അയഞ്ഞ സമീപനം ഉപേക്ഷിച്ച് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് ആവശ്യം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ പ്രതിസന്ധിയിലായി കോൺഗ്രസ്. എല്ലാ സമയത്തേയും പോലെയല്ല, സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശങ്ക പടർത്തുന്നത്. നേരത്തെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യമുന്നയിക്കാൻ പാർട്ടിക്ക് അർഹതയുണ്ടെന്ന് മാത്രമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. പതിവ് പ്രസ്താവന പോലെ മാത്രമായി ഇതിനെ കോൺഗ്രസ് കാണുമ്പോഴാണ് ഇത്തവണ സീറ്റ് വേണമെന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് പുറത്തുവന്നിരിക്കുന്നത്. നിലവിലുള്ള രണ്ട് ലോക‌്സഭാ സീറ്റിൽ ഒന്ന് വിട്ടുകൊടുക്കേണ്ടിവന്നാലും മതേതര ഇന്ത്യ തിരിച്ചുപിടിക്കലാണ് ലീഗിന്റെ ലക്ഷ്യമെന്ന് നജീബ് കാന്തപുരം ഉൾപ്പെടെ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ നിന്നാണ് കടുത്ത നിലപാടിലേക്ക് ലീഗ് മാറിയത്. മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ ലീഗ് നിലയുറപ്പിച്ചപ്പോൾ കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച തീരുമാനമാവാതെ പിരിഞ്ഞിരുന്നു.
മലപ്പുറം, പൊന്നാനി സീറ്റ് കൂടാതെ മൂന്നാമതൊന്നു കൂടി വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. തുടർചർച്ച അഞ്ചിന് നടക്കാനിരിക്കെയാണ് നിലപാടിൽ കൂടുതൽ വ്യക്തത വരുത്തി ലീഗ് രംഗത്തെത്തിയിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മൂന്ന് സീറ്റുകൾ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒത്തുതീര്‍പ്പിലെത്തി. ഇത്തവണയും ഇതേപോലെ കടന്നുപോകുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷയാണ് ലീഗിന്റെ കടുത്ത നിലപാടിന് മുന്നിൽ തകർന്നുപോകുന്നത്. പൊന്നാനിയുടെ കാര്യത്തിൽ ലീഗിന് വലിയ ആശങ്കയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മണ്ഡലത്തിൽ ലീഗിനുള്ളത്. സമസ്തയുമായുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഭയക്കുന്നുണ്ട്. കൂടാതെ ഒരു യുവനേതാവിന് സീറ്റ് നൽകണമെന്ന ആവശ്യം യൂത്ത് ലീഗിലും ശക്തമാണ്. കേരളത്തിൽ ലീഗ് മൂന്ന് സീറ്റുകളിൽ മത്സരിക്കണമെന്ന് ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ യൂത്ത് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇത്തരം സമ്മർദങ്ങൾക്കിടെ കോൺഗ്രസിന്റെ വാക്കു കേട്ടിരിക്കാൻ ലീഗ് നേതൃത്വത്തിനും ഇനി സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം.
പ്രധാനമായും വയനാട് സീറ്റ് ലക്ഷ്യമിട്ടാണ് ലീഗ് മുന്നോട്ട് പോകുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് ലീഗിന് നൽകണമെന്നാണ് ആവശ്യം. നിലവിലെ സാഹചര്യത്തിൽ രാഹുൽ വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന് ലീഗ് കരുതുന്നു. എം കെ സ്റ്റാലിന്റെ നിർദേശപ്രകാരം രാഹുൽ ഗാന്ധി വയനാടിനെ ഒഴിവാക്കി കന്യാകുമാരിയിൽ നിന്ന് ജനവിധി തേടാനുള്ള സാധ്യതയുണ്ട്. ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവായ രാഹുൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന നിലപാടാണ് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ രാഹുൽ മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലേക്കും വടകരയിലേക്കുമാണ് ലീഗിന്റെ കണ്ണ്. എന്നാൽ കണ്ണൂർ വിട്ടുനൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വടകരയിലും സമാന നിലപാട് തന്നെയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്. തങ്ങളുടെ നിലപാട് ഉറപ്പിച്ച് പറയാതെ പ്രശ്നമില്ലാത്ത തരത്തിൽ ലീഗിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് നടത്തിയത്. തുടർ ചർച്ചകളിലും ഇതേ നിലപാട് സ്വീകരിക്കാമെന്നായിരുന്നു കോൺഗ്രസ് കണക്കുകൂട്ടിയിരുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ അത് എളുപ്പമാവില്ല.
English Summary:The third seat is sure to get this time; Strong Muslim League
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.