23 January 2026, Friday

Related news

January 23, 2026
January 22, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026

“സൈന്യത്തിന് യോജിച്ചവനല്ല”: ഗുരുദ്വാരയിൽ പ്രവേശിക്കാത്ത ക്രിസ്ത്യാനിയായ ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി സുപ്രീം കോടതി അംഗീകരിച്ചു

Janayugom Webdesk
ന്യൂഡൽഹി
November 25, 2025 2:43 pm

ഗുരുദ്വാരയിലെ വിശുദ്ധസ്ഥലത്ത് (ദര്‍ബാര്‍ സാഹിബ്) ആരാധനാ വേളയില്‍ പ്രവേശിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ക്രിസ്ത്യാനിയായ സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു. ഉദ്യോഗസ്ഥന്റെ ചെയ്തികളെ വിമര്‍ശിച്ച സുപ്രീം കോടതി അദ്ദേഹം സൈന്യത്തിന് യോജിച്ചവനല്ല എന്നായിരുന്നു വിശേഷിപ്പിച്ചത്. സിഖ് സൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിൽ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

“ഇയാൾ എന്ത് സന്ദേശമാണ് നൽകുന്നത്? ഒരു സൈനിക ഉദ്യോഗസ്ഥൻ കാണിച്ച കടുത്ത അച്ചടക്കമില്ലായ്മ. പിരിച്ചുവിടേണ്ടതു തന്നെ. ഇത്തരത്തിലുള്ള വ്യക്തികൾക്ക് സൈന്യത്തിൽ തുടരാന്‍ അർഹതയുണ്ടോ? ” പുതിയ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സാമുവൽ കമലേശന്റെ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു ഈ പരാമർശം.

“അദ്ദേഹം ഒരു മികച്ച ഉദ്യോഗസ്ഥനായിരിക്കാം, പക്ഷേ ഇന്ത്യൻ സൈന്യത്തിന് അദ്ദേഹം യോജിച്ചവനല്ല. ഈ സമയത്ത് സേനയ്ക്കുള്ള ഉത്തരവാദിത്തങ്ങൾ കണക്കിലെടുക്കുമ്പോൾ… ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. ”

തേർഡ് കാവൽറി റെജിമെന്റിലെ ലെഫ്റ്റനന്റായിരുന്ന കമലേശനെ സൈനിക അച്ചടക്കം ലംഘിച്ചതിന് പുറത്താക്കിയിരുന്നു. പൂജാ വേളയില്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ പ്രവേശിക്കാനുള്ള മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അദ്ദേഹം നിരസിച്ചു. അത് തന്റെ ഏകദൈവവിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു നിലപാട്. ഇത് വ്യക്തമായും അച്ചടക്കമില്ലായ്മയാണ്” സുപ്രീംകോടതി പറഞ്ഞു. കമലേശന്റെ ഈ പ്രവൃത്തിയെ “അത്യാവശ്യ സൈനിക ധാർമ്മികതയുടെ” ലംഘനമായും കോടതി ചൂണ്ടിക്കാട്ടി..

കമലേശൻ “നിയമാനുസൃതമായ ഒരു മേലുദ്യോഗസ്ഥന്റെ നിര്‍ദേശത്തേക്കാൾ ഉപരിയായി തന്റെ മതത്തിന് പ്രാധാന്യം നൽകി” എന്ന സൈന്യത്തിന്റെ തീരുമാനത്തെ ഡൽഹി ഹൈക്കോടതിയും ശരിവച്ചിരുന്നു.

“നിങ്ങളുടെ പാസ്റ്റർ നിങ്ങളെ ഉപദേശിക്കുമ്പോൾ… നിങ്ങൾ അതിനനുസരിച്ച് പ്രവർത്തിക്കുക. യൂണിഫോമിൽ ആയിരിക്കുമ്പോൾ…നിങ്ങളുടെ മതം എന്തിനാണ് അനുവദിക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സ്വന്തമായ ഒരു ധാരണ ഉണ്ടാക്കാൻ കഴിയില്ല. ” കോടതി ചൂണ്ടിക്കാട്ടി.

പുറത്താക്കപ്പെട്ട സൈനികനുവേണ്ടി വാദിച്ച സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, “ഒരു ഒറ്റപ്പെട്ട ലംഘനത്തിന്റെ പേരിൽ സൈന്യം അദ്ദേഹത്തെ പിരിച്ചുവിട്ടു” എന്നും, ഹോളി, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് കമലേശൻ മറ്റ് മതങ്ങളോട് ബഹുമാനം പ്രകടിപ്പിച്ചിരുന്നുവെന്നും വാദിച്ചു.

“കമലേശൻ വിശുദ്ധ സ്ഥലത്തിന് പുറത്ത് നിൽക്കുകയായിരുന്നു.… എന്നാൽ അവിടെ പ്രവേശിക്കുന്നത് അദ്ദേഹത്തിന്റെ വിശ്വാസത്തിന് എതിരാണ്… ‘, ” ശങ്കരനാരായണൻ കോടതിയെ അറിയിച്ചു. കമലേശന്റെ മേലുദ്യോഗസ്ഥന് മാത്രമാണ് പ്രശ്നമുണ്ടായിരുന്നതെന്നും ശങ്കരനാരായണന്‍ വാദിച്ചു.

സ്വന്തം മതം ആചരിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നതിലൂടെ, മറ്റ് മതപരമായ ആചാരങ്ങൾ നടത്താനോ അതിൽ പങ്കെടുക്കാനോ ഉള്ള അവകാശം തനിക്കില്ല എന്ന് നിശ്ചയിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ശങ്കരനാരായണൻ വാദിച്ചു.

“സൈന്യത്തിൽ ചേരുന്നതുകൊണ്ട് ഒരാൾക്ക് തന്റെ മതപരമായ സ്വത്വം നഷ്ടപ്പെടുന്നില്ല. കമലേസന്‍ ഗുരുദ്വാരയിലും അമ്പലത്തിലും എല്ലായിടത്തും പ്രവേശിക്കുമായിരുന്നു… പക്ഷേ അവർ വിശുദ്ധസ്ഥത്ത് പ്രവേശിച്ച് ആരാധന നടത്താന്‍ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വിസമ്മതിച്ചു. കുറഞ്ഞപക്ഷം അത്രയെങ്കിലും ഭരണഘടന അനുവദിക്കുന്നുണ്ട്, ” ശങ്കരനാരായണൻ പറഞ്ഞു, “അദ്ദേഹം ഏകദൈവവിശ്വാസം പ്രഖ്യാപിക്കുന്നു… ” എന്നും ആവർത്തിച്ചു.

പക്ഷെ, സുപ്രീം കോടതി ആ വാദങ്ങളൊന്നും അംഗീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.