21 February 2026, Saturday

ജാതി — അന്ധവിശ്വാസങ്ങള്‍ക്കെതിരെ കലഹിച്ച സൂഫി വസന്തം

Janayugom Webdesk
February 22, 2026 5:00 am

ള്ളികൾ തകർക്കുക, ക്ഷേത്രങ്ങൾ തച്ചുടക്കുക, ഉടയ്ക്കാൻ കഴിയുന്നതെല്ലാം നിലംപറ്റിക്കുക; എന്നാല്‍ ഒരു മനുഷ്യന്റെയും ഹൃദയം തകർക്കരുത്, കാരണം ഈശ്വരന്‍ വസിക്കുന്നത് അവിടെയാണ്.” നൂറ്റാണ്ടുകൾക്കിപ്പുറവും വിസ്മയത്തോടെ ഓർമ്മിക്കുന്ന ഈ വരികൾ പഞ്ചാബിലെ വിഖ്യാത സൂഫി കവി ബുല്ലേ ഷായുടേതാണ്. സ്നേഹത്തിന്റെ ലഹരിയിൽ കവിത രചിച്ച ബുല്ലേ ഷാ, പലപ്പോഴും വിശ്വപ്രസിദ്ധനായ റൂമിയെ ഓർമ്മിപ്പിച്ചു. മതപരമായ കടുംപിടിത്തങ്ങൾക്കും ജാതിവ്യവസ്ഥയ്ക്കും മേലെ സാർവത്രിക പ്രണയത്തിന്റെ മാഹാത്മ്യമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ജാതിയുടെയും ലിംഗഭേദത്തിന്റെയും വേലിക്കെട്ടുകളെ തച്ചുടച്ച ആ വിപ്ലവകാരി എക്കാലവും മനുഷ്യസ്നേഹികൾക്ക് വഴികാട്ടിയാണ്. എന്നാല്‍ ഏകദേശം ഒരു മാസം മുമ്പ് ജനുവരി 24ന് ഉത്തരാഖണ്ഡിലെ മസൂറിയിലെ ബുല്ലേ ഷായുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകം (മസാർ) സാമൂഹിക വിരുദ്ധർ തകർത്തു. ദർഗയിലെ കാണിക്ക വഞ്ചി ഉടച്ചു. വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചു. മതഗ്രന്ഥങ്ങൾ നശിപ്പിച്ചു. സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. അനുമതിയില്ലാതെ സ്കൂളിന്റെയോ വനം വകുപ്പിന്റെയോ ഭൂമിയില്‍ സ്മാരകം നിർമ്മിച്ചു എന്ന ആരോപണവുമായി ബജറംഗ്‌ദള്‍ ആണ് രംഗത്തെത്തിയത്. പ്രതിഷേധം കനത്തു. വിഷയം രാഷ്ട്രീയമായി. സ്മാരകം പുനർനിർമ്മിക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള നീക്കത്തെ നേരിടുമെന്നും അവിടെ ഹനുമാൻ ക്ഷേത്രം പണിയുമെന്നും കാളി സേന സംസ്ഥാന കൺവീനർ ഭൂപേഷ് ജോഷി ഭീഷണി മുഴക്കി. പക്ഷെ മേയ് മാസത്തോടെ മസാർ പുനർനിർമ്മിക്കുമെന്ന ഉറച്ച നിലപാടിലാണ് ബുല്ലേ ഷാ കമ്മിറ്റി. കമ്മിറ്റി പ്രസിഡന്റ് രജത് അഗർവാൾ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കി. 

