ബുദ്ധമതത്തിന്റെ പ്രധാനകേന്ദ്രമായി കരുതുന്ന മഹാബോധി ക്ഷേത്രത്തില്‍ ഹിന്ദു സംഘടനകളുടെ ഭരണത്തിനെതിരെ ബുദ്ധസന്യാസിമാരുടെ പ്രക്ഷോഭം ശക്തമാകുന്നു. 1949ല്‍ ബിഹാര്‍ സര്‍ക്കാര്‍ പാസാക്കിയ ബോധ്ഗയ ക്ഷേത്ര നിയമം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
വിഎച്ച്പി അടക്കമുള്ള ഹിന്ദുസംഘടനകള്‍ മഹാബോധി ക്ഷേത്രത്തിന്റെ നിയന്ത്രണം കയ്യാളുന്നതിനെതിരെ ഫെബ്രുവരി 12 മുതല്‍ ബുദ്ധമത അനുയായികള്‍ പ്രതിഷേധം നടത്തിവരുകയാണ്. അഖിലേന്ത്യ ബുദ്ധിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 100 സന്യാസിമാരാണ് ബോധഗയയില്‍ സത്യഗ്രഹം ഇരിക്കുന്നത്. ശ്രീ ബുദ്ധനൊപ്പം അംബേദ്കറിന്റെയും ചിത്രങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. വിഗ്രഹാരാധനയും പൂജയുമടക്കം മഹാബോധി ഇപ്പോള്‍ പൂര്‍ണമായും ഹിന്ദു ആരാധനാ സമ്പ്രദായത്തിലാണെന്ന് ബുദ്ധസന്യാസിമാര്‍ ചൂണ്ടിക്കാട്ടുന്നു. 2500 വര്‍ഷം മുമ്പ് ശ്രീ ബുദ്ധന്‍ ജ്ഞാനോദയം നേടിയ ബോധി വൃക്ഷം നിലനിന്ന പ്രദേശമാണ് ബിഹാറിലെ ബോധ്ഗയയിലെ മഹാബോധി. ബുദ്ധമതാനുയായികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മഹാബോധി പരിഗണിക്കപ്പെടുന്നു. 2002 ജൂണ്‍ 29 മുതല്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംനേടിയ സ്ഥലമാണിത്.
ബിസി 260ല്‍ അശോക ചക്രവര്‍ത്തിയാണ് മഹാബോധി മഠം നിര്‍മ്മിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അശോകന്റെ അനുയായികളാണ് മഠം നോക്കി നടത്തിയത്. 13-ാം നൂറ്റാണ്ടില്‍ ഖില്‍ജി രാജവംശം ഈ പ്രദേശമെല്ലാം ആക്രമിച്ചപ്പോള്‍ ബുദ്ധമത അനുയായികള്‍ ബോധ്ഗയ ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായി. 1590ല്‍ അക്ബറിന്റെ കാലത്താണ് ഹിന്ദു സന്യാസികള്‍ക്ക് സ്ഥലം വിട്ടുകൊടുക്കുന്നത്. 19-ാം നൂറ്റാണ്ട് മുതല്‍ മഹാബോധി തിരിച്ചുപിടിക്കാന്‍ ബുദ്ധമതസ്ഥര്‍ ശ്രമം തുടങ്ങിയിരുന്നു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആരാധനാലയം പൂര്‍ണമായും ബുദ്ധര്‍ക്ക് വിട്ടുകൊടുക്കാന്‍ നിയമം രൂപപ്പെടുത്തിയിരുന്നു. ബിജെപി പിന്തുണയോടെ മാറിമാറി നിതീഷ് കുമാര്‍ ഭരണം വന്നതോടെ ഈ നീക്കം ഇല്ലാതായി. അതേസമയം ബോധ്ഗയയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. ശ്രീ ബുദ്ധന്‍ മഹാവിഷ്ണുവിന്റെ ഒമ്പതാം അവതാരമാണെന്നും ബുദ്ധമതക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി വരാമെന്നും സംഘടനകള്‍ പറയുന്നു. ബോധ്ഗയ ക്ഷേത്ര നിയമ പ്രകാരം നടത്തിപ്പ് ചുമതല ബോധ്ഗയ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. ജില്ലാ മജിസ്‌ട്രേറ്റ് മേധാവി, നാല് ഹിന്ദുക്കളും നാല് ബുദ്ധമത വിശ്വാസികളും അംഗങ്ങളാകണം. എന്നാല്‍, സ്ഥിരമായി ചുമതലയില്‍ വരുന്ന ജില്ലാ മജിസ്‌ട്രേറ്റ് മേധാവി ഹിന്ദു വിശ്വാസിയാകുന്നതോടെ, കമ്മിറ്റിയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാകുന്നു. മജിസ്‌ട്രേറ്റ് ഹിന്ദു അല്ലെങ്കില്‍ ഹിന്ദുവായ ഒരാളെ കൂടി നിയമിക്കാനും അനുമതിയുണ്ട്. ഈ നിയമം റദ്ദാക്കണമെന്നാണ് ബുദ്ധ വിശ്വാസികളുടെ നിരന്തര ആവശ്യം. നിയമം പിന്‍വലിക്കും വരെ പിന്നോട്ടില്ലെന്നും ബുദ്ധ സന്യാസിമാര്‍ പറയുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.