
നാടിന്റെ സമര വീര്യം അണഞ്ഞു. മുൻ മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായിരുന്ന വി എസ് അച്യുതാനൻ അന്തരിച്ചു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന്ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്‌ക്കാരം മറ്റന്നാൾ ആലപ്പുഴ വലിയചുടുകാട്ടിൽ 4 വർഷത്തോളം മുൻപുണ്ടായ പക്ഷാഘാതമാണ് വിഎസ് എന്ന പോരാളിയെ വിശ്രമിക്കാൻ നിർബന്ധിതനാക്കിയത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർതുടങ്ങി ഇടതുരാഷ്ട്രീയത്തിൽ പ്രധാന പദവികളിലെല്ലാം നിറഞ്ഞു നിന്ന വിഎസ് വഹിക്കാത്ത പദവികളില്ല. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവും അച്യുതാനന്ദനാണ്. 1964 ഏപ്രിലിൽ ചേർന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ആശയ ഭിന്നതയുടെ പേരിൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഒരാൾ. പിന്നീട് അവരുടെ നേതൃത്വത്തിൽ ആന്ധ്രയിലെ തെനാലിയിൽ ചേർന്ന കൺവൻഷനാണ് സിപിഐ എം രൂപീകരണത്തിന് നാന്ദി കുറിച്ചത്.
ത്യാഗങ്ങളുടെ കനലിൽ ചവിട്ടിനടന്നാണ് വി എസ് അച്യുതാനന്ദൻ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം രചിച്ചത്. ചെറുപ്പം മുതൽ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു. നാലാംവയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സില്‍ ജ്യേഷ്ഠന്‍ ഗംഗാധരന്റെ തയ്യല്‍ക്കടയില്‍ സഹായിയായി. പിന്നീട് ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായ വിഎസ് 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി. 1940 ല്‍, പതിനേഴാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.
പുന്നപ്ര വയലാർ സമരത്തിന് മുൻപ് പൂഞ്ഞാര്‍ ലോക്കപ്പില്‍വച്ച് അനുഭവിച്ചത് കൊടിയ മര്‍ദനം. പൊലീസുകാർ തോക്കിന്റെ ബയണറ്റ് കാല്‍വെള്ളയില്‍ തുളച്ചിറക്കി, കാലുകള്‍ ജയിലഴികള്‍ക്കിടയില്‍ കെട്ടിവെച്ചു കാല്‍പാദങ്ങള്‍ തല്ലിപ്പൊളിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകവരെ ചെയ്തു. പുന്നപ്ര‑വയലാര്‍ സമരത്തിന്റെ പേരില്‍ വിഎസ് മൂന്നുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. രാഷ്ട്രീയ ജീവിതത്തിൽ വിഎസ് അഞ്ചുവര്‍ഷവും എട്ടുമാസവും ജയില്‍ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്. പുന്നപ്ര‑വയലാര്‍ സമരത്തിന്റെ പേരിൽ മൂന്നുവര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 1963 ല്‍ ചൈനീസ് ചാരന്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം നീണ്ട ജയില്‍വാസം. പിന്നീട്, 1975ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് 20 മാസം ജയില്‍ വാസം അനുഭവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.