കൊളീജിയം ശുപാർശകൾ അംഗീകരിക്കാതെ പിടിച്ചുവച്ച കേന്ദ്രസർക്കാർ നിലപാടിൽ രോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊളീജിയം 2021ൽ ആവർത്തിച്ച് ശുപാർശ ചെയ്‌ത 11 പേരുടെകാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രം അടയിരിക്കുന്നത് ശരിയല്ലെന്ന് ജസ്‌റ്റിസ് സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് തുറന്നടിച്ചു.
കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട ബംഗളൂരു അഭിഭാഷക അസോസിയേഷന്റെ ഹര്‍ജിയാണ് പരിഗണിച്ചത്. വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച് കേന്ദ്രനിയമ സെക്രട്ടറിക്ക് കോടതി നോട്ടീസ് അയച്ചു. നിയമനം അംഗീകരിക്കുന്നില്ലെങ്കിൽ കാരണം അറിയിക്കണം. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ആശയവിനിമയവും സർക്കാര്‍ നടത്തിയിട്ടില്ല. ശുപാർശകളിൽ അടയിരിക്കുന്ന സർക്കാർ സമീപനം അംഗീകരിക്കാനാകില്ല.
സർക്കാർ തീരുമാനം വൈകിപ്പിച്ചാൽ ജഡ്‌ജിമാരാകാൻ സമ്മതം അറിയിച്ചവർ അവരുടെ സമ്മതം പിൻവലിക്കാൻ സാധ്യതയുണ്ട്. നിയമസംവിധാനത്തിന് കഴിവും പ്രാപ്‌തിയുമുള്ള ജഡ്‌ജിമാരെ നഷ്ടപ്പെടും. ജസ്‌റ്റിസ് അഭയ് എസ് ഓഖ കൂടി അംഗമായ ബെഞ്ച് ചൂണ്ടിക്കാട്ടി.ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാർശ കൈമാറിയാൽ കേന്ദ്രത്തിന് അംഗീകരിക്കുകയോ വിയോജിപ്പ് രേഖപ്പെടുത്തി തിരിച്ചയക്കുകയോ ചെയ്യാം.
സർക്കാർ തിരിച്ചുവിട്ട ശുപാർശ കൊളീജിയം പുനഃപരിശോധിക്കും. അതിനുശേഷം അതേ ശുപാർശ ആവർത്തിച്ചാൽ മൂന്നോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ നിയമനം അംഗീകരിക്കണമെന്നാണ് 2021 ഏപ്രിലിലെ സുപ്രീംകോടതി ഉത്തരവ്.
ഈ ഉത്തരവ് പാലിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാർ വാദിച്ചു. കൊളീജിയം ശുപാർശ ആവർത്തിച്ചാൽ സർക്കാരിന് അത് അംഗീകരിക്കാതെ മറ്റ് വഴിയില്ലെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. 2021ൽ ഒമ്പത് അഭിഭാഷകരെയും മൂന്ന് കീഴ്‌ക്കോടതി ജഡ്‌ജിമാരെയും ഹൈക്കോടതി ജഡ്‌ജിമാരായി ഉയർത്താമെന്നാണ് കൊളീജിയം ശുപാർശ ചെയ്‌തത്. ഇവരില്‍ ഒരാള്‍ പിന്നീട് പിന്മാറി.
English Summary:
The Supreme Court expressed its anger at the central government’s stand for not accepting the collegium recommendations
YOU may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.