
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കാവലാളായി, ബദല്‍ മാധ്യമസങ്കല്‍പ്പത്തിന്റെ ആവേശകരമായ ദൃഷ്ടാന്തമായി, തൊഴിലാളിവര്‍ഗത്തിന്റെ ശബ്ദമായി മലയാളിയുടെ ജീവിതത്തില്‍ നിര്‍ണായകസ്വാധീനം നേടിയ ജനയുഗം ദിനപത്രത്തിന് 72 വയസ്. ഏഴ് പതിറ്റാണ്ടിന് മുകളിൽ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും അടിച്ചമര്‍ത്തലും സഹിച്ചാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്. ഒട്ടേറെ വിലക്കുകളെ അതിജീവിച്ച് മലയാളിയുടെ മനസില്‍ സുശക്ത സ്വാധീനമുള്ള പത്രശൃംഖല തീര്‍ക്കാനും സമരമുഖങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടി നെഞ്ചുറപ്പോടെ നിലകൊള്ളാനും കഴിയുന്നത്, ഈ പത്രത്തിന്റെ യഥാര്‍ഥ ഉടമകള്‍ ജനങ്ങളാണ് എന്നതുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി സാധാരണക്കാരന് നൽകിയത് കണ്ണുനീരായിരുന്നു. ബ്രിട്ടീഷുകാർക്കും നാട്ടുരാജാക്കന്മാർക്കും, ജന്മിമാടമ്പിമാർക്കും ആശ്രിതരായി നിന്നവരെല്ലാം ഇരുട്ടിവെളുത്തപ്പോൾ കോൺഗ്രസുകാരായി. യഥാർത്ഥ കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റുപാർട്ടിയിലും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലും അണിചേർന്നു. അതോടെ ഭരണകൂട ഭീകരത അവർക്കെതിരെ ആഞ്ഞടിച്ചു. അതിനെ നേരിടാൻ മുന്നോട്ടുവന്ന ജനങ്ങൾക്ക് നേതൃത്വം കൊടുക്കാനും, ഏകോപിപ്പിക്കാനും ആശയത്തിന്റെ ആയുധം അണിയിക്കാനും പത്രം അനിവാര്യമായി. ഒളിവിലായിരുന്ന എം എൻ ഗോവിന്ദൻ നായരും കൊല്ലത്തെ ഏതാനും ഉല്പതിഷ്ണുക്കളായ ചെറുപ്പക്കാരും ഒത്തൊരുമിച്ചതിന്റെ ഫലമാണ് ജനയുഗം രാഷ്ട്രീയ വാരികയായി ആദ്യം പ്രസിദ്ധീകരണം ആരംഭിച്ചത്. തുടങ്ങിയ നിമിഷം മുതൽ അധികാരികളുടെ കണ്ണിലെക്കരടായി അത് മാറി. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന്റെ മുഖപത്രത്തിന് എങ്ങനെ സമ്പൂര്‍ണ വാര്‍ത്താമാധ്യമമായി മാറാന്‍ കഴിയും എന്നുകൂടിയാണ് ജനയുഗം തെളിയിച്ചത്.

