21 January 2026, Wednesday

Related news

January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 28, 2025
December 26, 2025

വയനാട്ടിൽ നിന്ന് പിടികൂടിയ പെൺകടുവ ഇനി തിരുവനന്തപുരം മൃഗശാലയ്ക്ക് സ്വന്തം

സ്വന്തം ലേഖിക
തിരുവനന്തപുരം
March 22, 2024 8:08 pm

വയനാട്ടില്‍ നിന്ന് പിടികൂടിയ പെണ്‍കടുവ ഇനി തിരുവനന്തപുരം മൃഗശാലയ്ക്കു സ്വന്തം. സൗത്ത് വയനാട് സബ് ഡിവിഷൻ മേഖലയിൽ നിന്ന് പിടികൂടിയ കടുവയെ വനം വകുപ്പ് ഇന്നലെ രാവിലെ തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറി. വയനാട്ടിലെ ചെതലത്ത് ഫോറസ്റ്റ് റേഞ്ചിനുള്ളിലെ മയിലമ്പാടി എന്ന പ്രദേശത്ത് ജനവാസമേഖലയിൽ ഭീതി വിതച്ചിരുന്ന പെൺ കടുവയെയാണ് ഇക്കഴിഞ്ഞ 12 ന് വനം വകുപ്പ് പിടികൂടിയത്. കർഷകരുടെ വളർത്തുമൃഗങ്ങളെ കടുവ പിടികൂടി ഭക്ഷിച്ചുവന്ന സാഹചര്യത്തിലാണ് കടുവയെ പിടികൂടാനായി വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കടുവയെ കാട്ടിലേക്ക് തുറന്ന് വിടാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് കൂടുതൽ സൗകര്യങ്ങളുള്ള തിരുവനന്തപുരം മൃഗശാലയിലേക്ക് കടുവയെ മാറ്റിയത്. 

ഏകദേശം ആറ് വയസ് പ്രായമുള്ള പെൺ കടുവയുടെ ശരീരത്തിൽ പലഭാഗങ്ങളിലായി വ്യത്യസ്ത സമയങ്ങളിൽ ഉണ്ടായിട്ടുള്ള മുറിവുകളുണ്ട്. നാല് കോമ്പല്ലുകളും നഷ്ടപ്പെട്ട അവസ്ഥയാണ്. ഇക്കാരണത്താലാവാം കടുവ ജനവാസമേഖലയിലേക്ക് കടന്നതെന്ന് വനം വകുപ്പ് വിലയിരുത്തുന്നു. വൈറൽ രോഗങ്ങളായ പാർവോ, ഡിസ്റ്റംബർ എന്നിവയുടെ പ്രാഥമിക പരിശോധനയിൽ രോഗങ്ങളില്ലെന്നു കണ്ടെത്തിയെങ്കിലും നിലവിൽ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ജനയുഗത്തോട് പറഞ്ഞു. 

തിരുവനന്തപുരം മൃഗശാലയിൽ പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ കൂട്ടിലാണ് കടുവയെ പാർപ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയാൽ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും. ചൂടുകാലാവസ്ഥ ആയതിനാൽ വായുസഞ്ചാരത്തിനായി പെഡസ്ട്രൽ ഫാനുകളും, താപനില കുറയ്ക്കാനായി കൂളറും സ്ഥാപിച്ചിട്ടുണ്ട്. പൊതുവേ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ജലാശയങ്ങളിൽ ഇറങ്ങിക്കിടന്ന് ശരീരോഷ്മാവ് നിയന്ത്രിക്കുന്ന സ്വഭാവവിശേഷം ഉള്ള ജീവിവർഗമാണ് കടുവകൾ. വാലോയിങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയ്ക്ക് പകരമായി സൂക്ഷ്മകണങ്ങളായി ജലം ചീറ്റിക്കുന്ന വാട്ടർ മിസ്റ്റ് സംവിധാനവും കൂട്ടിൽ ഒരുക്കുന്നുണ്ട്. നിലവിൽ രണ്ട് ആൺ കടുവകളും ഒരു ജോഡി വെള്ളക്കടുവകളും ആണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. ഇക്കൂട്ടത്തിലെ പെൺ വെള്ളക്കടുവയുടെ ഗർഭപാത്രത്തിൽ പഴുപ്പ് നിറയുന്ന പയോമെട്ര എന്ന രോഗമുള്ളതിനാൽ അതിനെ പ്രജനനത്തിനായി ഉപയോഗിക്കാൻ സാധിക്കില്ല. അതിനാല്‍ നിലവില്‍ ലഭിച്ചിരിക്കുന്ന പെൺ കടുവ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ അതിനെ പ്രജനനത്തിനായി ഉപയോഗിക്കാനാവുമെന്നും മൃഗശാല അധികൃതർ പറഞ്ഞു. 

Eng­lish Summary:The tigress cap­tured from Wayanad now belongs to Thiru­vanan­tha­pu­ram Zoo
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.