25 January 2026, Sunday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026

തീരുവ യുദ്ധം സാമ്രാജ്യത്വത്തിന്റെ ക്രൂരമായ കടന്നാക്രമണം; വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാൻ ഇന്ത്യ മുൻകയ്യെടുക്കണം: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
August 27, 2025 8:53 pm

ട്രംപ് ഭരണകൂടത്തിന്റെ തീരുവ യുദ്ധം വർത്തമാനകാലത്തെ സാമ്രാജ്യത്വവ്യവസ്ഥയുടെ ക്രൂരമായ കടന്നാക്രമണമുഖമാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍.
ജനാധിപത്യത്തിന്റെയും സർവതന്ത്രസ്വതന്ത്ര വിപണി വ്യവസ്ഥയുടെയും മുഖംമൂടിയണിഞ്ഞ് നിരവധി വർഷങ്ങളായി പ്രത്യക്ഷപ്പെടുന്ന ആഗോള മൂലധന സാമ്രാജ്യത്വം മറകൂടാതെ തങ്ങളുടെ കൊള്ള നയം വ്യക്തമാക്കിയിരിക്കുന്നു. 25 ശതമാനം തീരുവ ഇപ്പോൾ ഇരട്ടിയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ അമേരിക്ക ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യമായി തീർന്നിരിക്കുകയാണ് ഇന്ത്യ.
നമ്മുടെ രാജ്യത്തിന്റെ കാർഷിക വ്യവസായിക സമ്പദ്ഘടനയെ ഒന്നാകെ തകർക്കുന്നതാണ് അമേരിക്കയുടെ പുതിയ തീരുവ നയം. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ വളരെ പ്രതികൂലമായി ബാധിക്കുകയും അതുവഴി ജനകോടികളുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കുകയും ചെയ്യുന്നവയാണവ. വിശേഷിച്ചും കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതമാണ് ഇത് വരുത്തിവയ്ക്കാൻ പോകുന്നത്.
55.8% ഇന്ത്യൻ ഉല്പന്നങ്ങൾക്കും തീരുവ ബാധകമാകും. കയറ്റുമതി 43% ഇടിയും എന്നും ജിഡിപി വളർച്ച ഒരു ശതമാനത്തോളം കുറയുമെന്നും പ്രതീക്ഷിക്കുന്നു. നാണ്യവിളകളുടെ ഉല്പാദനത്തിലൂന്നിയ കേരളത്തിലെ കാർഷിക സമ്പദ് വ്യവസ്ഥക്കാണ് ഏറ്റവും വലിയ തിരിച്ചടി ലഭിക്കുക.
ട്രംപ് ഭരണകൂടത്തിന്റെ തീട്ടൂരങ്ങൾക്ക് മുമ്പിൽ നരേന്ദ്രമോഡിയും ആർഎസ്എസ്- ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരും തലകുനിച്ചു നിൽക്കുന്ന ലജ്ജാകരമായ കാഴ്ചയാണ് രാജ്യം കാണുന്നത്. ലോകത്തെമ്പാടും സ്വന്തം ജനതയോടൊപ്പം നിലകൊണ്ടിട്ടുള്ള ഭരണാധികാരികളെ ഗൂഢാലോചനകളിലൂടെ അട്ടിമറിക്കാനും തങ്ങളുടെ ജനതയെ ഒറ്റുകൊടുത്തുകൊണ്ട് സാമ്രാജ്യത്വ നയങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരികളെ വാഴിക്കാനും സംരക്ഷിക്കാനും സാമ്രാജ്യത്വം മുന്നോട്ടുവന്നിട്ടുണ്ട് എന്നതാണ് ചരിത്രാനുഭവം.
കർഷകരെയും പശുപാലകരെയും മീൻപിടിത്തക്കാരെയും ചെറുകിട സംരംഭകരെയും കൈവിടുകയില്ല എന്ന് മഹാത്മാഗാന്ധിയെ പോലും പിടിച്ച് ആണയിടുന്ന പ്രധാനമന്ത്രിയുടെ പതിവ് വാചാടോപങ്ങൾക്കൊന്നും ഇപ്പോൾ പ്രകടമായിരിക്കുന്ന വൈരുധ്യത്തെ മൂടിവെക്കാൻ കഴിയുകയില്ല. ഇന്ത്യക്കാരെ കാൽചങ്ങലയണിയിച്ച് നാടുകടത്തിയപ്പോൾ പോലും ആത്മമിത്രമായ ട്രംപിനെ ആലിംഗനം ചെയ്ത നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ ആത്മാർത്ഥത ആരിലും സംശയമുളവാക്കുന്നതാണ്. ഈ സാമ്പത്തിക യുദ്ധത്തിന് ഇരയാകുന്ന ലോകരാഷ്ട്രങ്ങളെയും ജനതകളെയും ഒരുമിപ്പിച്ച് വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.