1947ൽ ആയിരുന്നു ജനയുഗം വാരിക കൊല്ലത്ത് നിന്നും ആരംഭിച്ചത്. എൻ ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. തുടക്കത്തിൽ തന്നെ ഞെരിച്ചുകൊല്ലുവാൻ എതിരാളികൾ എല്ലാ അഭ്യാസവും പയറ്റി. പത്രാധിപന്മാരും പ്രധാന ഏജന്റുമാരും മറ്റു സംഘാടകരും എല്ലാം ഒളിവിലായി. മുഖ്യപത്രാധിപർ ജയിലിലും. മറ്റ് പത്രാധിപന്മാരൊക്കെ കള്ളക്കേസുകളിലും പ്രതികളായി. മുന്നോട്ടുപോകാനാവാത്ത അവസ്ഥ. പി ടി പുന്നൂസിന് ഒളിവിലിരുന്നുകൊണ്ട് എഡിറ്റോറിയൽ എഴുതേണ്ട അവസ്ഥ വന്നു. കടലാസ് വാങ്ങാനും അച്ചടിക്കൂലി കൊടുക്കാനും കഴിയാതെ വിഷമിക്കുമ്പോൾ രക്ഷയ്ക്കായി വന്നതും സാധാരണക്കാർ. ജനയുഗത്തിന്റെ ആദ്യപ്രസാധകനായ ആർ ഗോപിനാഥൻനായരുടെ അമ്മ പാട്ടക്കോട്ട ജാനകിഅമ്മ, ജനയുഗത്തിന്റെ ഫോർമാനായിരുന്ന കൃഷ്ണപ്പണിക്കർ, അദ്ദേഹത്തിന്റെ അമ്മ, കെ എസ് ശ്രീധരന്‍, ഇലവന്തി കുഞ്ഞുരാമന്‍ എന്നിവരൊക്കെ അതിൽ ചിലരാണ്.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ജനയുഗം വാരിക നിർത്താനുള്ള അനുമതി തേടി എത്തിയ പത്രാധിപന്മാരുടെ മുന്നിൽ രക്ഷാപുരുഷനായി പ്രത്യക്ഷപ്പെട്ടത് എം എൻ ഗോവിന്ദൻ നായരും. ‘വാരിക നമുക്ക് നിർത്താം. പകരം പത്രം തുടങ്ങാം’ എന്ന വാക്കുകേട്ട് അമ്പരന്നുനിന്ന പത്രാധിപന്മാരെ ആശ്വസിപ്പിക്കുന്ന രംഗത്തിന് സാക്ഷിയായ പാർട്ടി സെക്രട്ടറി അച്യുതമേനോന്‍, എസ് കുമാരന്‍, സുഗതന്‍ സാര്‍ തുടങ്ങിയവര്‍. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ എമ്മെന് കൈമുതലായുണ്ടായിരുന്നത് ജനങ്ങളിലുള്ള ഉറച്ച വിശ്വാസം മാത്രം. ആ വിശ്വാസം തെറ്റിയില്ലെന്ന് പിൽക്കാല ചരിത്രം തെളിയിക്കുന്നു. ആദ്യം പത്രവും പിന്നീട് വാരികയും, സിനിരമയും. ബാലയുഗവും നോവൽപ്പതിപ്പും എല്ലാം ജനയുഗം കുടുംബത്തിൽ പിറന്നപ്പോൾ മലയാളികൾക്കത് നവ്യാനുഭവമായി. പത്രാധിപർ എൻ ഗോപിനാഥൻ നായർ, പ്രസാധകൻ ആർ ഗോപിനാഥൻ നായർ, ആർ കോൺസ്റ്റന്റയിൻ, കെ പി രാമചന്ദ്രൻ നായർ, എ ആർ കുട്ടി എന്നിവരുടെ നിരയിലേക്ക് കാമ്പിശേരി കരുണാകരൻ, വൈക്കം ചന്ദ്രശേഖരൻ നായർ, വി ലക്ഷ്മണൻ എന്നിവരും പിന്നീട് പികെവിയും, തെങ്ങമവും എത്തുന്നതോടെ പത്രം വളർച്ചയുടെ പാതയിലേക്ക് മുന്നേറി. തുടർന്ന് പന്തളം പി ആർ മാധവൻപിള്ള, ടി എ മജീദ്, ആർ പ്രകാശം തുടങ്ങി പ്രഗത്ഭന്മാരുടെ ഒരു നീണ്ടനിര ജനയുഗത്തെ വളർത്തി. പത്രം തുടങ്ങാൻ തീരുമാനിച്ചപ്പോൾ അച്ചടിക്കാനുള്ള പ്രസിനുവേണ്ടിയുള്ള തിരച്ചിലായി. ഇതിനിടയിലാണ് എറണാകുളത്ത് നിന്ന് പന്തളം പി ആറിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന നവലോകം സാമ്പത്തിക കാരണങ്ങളാൽ നിന്നുപോയത് ശ്രദ്ധയിൽപ്പെട്ടത്.

