23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024

കേന്ദ്രത്തിന്റെ മാധ്യമവിലക്ക് സുപ്രീം കോടതി തടഞ്ഞു

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
March 21, 2024 10:58 pm

സര്‍ക്കാര്‍ കയ്യൊപ്പുള്ള വാര്‍ത്തകള്‍ മാത്രം പുറത്തു വന്നാല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ കൃത്യതയും വ്യക്തതയും വസ്തുതയും പരിശോധിക്കുന്നതിനായി സംവിധാനം രൂപീകരിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് കേന്ദ്രം നേരത്തെ തന്നെ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് ഐ ടി നിയമത്തിന്റെ ഭേദഗതി വ്യവസ്ഥകളില്‍ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ ഐ ടി നിയമത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് പുതിയ നീക്കവുമായി കേന്ദ്രം രംഗത്ത് എത്തിയത്.

വിജ്ഞാപനത്തിന് മുന്നോടിയായി രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത വാര്‍ത്തകള്‍ സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വിവിധ ഭാഷകളില്‍ ലഭ്യമെന്നും ഇത്തരത്തില്‍ വാര്‍ത്ത ലഭിക്കാന്‍ ഈ സംവിധാനത്തിലേക്ക് ചേരാനുള്ള ലിങ്ക് ഉള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തയെന്ന് മുദ്രകുത്തിയാല്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ഇതിന്റെ സേവന ദാതാക്കള്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കുന്ന വിജ്ഞാപനമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി ഉത്തരവ് ഉണ്ടാകും വരെയാണ് കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. വിഷയം ഏറെ ഗൗരവതരമെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയെന്നതും എടുത്തു പറയേണ്ടതാണ്.

Eng­lish Sum­ma­ry: The Supreme Court stayed the Cen­tre’s media ban

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.