ട് സ്ത്രീകളിൽ ഒരാളായിരുന്നു അവൾ. മധ്യപ്രദേശിലെ മോവിനടുത്തായിരുന്നു സംഭവം. സെപ്റ്റംബർ 11ന് പുലർച്ചെ രണ്ട് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം സൈനിക കാമ്പസിൽ ഇരിക്കുകയായിരുന്നു. അജ്ഞാതരായ ചിലര്‍ അവരുടെ അടുത്തേക്ക് വന്നു. മോട്ടോർ ബൈക്കുകളിൽ കറങ്ങിനടന്ന് വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുക്കുകയും പണം കൊള്ളയടിക്കുകയും ചെയ്യുന്നവരായിരുന്നു അവരെന്ന് പൊലീസ് പറഞ്ഞു. അക്രമികൾ മുഖംമൂടി ധരിച്ചിരുന്നില്ല. 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സൈനികരിൽ ഒരാൾ പരാതിപ്പെട്ടു. സൈനികോദ്യോഗസ്ഥന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ത്രീകളിൽ ഒരാൾ പൈശാചിക പീഡനത്തിന് ഇരയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിയെ ചൂണ്ടി ‘അവനെ വെടിവച്ച് കൊല്ലൂ, എന്നെയും’ എന്നായിരുന്നു അവളുടെ വാക്കുകൾ. അവൾ അനുഭവിച്ച തീവ്ര വേദനയുടെ ആഴം ഇത് കാണിക്കുന്നു. മരണവും നിശബ്ദതയുമാണ് അവൾ ആഗ്രഹിക്കുന്ന ഏക ആശ്വാസം. ഈ നിശബ്ദത ഇന്ത്യയിലെ സ്ത്രീകൾക്ക് അറിയാത്ത കാര്യമല്ല. കൊൽക്കത്തയിലെയും ഇൻഡോറിലെയും സംഭവങ്ങൾ കുടുംബ പരിധിക്ക് പുറത്താണെങ്കിൽ, കുടുംബത്തിനുള്ളിൽത്തന്നെ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളിൽ വലിയ വർധന കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, 18നും 29നും ഇടയിൽ പ്രായമുള്ള 29.3 ശതമാനം സ്ത്രീകൾ ഗാർഹികജീവിതത്തിൽ തന്നെ ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിടുന്നു. ആറ് ശതമാനം സ്ത്രീകൾ വന്യമായ പീ‍ഡനങ്ങൾക്ക് ഇരകളാക്കുന്നു. വർഗീയത, ജാതീയത, വംശീയത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ അധികാരം മറുവിഭാഗത്തിൽ ഉറപ്പിക്കുന്ന പ്രവണതയും വർധിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം ഇത്തരം സന്ദർഭത്തിൽ എതിരാളികളുടെ മേൽ ആധിപത്യം നേടാൻ ഉപയോഗിക്കുന്ന ആയുധമായിരിക്കുന്നു. 

ഭരണഘടനയുടെ ആമുഖത്തിൽ, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ പ്രതിബദ്ധതയോടെ പരാമർശിച്ചിട്ടുണ്ടെങ്കിലും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. 21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇത്തരം കുറ്റകൃത്യങ്ങൾ ക്രമാനുഗതമായി വർധിച്ചു. സമൂഹത്തിലെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും നിലനിൽക്കുന്ന രോഗാവസ്ഥയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ വർധിച്ചുവരുന്നത് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. 2000 മുതൽ 2021 വരെയുള്ള കാലയളവിലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകളെ അടിസ്ഥാനമാക്കിയുള്ള പഠനം അനുസരിച്ച്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളുടെ വർധനവിനെക്കാൾ ഗതിവേഗം ആർജിച്ചു. മൊത്തം കുറ്റകൃത്യങ്ങളിൽ ഏകദേശം 18 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 2000ത്തിൽ 1,41,373 ആയിരുന്നത് 2021ൽ 4,28,278 ആയി ഉയർന്നു. 2000ത്തിലെ 2.74 ശതമാനത്തില്‍ നിന്ന് 2021ൽ 7.03 ശതമാനമായാണ് വർധിച്ചത്. മെട്രോപൊളിറ്റൻ നഗരങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. മൊത്തം കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അനുപാതമില്ലാതെ കുമിഞ്ഞുകൂടുന്നു. 2021ൽ, മൊത്തം കുറ്റകൃത്യങ്ങളിൽ 23 ശതമാനവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ 15.5 ശതമാനവും മെട്രോപൊളിറ്റൻ നഗരങ്ങളിൽ രേഖപ്പെടുത്തി.
അസമത്വത്തിന്റെയും തൊഴിലില്ലായ്മയുടെയും വ്യാപ്തിയും പരിഗണിക്കേണ്ടതുണ്ട്. അടുത്ത ബന്ധുക്കളാലും ഭർത്താക്കന്മാരാലും ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ധാരാളം. എൻസിആർബിയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കെതിരായ 4,28,278 കുറ്റകൃത്യങ്ങളിൽ 31.8 ശതമാനവും ബന്ധുക്കളിൽ നിന്നും ഭർത്താവിൽ നിന്നുമുള്ള ക്രൂരതകളാണ്. ലൈംഗികാതിക്രമങ്ങളും പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. സഹിഷ്ണുതയുടെ അതിർവരമ്പിലെത്തുന്നതുവരെ ഈ തലത്തിലുള്ള ക്രൂരതകൾ മിക്കവാറും നിശബ്ദമാക്കപ്പെടുകയാണ്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ ഒരു ആഗോള വോട്ടെടുപ്പിൽ ഇന്ത്യയെ ‘സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം’ എന്ന് വിശേഷിപ്പിച്ചു. അഫ്ഗാനിസ്ഥാനും സിറിയയും ഇന്ത്യയെക്കാളും ഭേദമാണ്! ജനനം മുതൽ പെണ്ണിന്റെ ദുരിതദിനങ്ങൾ ആരംഭിക്കുന്നു. കൂടുതൽകാലം ജീവിച്ചാൽ ദുരിതകാലവും തുല്യമായി അധികരിക്കുന്നു. ഓർക്കുക, പെൺകുഞ്ഞുങ്ങളെ ഉന്മൂലനം ചെയ്യുന്നത് രാജ്യത്തിന്റെ ഭൂതകാലചരിത്രം മാത്രമല്ല, വർത്തമാനകാലവും വേറിട്ടതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.