പന്തളം പിആറിന്റെ അച്ഛൻ നൽകിയ പതിനായിരം രൂപയുടെ മൂലധനത്തോടെയാണ് ജനയുഗം പത്രം തുടങ്ങിയത്. അത്രയും വലിയൊരു തുക അക്കാലത്ത് പാർട്ടിക്കോ പാർട്ടി പത്രത്തിനോ സംഭാവന ചെയ്യാൻ ആ പിതാവ് തയ്യാറായത് ചില്ലറക്കാര്യമല്ല. പക്ഷെ പത്രം കഷ്ടിച്ച് രണ്ട് വര്‍ഷമേ നീണ്ടുനിന്നുള്ളു. ആ പ്രസ് കൊല്ലത്തേക്ക് കൊണ്ടുവരണമെങ്കിൽ 5000 രൂപയുടെ ബാധ്യത തീർക്കണമായിരുന്നു. അതിനുള്ളതും പത്രം അച്ചടിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾക്കായി മറ്റൊരു 5000 രൂപ കൂട്ടിച്ചേർത്ത് 10,000 രൂപ സംഘടിപ്പിക്കാൻ എമ്മെൻ നടത്തിയ പരിശ്രമം ചരിത്രമാണ്. മധുര പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ അവിടെ പ്രതിനിധിയായെത്തിയ അരുണ അസഫലിയോട് പേട്രിയറ്റ് പത്രാധിപർ ഇടത്തട്ട നാരായണൻ വഴി ഇഎംഎസിനെ ഇടനിലക്കാരനായി നിർത്തി ആ തുക കടമായി സംഘടിപ്പിച്ചു. ആ പണം പിന്നീട് കൃത്യമായി തിരിച്ചുകൊടുക്കുകയും ചെയ്തു. 1953 നവംബര്‍ 16ന് വായനയുടെ നവലോകം തുറന്ന് ജനയുഗം ദിനപ്പത്രം ആരംഭിച്ചു. കമ്യുണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂറിലെ മുഖപത്രം.1958 ഫെബ്രുവരി രണ്ടിന് ജനയുഗം വാരിക പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ അതിന്റെ പത്രാധിപർ വൈക്കം ചന്ദ്രശേഖരൻ നായരായിരുന്നു. 1963ൽ അദ്ദേഹം ജനയുഗം വിട്ടുപോയപ്പോൾ വാരികയുടെ സാരഥ്യം കാമ്പിശേരി കരുണാകരൻ ഏറ്റെടുത്തു. പില്‍ക്കാലത്ത് വാരികയുടെ പത്രാധിപന്മാരായി തെങ്ങമം ബാലകൃഷ്ണന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ആര്യാട് ഗോപി, തിരുനല്ലൂര്‍ കരുണാകരന്‍, കണിയാപുരം രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനും വിമോചന സമരത്തിലെ എതിരാളികൾക്കെതിരെ പോരാടുന്നതിനും ജനയുഗം വഹിച്ച പങ്ക് അവിസ്മരണീയമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂറിലെ ഏക ദിനപ്പത്രമായ ജനയുഗം സർക്കുലേഷന്റെ കാര്യത്തിൽ നാലാംസ്ഥാനത്തായിരുന്നു. ജനയുഗം പത്രമാണ് ആദ്യമായി പോക്കറ്റ് കാർട്ടൂൺ പരീക്ഷിച്ചത്. അതിന് രൂപം നൽകിയതാകട്ടെ പ്രശസ്ത കാർട്ടൂണിസ്റ്റായ യേശുദാസനും.

