
നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാൽ നിയമോപദേശം നൽകുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യത പരിശോധിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിന് തീർത്താൽ തീരാത്ത ശത്രുതയുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അതിജീവിതയുടെ അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കാനായില്ല. യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ലെന്ന് വിചാരണ കോടതി വിധി ന്യായത്തില്‍ പറയുന്നു.
കാവ്യാ മാധവനുമായി അക്കാലത്തുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഭാര്യയായിരുന്ന മഞ്ജു വാര്യരോട് പറഞ്ഞതിലുള്ള കടുത്ത വിരോധത്തെത്തുടർന്നാണ് ദിലീപ്, പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. നടിയുമായി ദിലീപിന് അത്ര അടുപ്പമുണ്ടായിരുന്നില്ലെങ്കിലും ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ലെന്നാണ് വിധിന്യായത്തിലുള്ളത്. നിരവധിപ്പേർ ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തില്‍ സാക്ഷികളാരുമില്ല. നടന്‍ ഭീഷണിപ്പെടുത്തിയ കാര്യം നടി ആരോടും പറഞ്ഞിട്ടുമില്ല. ഈ സംഭവത്തിനുശേഷം ദിലീപിനൊപ്പം സന്തോഷത്തോടെ യൂറോപ്യൻ യാത്ര തുടർന്നെന്നാണ് വ്യക്തമാകുന്നതെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. അസ്വാഭാവികമായി എന്തെങ്കിലും അവിടെ സംഭവിച്ചെന്ന് കരുതാനാകില്ലെന്ന് വിധി ന്യായത്തിലുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് സംസാരിച്ച ശ്രീലക്ഷ്മി എന്ന സ്ത്രീയെക്കുറിച്ച് പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നും അവരെ സാക്ഷിപോലും ആക്കിയില്ലെന്നും വിധിന്യായത്തിലുണ്ടായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നും പൊലീസ് തങ്ങളുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചിരുന്നെന്നും പൾസർ സുനിയുടെ സുഹൃത്തായിരുന്ന ശ്രീലക്ഷ്മിയുടെ ഭർത്താവ് അറിയിച്ചു. അതിനിടെ അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.