നിലവിലെ കേന്ദ്ര ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രജ്ഞനായ വിനായക് ദാമോദർ സവർക്കർ 1923ൽ പ്രസിദ്ധീകരിച്ച “ഹിന്ദുത്വ: ആരാണ് ഹിന്ദു?” എന്ന പുസ്തകത്തിലൂടെ രാജ്യത്തെയും രാഷ്ട്രീയ വ്യവസ്ഥയെയും ഹിന്ദുവൽക്കരിക്കാനും സൈനികവൽക്കരിക്കാനും ആഹ്വാനം ചെയ്തിരുന്നു. ഹിന്ദുമതമല്ല, മറിച്ച് ഹിന്ദുത്വമാണ് സ്വത്വം രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം എന്നത് കേവലം മതപരമോ ആത്മീയമോ ആയ ചരിത്രമല്ലെന്നും അത് സ്വയം പൂർണമാണെന്നുമായിരുന്നു സവർക്കറുടെ നിലപാട്. സകല സമുദായങ്ങൾക്കും വിശ്വാസങ്ങൾക്കുമിടയിലുള്ള ഐക്യം വികലമാക്കാനുള്ള പരാജയപ്പെട്ട ഒരു ശ്രമം ഈ വിവരണങ്ങളിൽ തെളിയുന്നുണ്ട്. ഹിന്ദു ദേശീയതയുടെ ജനനം തന്നെ ഇതര സമുദായങ്ങളുടെ നാശാവശിഷ്ടങ്ങളിലൂടെ സ്വന്തം ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമാണ്. ബുല്ലേ ഷായുടെ ദർഗ തകർക്കാനുള്ള ശ്രമം ഇതിന്റെ തുടർച്ചയായിരുന്നു. ഹിന്ദു സ്വത്വം നിർവചിക്കുന്ന സവർക്കർ നിഷ്കർഷിച്ച പ്രക്രിയയിൽ, സമുദായങ്ങൾ പരസ്പര ബന്ധത്തോടെ ജീവിച്ചുപോന്ന രാജ്യത്തിന്റെ മതേതര പശ്ചാത്തലവും അതിന്റെ ഘടനയും അവഗണിക്കപ്പെട്ടു. ഭാരതീയ ചിന്താഗതികൾ ബഹുതലങ്ങളുടേതാണ്. വൈവിധ്യത്തിന്റെ ആ വർണരാജി പല മാനങ്ങളുള്ള ബോധമണ്ഡലത്തെ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യസൃഷ്ടിയുടെ പരിണാമ പ്രക്രിയയിൽ തന്നെ അന്തർലീനമായ ഒന്നായതിനാൽ ഒരിക്കലും വെല്ലുവിളിക്കപ്പെട്ടിരുന്നില്ല. ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും എതിരെ പോരാടിയ ഒരു ‘സത്യാന്വേഷി’ ആയിരുന്നു ബുല്ലേഷാ. 

ഹിന്ദു ദേശീയത എന്നത് രാജ്യത്ത് അടുത്ത കാലത്തുണ്ടായ ഒരു സങ്കല്പമാണ്. ഇത് വലതുപക്ഷ ചിന്താഗതിയുമായി അടുത്ത ബന്ധം പുലർത്തുന്നു. ബ്രിട്ടീഷ് കച്ചവടതാല്പര്യങ്ങൾ തഴച്ചുവളരുകയും വ്യവസായങ്ങൾ വേരുറപ്പിക്കുകയും ചെയ്തിരുന്ന ഒരു ഘട്ടമായിരുന്നു അത്. അഭയമില്ലാതെ, തുച്ഛമായ വേതനത്തിലും പരിധിയില്ലാത്ത ജോലിസമയത്തിലും തളയ്ക്കപ്പെട്ട ഒരു പുതിയ തൊഴിലാളിവർഗം സാമൂഹിക വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്ന കാലം. അടിമത്തത്തിന്റെ ചങ്ങലകൾ മുറുകുമ്പോഴും സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചു. പഴയതിന്റെ അവശിഷ്ടങ്ങൾക്ക് മേൽ ആധുനികത കടന്നുവന്നു. മെക്കാളെ സംഘത്തിന്റെ മാർഗനിർദേശപ്രകാരം പുതിയ കൊളോണിയൽ സിലബസ് പഠിപ്പിക്കുന്ന കോളജുകളും സ്കൂളുകളും തുറക്കപ്പെട്ടു. ഇന്ത്യൻ ജനതയുടെ ബുദ്ധിശക്തിയെ അടിമപ്പെടുത്താനും അവരുടെ ചിന്തകളെ രൂപപ്പെടുത്താനുമുള്ള വഴികൾ തേടുകയായിരുന്നു ബ്രിട്ടീഷ് കൊളോണിയലിസം. എന്നിരുന്നാലും, ഇതിനെതിരെയുള്ള വിപ്ലവവും വേരുപിടിക്കുന്നുണ്ടായിരുന്നു. കൊളോണിയൽ ഭരണാധികാരികൾ ഇന്ത്യക്കാരുടെ ഐക്യം നശിപ്പിക്കാൻ ശ്രമിച്ച കാലം കൂടിയായിരുന്നു അത്. എന്നാൽ ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും സങ്കല്പം രാജ്യത്തിന്റെയും ജനതയുടെയും സംസ്കാരത്തിൽ എപ്പോഴും പ്രമുഖമായിരുന്നു. സാർവത്രിക പ്രണയം, കല, തത്വചിന്ത, സംസ്കാരം എന്നിവയിൽ അധിഷ്ഠിതമായ സ്നേഹത്തിന്റെ സന്ദേശം പകരുകയും ഭിന്നിപ്പിന്റെ സ്വാധീനങ്ങളെ നിരസിക്കുകയും ചെയ്തുകൊണ്ട് ബുല്ലേ ഷാ ഇതിന്റെ മുൻനിര പോരാളിയായി നിലകൊണ്ടു. അദ്ദേഹത്തിന്റെ പാരമ്പര്യം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു. 1680ൽ ഇന്നത്തെ പാകിസ്ഥാനിലെ കസൂരിലാണ് ‘അബ്ദുള്ള ഷാ’ എന്ന ബുല്ലേ ഷാ ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവികർ ബഹാവ‌ല്‍പൂരിലെ ഉച്ച് ഗിലാനിയൻ സ്വദേശികളായിരുന്നു. എന്നാൽ അദ്ദേഹം ജനിച്ചത് പാണ്ടോകെ ഭാട്ടിയൻ എന്ന ഗ്രാമത്തിലാണെന്നും പറയുന്നവരുണ്ട്. പിതാവ് ഷാ മുഹമ്മദ് ദർവേഷ് അധ്യാപകനായിരുന്നു. ഉയർന്ന ജാതിയെ സൂചിപ്പിക്കുന്ന സയ്യിദ് കുടുംബാംഗമായിരുന്ന ഷാ മുഹമ്മദ് പള്ളിയിലെ പ്രസംഗകനും അറബിക്, പേർഷ്യൻ ഭാഷകളിലും ഖുറാനിലും അഗാധ പാണ്ഡിത്യമുള്ളയാളുമായിരുന്നു. ഇന്നും പാണ്ടോകെ ഭാട്ടിയനിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ചരമവാർഷികം (ഉറൂസ്) ആചരിക്കാറുണ്ട്.