ജനയുഗത്തിന് കൊല്ലം കടപ്പാക്കടയിൽ 32 സെന്റ് സ്ഥലം കണ്ടെത്തി ഇരിപ്പിടമുണ്ടാക്കിയതിന് പിന്നിൽ ഉള്ളുരുപ്പിൽ കരുണാകരന്റെ പരിശ്രമം ഓർമ്മിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തെ ‘വലിയ തച്ചനെ‘ന്നാണ് എൻ ഗോപിനാഥൻനായർ വിശേഷിപ്പിച്ചത്. മാനേജ്മെന്റിന്റെ ആദ്യകാല ചുമതല വഹിച്ചിരുന്നത് എം എൻ രാമചന്ദ്രൻ നായർ, നെമേഷ്യസ്, എസ് രാമചന്ദ്രൻ, എ കെ ശ്രീധരൻനായർ, ഈരാളി, പി ഒ ജോർജ്, ജി കാര്‍ത്തികേയന്‍, സി എന്‍ രാഘവന്‍പിള്ള, വിനയചന്ദ്രന്‍, എസ് രവീന്ദ്രന്‍, എ സതീശന്‍, പ്രൊഫ. പുരുഷോത്തമന്‍ തുടങ്ങിയവരായിരുന്നു. ജനയുഗം കമ്പനിയായപ്പോൾ അതിന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടർ സി അച്യുതമേനോനും. തുടർന്ന് ഇഎംഎസ്, എം എൻ ഗോവിന്ദൻനായർ, എസ് കുമാരൻ, പികെവി, സി കെ വിശ്വനാഥൻ, പി രവീന്ദ്രൻ, ജെ ചിത്തരഞ്ജൻ, എം ഗോപി തുടങ്ങിയവരും പ്രവർത്തിച്ചു. 1962ല്‍ എന്‍ ഗോപിനാഥന്‍നായര്‍ ഡല്‍ഹിയിലേക്ക് മാറിയതോടെ മുഖ്യപത്രാധിപ സ്ഥാനം ഒഴിഞ്ഞു. 70 മുതൽ 75 വരെ ജനയുഗത്തിന്റെ മാനേജിങ് എഡിറ്റർ ഇ ചന്ദ്രശേഖരൻനായരായിരുന്നു. 70ൽ മുഖ്യപത്രാധിപർ സ്ഥാനം സി ഉണ്ണിരാജ ഏറ്റെടുത്തു. തുടര്‍ന്ന് തെങ്ങമം ബാലകൃഷ്ണന്‍, ആന്റണി തോമസ്, എം എസ് രാജേന്ദ്രന്‍, തോപ്പില്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചീഫ് എഡിറ്റര്‍മാരായിരുന്നു.

അഴിമതിക്കെതിരെ എന്നും പോരാടിയ പാരമ്പര്യമാണ് ജനയുഗത്തിനുള്ളത്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാസ്ച്യുറൈസേഷൻ പ്ലാന്റ് മുഖ്യമന്ത്രി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചു. ആ വാർത്തയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ”അടുത്ത കാലത്ത് ഇവിടെ തുളസി ഹിൽ കോമ്പൗണ്ടിൽ തുടങ്ങിയിരിക്കുന്ന പാസ്ച്യുറൈസേഷൻ കേന്ദ്രം മുഖ്യമന്ത്രിയുടെ ചില സ്വന്തക്കാരെ അനർഹമായി ഏൽപ്പിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചിരിക്കുന്നു. മുഖ്യമന്ത്രി നടത്തിയ ഹീനമായ സ്വജനപക്ഷപാത നടപടികൾക്ക് മകുടം ചാർത്തുന്ന ഒന്നാണ് ഇതെന്ന് വിശദാംശങ്ങൾ പരിശോധിച്ചാൽ മനസിലാകും. പത്തുകൊല്ലത്തിനകം ഇത് പ്രവർത്തിപ്പിച്ച് ആദായമെടുത്ത് മുടക്കിയ തുക മടക്കിക്കൊടുക്കാമെന്ന ധാരണയിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ ക്ലാർക്കും ബന്ധുവുമായ ഭാസ്ക്കരൻനായർ, വാസുദേവൻ നായർ, ഗോപിനാഥൻനായർ അംഗങ്ങളും ശ്രീകുഞ്ഞികൃഷ്ണപിള്ള ചെയർമാനുമായി പ്രവർത്തിക്കുന്ന മിൽക്ക് സപ്ലൈസ് യൂണിയന് വിട്ടുകൊടുത്തു. നിയമനങ്ങളും അവർക്ക് തോന്നിയതുപോലെ നടത്തുന്നു. ദൈനംദിന പ്രവർത്തനങ്ങളും അവർക്ക് തോന്നിയതുപോലെ തന്നെ. മുഖ്യമന്ത്രിയുടെ പേഴ്സണൽ ക്ലാർക്കായ ഭാസ്ക്കരൻനായർ തന്നെയാണ് ഇവിടെയും കാര്യങ്ങൾ നടത്തുന്ന ദിവ്യൻ. മുഖ്യമന്ത്രിയുടെ ചുമതലാനിർവഹണത്തെ ബാധിക്കുന്നതായും സത്യവിരുദ്ധവും മാനഹാനിയുണ്ടാക്കുന്നതുമാണെന്ന് കാണിച്ച് ജനയുഗത്തിനെതിരായി തിരുവനന്തപുരം സെഷൻസ് കോടതിയിൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. പത്രാധിപരായ കാമ്പിശേരി കരുണാകരൻ ഒന്നാംപ്രതിയും പ്രസാധകനായ തെങ്ങമം ബാലകൃഷ്ണൻ രണ്ടാംപ്രതിയുമായിരുന്നു. പട്ടം മന്ത്രിസഭയുടെ പതനത്തോടെ ഈ കേസ് ഇല്ലാതായി. പ്രസിദ്ധ അഭിഭാഷകരനായ ഈശ്വരയ്യരായിരുന്നു ജനയുഗത്തിന് വേണ്ടി ഹാജരായത്. മുഖ്യമന്ത്രിയെ സാക്ഷിയായി വിസ്തരിക്കണമെന്ന് പ്രതിഭാഗത്തുനിന്ന് ആവശ്യമുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി നേരിട്ട് കോടതിയിൽ ഹാജരാവുകയും സാക്ഷിക്കൂട്ടിൽ നിന്ന് പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തത് വലിയ സംഭവമായിരുന്നു. ആർ ശങ്കറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണമായിരുന്നു മറ്റൊരു കാര്യം. ഖജനാവ് കൊള്ളയടിക്കാൻ ഡെപ്യൂട്ടി മുഖ്യമന്ത്രി പ്രതിഫലം പറ്റിക്കൊണ്ട് കൂട്ടുനിന്നു എന്ന തലക്കെട്ടിൽ ജനയുഗം വാർത്ത നൽകി. ധനകാര്യവകുപ്പ് തടസവാദം ഉന്നയിക്കാതിരിക്കാൻ മന്ത്രിക്ക് രണ്ട് ബെൻസ് ചേസിസുകൾ നൽകുക എന്നതായിരുന്നു രഹസ്യകരാർ. 1962ലെ ക്രൈം കേസ് നമ്പർ ഒന്ന് ആയിട്ടാണ് ഈ കേസ് നൽകിയത്. അതിലും പത്രാധിപന്മാർ ശിക്ഷിക്കപ്പെട്ടില്ല. ശങ്കർ മന്ത്രിസഭയെ മറിച്ചിട്ടതിനാൽ കേസ് നടത്തിക്കൊണ്ടുപോകാൻ വാദിഭാഗം താല്പര്യം കാണിച്ചില്ല. പട്ടം മന്ത്രിസഭയിൽ കെ എ ദാമോദരമേനോനെതിരെ ഉന്നയിക്കപ്പെട്ടതായിരുന്നു മറ്റൊരു അഴിമതിയാരോപണം. വ്യവസായ വകുപ്പിൽ നിന്ന് അനർഹമായി ആനുകൂല്യം നേടുന്നതിന് വേണ്ടി ഒരു വജ്രമോതിരം വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്ന ആരോപണം. മന്ത്രിസഭയുടെ പതനത്തോട ആ കേസ് മുന്നോട്ട് പോയില്ല. മലയാളപത്രപ്രവർത്തന ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഫോട്ടോസ്റ്റാറ്റ് കേസ്. ശങ്കർ മന്ത്രിസഭയുടെ പതനത്തിന് അത് വഴിയൊരുക്കുക കൂടി ചെയ്തു. സെക്രട്ടേറിയറ്റിലെ രഹസ്യവിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റ് ജനയുഗം പ്രസിദ്ധീകരിച്ചതാണ് കേസായത്. തൃശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവജീവൻ പത്രത്തിനെതിരെയും കേസെടുത്തു. കുറ്റം ഔദ്യോഗിക വിവരം ചോർത്തിയെന്നതാണ്.
