മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിന് മുന്നൊരുക്കമില്ലാതെ പഴയ വാർഡുകൾ പൊളിച്ചെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ നിസാറുദീൻ പറഞ്ഞു. 27, 28 എന്നീ വാർഡുകളില്‍ 250 കിടക്കകള്‍ സജ്ജമാക്കി രോഗികളെ അവിടേക്ക് മാറ്റിയ ശേഷമാണ് പഴയ വാർഡുകൾ പൊളിച്ചത്.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 16, 17, 18, 19, 24, 25 എന്നീ ക്ലിനിക്കൽ വാർഡുകളും കൂടാതെ ബേൺസ് ഐസിയുവും പ്രവർത്തിച്ചിരുന്ന പഴയ ബ്ലോക്കാണ് പൊളിച്ചു നീക്കിയത്. കൂടുതൽ മെച്ചപ്പെട്ട നിലയിൽ ബേൺസ് ഐസിയു മെയിൻ ബ്ലോക്കിൽ സ്ഥാപിച്ച് പ്രവർത്തനം നടന്നുവരികയും ചെയ്യുന്നുണ്ട്. നിലവിലുള്ള 250 എണ്ണത്തിനു പുറമേ പുതിയ ബ്ലോക്കിൽ 350 കിടക്കകളും 30 ഐസിയു കിടക്കകളും 16 ഓപ്പറേഷൻ തിയേറ്ററുകളും ഉണ്ടാകും. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.
രണ്ടായിരത്തോളം രോഗികൾ വാർഡുകളിലും എണ്ണൂറിലധികം രോഗികൾ അത്യാഹിത വിഭാഗത്തിലും 4,500 രോഗികൾ വരെ ഒപി വിഭാഗത്തിലും ദിവസേന ചികിത്സ തേടുന്ന മെഡിക്കൽ കോളജിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 717 കോടി രൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കുന്ന മാസ്റ്റർ പ്ലാനിന്റെ ആദ്യ ഘട്ടത്തിൽ കാമ്പസിലെ പ്രധാന റോഡുകളുടെ നവീകരണം പൂർത്തിയായി. അത്യാഹിത വിഭാഗം വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും നിരന്തരം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴുണ്ടാകുന്ന താൽക്കാലിക അസൗകര്യങ്ങളെ പർവതീകരിച്ച് ആയിരകണക്കിന് രോഗികൾ ആശ്രയിക്കുന്ന പൊതു സ്ഥാപനത്തെ തകർക്കാനുള്ള കുത്സിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യ ആശുപത്രികളെ സഹായിക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലെന്നും സൂപ്രണ്ട് പറഞ്ഞു.
നിലവിൽ പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ വൈദ്യുത കേബിളുകൾ നീക്കം ചെയ്യാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. താമസിയാതെ തന്നെ കെട്ടിടം പൂർണമായി പൊളിച്ചു മാറ്റുകയും നിശ്ചിത സമയത്തിനുള്ളിൽ പുതിയ കെട്ടിടത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ നോഡൽ ഓഫിസർ കൂടിയായ ഡോ. നിസാറുദീൻ വ്യക്തമാക്കി.
English Summary: The superintendent said that the news about the demolition of the old wards in the medical college is untrue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.