ബുല്ലേ ഷാ തന്റെ സയ്യിദ് എന്ന ജാതി പദവി ഉപേക്ഷിച്ചു. അക്കാലത്തെ പ്രധാന പഠനകേന്ദ്രമായിരുന്ന കസൂരിൽ, ഹസ്രത്ത് ഗുലാം മുർതസയുടെ കീഴിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ബുല്ലേ ഷായുടെ സമകാലികനും പ്രശസ്ത പഞ്ചാബി കവിയുമായ വാരിസ് ഷായും ഗുലാം മുർതസയുടെ ശിഷ്യനായിരുന്നു. ബുല്ലേ ഷാ പിന്നീട് ബടാലയിൽ ഖാദരിയ സിൽസിലയുടെ കീഴിൽ പഠനം നടത്തി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ അബ്ദുൽ ഖാദിർ ഗിലാനി സ്ഥാപിച്ച സുന്നി സൂഫി വിഭാഗമാണിത്. ബുല്ലേ ഷായുടെ രണ്ടാമത്തെ വിപ്ലവം മതപരമായ യാഥാസ്ഥിതികത്വത്തിന് എതിരെയായിരുന്നു. ഹജ്ജ്, റംസാൻ വ്രതം, ശരീഅത്ത് നിയമങ്ങൾ, നിത്യേനയുള്ള നമസ്കാരം തുടങ്ങിയ ആചാരങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. പുതുതായി രൂപംകൊണ്ട സിഖ് മതം തുടർച്ചയായി കലാപങ്ങൾക്ക് നേതൃത്വം നല്‍കിയിരുന്ന കാലമായിരുന്നു അത്. ബുല്ലേ ഷായുടെ ഇത്തരം നിലപാടുകൾ പുരോഹിതവർഗത്തെ വല്ലാതെ പ്രകോപിപ്പിച്ചു. മൂന്നാമതായി അദ്ദേഹം വെല്ലുവിളിച്ചത് പുരുഷാധിപത്യത്തെയാണ്. അദ്ദേഹം പാട്ടും നൃത്തവും അഭ്യസിച്ചു. ഇസ്ലാമിക പാരമ്പര്യത്തിലെ പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് പഞ്ചാബി വധുക്കൾ ധരിക്കുന്ന പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അദ്ദേഹം അണിഞ്ഞു. അദ്ദേഹത്തിന്റെ ‘കാഫികൾ’ (കവിതകൾ) സ്ത്രീയുടെ പക്ഷത്ത് നിന്നു. അവ സ്ത്രീകളോട് അടിച്ചമർത്തലുകളെ എതിർക്കാൻ ആഹ്വാനം ചെയ്തു. ശൈവ ആചാരങ്ങളും ബുദ്ധമത തത്വങ്ങളും ഉൾക്കൊള്ളുന്ന ‘നാഥ് യോഗികളിൽ’ നിന്നും പ്രചോദനം ഉൾക്കൊണ്ടു. യോഗാഭ്യാസങ്ങളിലൂടെ വ്യക്തികളെ പരമാത്മാവുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും ഇത് മതങ്ങൾക്കും അതീതമാണെന്നും അദ്ദേഹം വിശ്വസിച്ചു. തന്റെ ഒരു കവിതയിൽ അദ്ദേഹം ഇങ്ങനെ പാടി: “നിന്നെ പ്രാപിക്കാൻ ഞാൻ ശ്വാസത്തെ നിയന്ത്രിച്ചിരിക്കുന്നു.” അക്കാലത്തെ ഭക്തി പ്രസ്ഥാനത്തിൽ നിന്ന് സ്വാംശീകരിച്ച ആശയങ്ങളനുസരിച്ച് തന്റെ മുർഷിദ് (ഗുരു) ഈശ്വരന്റെ പ്രതിരൂപമാണെന്ന് അദ്ദേഹം വിശ്വസിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.