ആർ ശങ്കർ മന്ത്രിസഭ ആടിയുലഞ്ഞ് നില്‍ക്കുന്ന കാലം. കോൺഗ്രസ് പാർട്ടി രണ്ടുതട്ടിലായി. ആഭ്യന്തരമന്ത്രി പി ടി ചാക്കോ രാജിവച്ചു. ഐജിയായിരുന്ന വി പി നായരെ മാറ്റാൻ മുഖ്യമന്ത്രി നീക്കം നടത്തുന്നുവെന്ന വാർത്ത പ്രചരിച്ചു. വി പി നായരെ രക്ഷിക്കാൻ പി ടി ചാക്കോ വിഭാഗവും ചില പുരോഹിതന്മാരും മന്നത്ത് പത്മനാഭനും ചരട് വലിച്ചുതുടങ്ങി. വി പി നായരും പഴയ ആഭ്യന്തരമന്ത്രിയും തമ്മിലുള്ള ബന്ധം അങ്ങാടിപ്പാട്ടായിരുന്നു. ഐജിയെ മാറ്റാനുള്ള നീക്കം നിർത്തിവയ്ക്കാൻ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രി ടെലഫോൺ വഴി നിർദേശിച്ചുവെന്നും പത്രവാർത്തയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ജനയുഗം റിപ്പോർട്ട് പുറത്തുവരുന്നത്. 1964 ജൂലൈ 24ലെ പത്രത്തിലാണ് ഈ വാർത്ത വന്നത്. ”ഐജി ഹൈദരാബാദിൽ മദിരോത്സവം നടത്തിയതിനെപ്പറ്റി ഔദ്യോഗിക രേഖ സംസാരിക്കുന്നു” എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. തെളിവിനായി വിവാദമായി മാറിയ കത്തിന്റെ ഫോട്ടോസ്റ്റാറ്റും പ്രസിദ്ധപ്പെടുത്തി. 1961ൽ വി പി നായർ ഡിഐജിയായിരുന്ന കാലത്ത് ഹൈദരാബാദിൽ വച്ച് ഒരു മദ്യസൽക്കാരത്തിൽ പങ്കെടുത്ത് കൂത്താടിയതായി കാണിച്ചുകൊണ്ട് അവിടുത്തെ ആഭ്യന്തരവകുപ്പ് നൽകിയ റിപ്പോർട്ടിന്റെ ഫോട്ടോസ്റ്റാറ്റാണ് ജനയുഗം പ്രസിദ്ധീകരിച്ചത്. പത്രവാർത്തയെ തുടർന്ന് മന്ത്രിസഭായോഗം കൂടി രഹസ്യം പുറത്തായതിനെ പറ്റി അന്വേഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സർക്കാർ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. ജനയുഗത്തിന്റെ തിരുവനന്തപുരം ലേഖകൻ സി ആർ എൻ പിഷാരടിയെയും നവജീവൻ ലേഖകൻ കെ വി എസ് ഇളയതിനെയും ആദ്യം അറസ്റ്റ് ചെയ്തു. തുടർന്ന് നവജീവൻ പ്രസാധകൻ കെ കെ വാര്യർ എംപി, എഡിറ്റർ ടി കെ ജി നായർ, ജനയുഗം പത്രാധിപർ കാമ്പിശേരി കരുണാകരൻ, ജനയുഗം പ്രസാധകൻ തെങ്ങമം ബാലകൃഷ്ണൻ എന്നിവരെയും അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു.
