
മലയാളി വിദ്യാര്‍ത്ഥികളെ രാജ്യ തലസ്ഥാനത്ത് ആക്രമിക്കുകയും ഹിന്ദി സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ലുങ്കി ധരിച്ചതിന് പരിഹസിക്കുകയും ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു. ആക്രമണം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. സെപ്തംബര്‍ 24ന് ചെങ്കോട്ടയ‍്ക്ക് സമീപമാണ് സംഭവം നടന്നത്. ഒരു കൂട്ടം അക്രമികള്‍ രണ്ട് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതായി മാധ്യമ റിപ്പോര്‍ട്ടുണ്ട്.മോഷണക്കുറ്റം ആരോപിച്ച് ചില പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തിന്റെ ഭാഗമായിരുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതായും ബഹുസ്വരതയും ഐക്യവും നിലനില്‍ക്കുന്ന രാജ്യത്ത് വംശീയ വിവേചന പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അലോക് ആരാധെയും ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അംഗീകരിക്കാനാകില്ല, നമ്മള്‍ ഒരു രാജ്യമാണെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ നിരീക്ഷിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരെ വംശീയ വിവേചനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2014ല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
2014 ജനുവരി 29ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള നിഡോ ടാനിയ എന്ന വിദ്യാര്‍ത്ഥിയെ ദക്ഷിണ ഡല്‍ഹിയിലെ കടയുടമകള്‍ തല്ലിക്കൊന്നത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വംശീയ അക്രമങ്ങളും വിദ്വേഷ കറ്റകൃത്യങ്ങളും നിരീക്ഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നേരത്തെ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം കൊടുത്തിരുന്നു. ഇത്തരം മനോഭാവം മാറ്റിയെടുക്കാന്‍ സര്‍വകലാശാലകളിലും സമൂഹത്തിലും ജോലിസ്ഥലങ്ങളിലും ശ്രമങ്ങള്‍ നടക്കണമെന്നും എങ്കിലേ ഇവ അര്‍ത്ഥവത്തായ രീതിയില്‍ തടയാനാകൂ എന്നും കോടതി ഊന്നിപ്പറഞ്ഞിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ സമീപകാല ആക്രമണങ്ങള്‍ വംശീയതയുടെ തുടര്‍ച്ചയായ വ്യാപനം തെളിയിക്കുന്നതാണെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രണം സംബന്ധിച്ച് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കത്തെഴുതിയിരുന്നു. ഉന്നതതല അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ പിടികൂടണമെന്നും വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്ത സാധനങ്ങള്‍ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംരക്ഷണം നല്‍കേണ്ട പൊലീസ് ജനക്കൂട്ടത്തിനൊപ്പം നിന്നു. വിദ്യാര്‍ത്ഥികളെ വലിച്ചിഴച്ചു, ഫൈബര്‍ ലാത്തി കൊണ്ട് മര്‍ദിച്ചു, അപമാനിച്ചു എന്നും ആരോപിച്ചു. എന്നാല്‍ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ചില വഴിയോര കച്ചവടക്കാര്‍ രണ്ട് വിദ്യാര്‍ത്ഥികളെയും മര്‍ദിച്ച ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായി ഡിസിപി രാജ ബന്തിയ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികള്‍ വസ്ത്രം വാങ്ങിയ ശേഷം 4,000 രൂപ നല്‍കിയെന്നും 10,000 രൂപ ഓണ്‍ലൈനായി നല്‍കിയെന്നും കാണിച്ചു. എന്നാല്‍ ഈ ഇടപാട് നടന്നില്ലെന്ന് കച്ചവടക്കാര്‍ പരാതിപ്പെട്ടു. സെപ്തംബര്‍ 24ന് ഇരുവരും വീണ്ടും മാര്‍ക്കറ്റിലെത്തിയപ്പോള്‍ വഴിയോര കച്ചവടക്കാര്‍ ചോദ്യം ചെയ്യുകയും കയ്യേറ്റം നടത്തുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.