സിവില്‍ സര്‍വീസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിവില്‍ സര്‍വീസില്‍ നിന്ന് എല്ലാവരെയും പുറത്താക്കാനുള്ള കരുക്കള്‍ നീക്കുന്നതിന്റെ ഒന്നാംഘട്ടമായാണ് പെന്‍ഷന്‍ എടുത്തുകളയുന്നതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച 36 മണിക്കൂര്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലെസ് ഗവണ്‍മെന്റ്, മാക്സിമം ഗവേണന്‍സ് എന്നതാണ് മോഡിയുടെ മുദ്രാവാക്യം. സിവില്‍ സര്‍വീസും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒന്നും വേണ്ട എന്നതാണ് അവരുടെ നയം. സിവില്‍ സര്‍വീസിന്റെ ഏറ്റവും വലിയ ആകര്‍ഷണം പെന്‍ഷന്‍ ആയിരുന്നു. സാമൂഹ്യസുരക്ഷ ആയിരുന്നു. അത് ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയാണ്. അഡാനിക്കുവേണ്ടി എന്തും ചെയ്യും മോഡിയെന്നതാണ് സ്ഥിതി. മോഡിയുടെ ഏറ്റവും പ്രിയപ്പെട്ട അമേരിക്ക പോലും അഡാനി കള്ളനാണെന്ന് പറഞ്ഞിട്ടും ഒരു അനക്കവും മോഡിയുടെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല. ട്രംപും മോഡിയും നെതന്യാഹുവും ഉള്‍പ്പെട്ട ‘ഈവിള്‍ ട്രയോ’ സംഘത്തിന് ഒരേ അഭിപ്രായമാണ്. എല്ലാം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം.
ഈ നയങ്ങള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. നമ്മുടെ സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തില്‍ ഭരിക്കുന്നത്. പെന്‍ഷന്‍ വിഷയത്തില്‍ എല്‍ഡിഎഫിന്റെ നയം പ്രാവര്‍ത്തികമാക്കപ്പെടണം. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് ഈ സമരമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ചെയർമാൻ ഒ കെ ജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതം പറഞ്ഞു. വൈകിട്ട് ‘പൊതു സേവനങ്ങളും ഭരണഘടനയും’ എന്ന വിഷയത്തില്‍ നടന്ന സെമിനാർ ജനയുഗം പത്രാധിപര്‍ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫഡറേഷൻ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, കെ എൽ സുധാകരൻ, ജി മോട്ടിലാൽ, എൻ ശ്രീകുമാർ, കെ ഷാനവാസ് ഖാൻ, പി ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു. രാത്രി ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
അയ്യായിരത്തിൽപ്പരം ജീവനക്കാരും അധ്യാപകരും പങ്കെടുക്കുന്ന സമരം ഇന്ന് വൈകുന്നേരം സമാപിക്കും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു സമാപന പ്രസംഗം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.