പത്രാധിപന്മാരുടെ അറസ്റ്റ് നാടാകെ പ്രതിഷേധത്തിനിടയാക്കി. പല പത്രങ്ങളും മുഖപ്രസംഗങ്ങളെഴുതി. ആഭ്യന്തര പ്രശ്നത്തിൽപ്പെട്ട് നട്ടംതിരിയുന്ന കോൺഗ്രസ് പാർട്ടിക്കകത്തും ഇതിന്റെ ചലനങ്ങൾ ഉണ്ടായി. പി ടി ചാക്കോ ആർ ശങ്കറിനെ അടിക്കാനായി ഈ പ്രശ്നം ഉപയോഗപ്പെടുത്തി. പിഷാരടിയുടെയും കെ വി എസ് ഇളയതിന്റെയും വീടുകളിലും ഓഫിസുകളിലും പൊലീസ് പലതവണ റെയ്ഡ് നടത്തി. കെ കെ വാര്യർ എംപിയെ സെൻട്രൽ ജയിലിലും തെങ്ങമം, കാമ്പിശേരി, ടികെജി എന്നിവരെ സബ്‌ജയിലിലും പിഷാരടി, ഇളയത് എന്നിവരെ പൊലീസ് കസ്റ്റഡിയിലുമാണ് പാർപ്പിച്ചത്. പിഷാരടിയെ ഉറങ്ങാൻ പോലും അനുവദിക്കാതെ നിരന്തരമായി ചോദ്യം ചെയ്തു. ഇതുമൂലം അദ്ദേഹത്തിന് ഉദരരോഗം പിടിപെടുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേപ്പറ്റി പിഷാരടി ‘110 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ഗോപാലൻ നമ്പ്യാരാണ് ഹാജരായത്. വി ആർ കൃഷ്ണയ്യർ പ്രതിഭാഗത്തിനുവേണ്ടിയും ഹാജരായി. കോടതി അവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അഴിമതിക്കും പൗരാവകാശ ധ്വംസനത്തിനുമെതിരെയും ജനകീയ പ്രശ്നങ്ങൾക്ക് വേണ്ടിയും നിരന്തരം പോരാട്ടത്തിലാണ് എന്നും ജനയുഗം. കടുത്ത യാതനയ്ക്കിടയിലും ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ജനയുഗത്തിന് കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച്, സത്യത്തിന്റെ പാതയിലൂടെ അചഞ്ചലമായി ഇനിയും മുന്നോട്ട് പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

1993ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 ജൂൺ ഒന്ന് മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. വെളിയം ഭാർഗവൻ ചീഫ് എഡിറ്ററും കെ ആർ ചന്ദ്രമോഹൻ മാനേജിങ് ഡയറക്ടറും എം പി അച്യുതൻ എഡിറ്ററും യു സുരേഷ് ജനറൽ മാനേജരുമായിരുന്നു. അന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും മാത്രം പുറത്തിറങ്ങിയിരുന്ന ജനയുഗം ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. ഇപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചീഫ് എഡിറ്ററും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ജി ആർ അനിൽ മാനേജിങ് ഡയറക്ടറും രാജാജി മാത്യു തോമസ് എഡിറ്ററായും പ്രവർത്തിക്കുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി ആർ ജോസ്‌പ്രകാശ് ജനറൽ മാനേജരും അബ്‌ദുൾ ഗഫൂർ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്.
കലര്‍പ്പില്ലാത്ത വാര്‍ത്ത, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം, സാമൂഹികവിഷയങ്ങളിലെ ആര്‍ജവത്തോടെയുള്ള ഇടപെടല്‍-തുടങ്ങിയവയാണ് ജനയുഗത്തിന്റെ മുഖമുദ്ര. സിപിഐ മുഖപത്രമായിരിക്കുമ്പോള്‍ത്തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്രയിക്കാവുന്ന വര്‍ത്തമാനപത്രമായി ജനയുഗത്തിന് തല ഉയര്‍ത്തി നില്‍ക്കാനാകുന്നത് അതുകൊണ്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.