
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പുതിയ “ക്രിമിനൽ പ്രൊസീജ്യർ കോഡ്” പുറത്തിറക്കി. പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുകയും അടിമത്തത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്സാദ അംഗീകരിച്ച ഈ നിയമസംഹിത പ്രകാരം സമൂഹത്തെ മതപണ്ഡിതന്മാർ, ഉന്നതർ, മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും ഉയർന്ന വിഭാഗമായ മതപണ്ഡിതന്മാർ കുറ്റം ചെയ്താൽ അവർക്ക് കേവലം ഉപദേശം നൽകി വിട്ടയക്കാനാണ് നിർദ്ദേശം. അതേസമയം താഴ്ന്ന വിഭാഗത്തിലുള്ളവർക്ക് തടവുശിക്ഷയ്ക്ക് പുറമെ ക്രൂരമായ ശാരീരിക പീഡനങ്ങളും നേരിടേണ്ടി വരും. കുറ്റവാളിയുടെ സാമൂഹിക പദവി നോക്കി ശിക്ഷ നിശ്ചയിക്കുന്ന ഈ രീതി നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമത്തിൽ ‘ഗുലാം’ അഥവാ അടിമ എന്ന പദം നിയമപരമായ ഒരു വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അടിമത്തത്തെ താലിബാൻ നിയമവിധേയമാക്കിയിരിക്കുന്നു. ചില ശിക്ഷകൾ നടപ്പിലാക്കാൻ കുറ്റവാളിയുടെ യജമാനനോ ഭർത്താവിനോ അധികാരം നൽകുന്ന വ്യവസ്ഥകളും ഇതിലുണ്ട്. ഇത് സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കും. കൂടാതെ, പ്രാർത്ഥനയിൽ വീഴ്ച വരുത്തുന്ന പത്തുവയസ്സുകാരനെ ശിക്ഷിക്കാൻ പിതാവിന് അധികാരം നൽകുന്നതുൾപ്പെടെയുള്ള കർക്കശമായ നിയമങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലുകൾ ഒടിയുന്നതോ തൊലി കീറുന്നതോ ആയ പരിക്കുകൾ ഒഴിവാക്കി മറ്റേത് രീതിയിലും ശാരീരികമായി ഉപദ്രവിക്കാൻ പുതിയ നിയമം അനുമതി നൽകുന്നു.
ഈ നിയമം മധ്യകാലഘട്ടത്തേക്കാൾ ഭീകരമാണെന്നും മനുഷ്യാന്തസ്സിനെ നേരിട്ട് വെല്ലുവിളിക്കുന്നതാണെന്നും അഫ്ഗാനിലെ മുൻ ഭരണാധികാരികളും അന്താരാഷ്ട്ര നിരീക്ഷകരും പ്രതികരിച്ചു. വിവേചനപരമായ ഈ നിയമം മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള ഒരു ഉപകരണമായിട്ടാണ് താലിബാൻ ഈ പുതിയ നിയമസംഹിതയെ ഉപയോഗിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ നിയമപരമായ ഔദ്യോഗിക രേഖയായിട്ടാണ് ഈ 119 അംഗ നിയമത്തെ ലോകം വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.