മകര സംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിയേക്കൽ കൊട്ടാരത്തിൽ രോഹിണി നാൾ രുഗ്മിണിത്തമ്പുരാട്ടിയുടെ മരണം മൂലം പരമ്പരാഗതമായ ചടങ്ങുകളൊന്നുമില്ലാതെയാണ് ഘോഷയാത്ര പുറപ്പെട്ടത്.
വൃശ്ചികം ഒന്ന് മുതൽ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനു വച്ചിരുന്ന തിരുവാഭരണങ്ങൾ ഇന്നലെ പുലർച്ചെ നാലിന് ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചു. 4.30 മുതൽ തിരുവാഭരണങ്ങൾ വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ദർശനത്തിനു വച്ചു. 12 മണിയോടെ കൊട്ടാരം കുടുംബാംഗത്തിന്റെ മരണവാർത്ത എത്തിയതിനെത്തുടർന്നു തിരുവാഭരണങ്ങൾ ദേവസ്വം ഓഫിസിലേക്കു മാറ്റി. 11.30ന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവാഭരണപേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
പത്തനംതിട്ട എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള 40 അംഗ സായുധ പൊലീസ് സംഘവും ബോംബ് സ്ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്ര അപ്പാച്ചിമേടും കടന്ന് ശബരീപീഠം വഴി ശരംകുത്തിയിലെത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി കയറി എത്തുന്ന ഗുരുസ്വാമിയിൽ നിന്നു മേൽശാന്തിയും തന്ത്രിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തും. തുടർന്ന് ദീപാരാധനയ്ക്കായി നടതുറക്കുമ്പോൾ കിഴക്കൻചക്രവാളത്തിൽ മകര സംക്രമനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
English Summary:The Tiruvabharan procession started
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.