ഐക്യരാഷ്ട്ര പൊതുസഭയില്‍ റഷ്യയ്ക്കെതിരെയുള്ള പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങള്‍ വിട്ടുനിന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഉക്രെയ്ന്‍-റഷ്യ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഉക്രെയ്‌നില്‍ റഷ്യ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രമേയത്തിന്റെ വോട്ടെടുപ്പ് ബുധനാഴ്ച രാത്രിയോടെയാണ് നടന്നത്. ഉക്രെയ്‌നില്‍ നിന്ന് അടിയന്തരമായി മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
യുഎസ്, യുകെ, അഫ്ഗാനിസ്ഥാന്‍, കാനഡ, ജര്‍മ്മനി, അയര്‍ലാന്‍ഡ്, കുവൈറ്റ്, സിംഗപ്പുര്‍, തുര്‍ക്കി, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിന് 141 വോട്ടുകളാണ് അനുകൂലമായി ലഭിച്ചത്. റഷ്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.
അടിയന്തരമായി വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് ഇന്ത്യയുടെ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി യോഗത്തില്‍ ആവശ്യപ്പെട്ടു. ഉക്രെയ്‌നും റഷ്യയുമായി നടക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചയില്‍ അനുകൂലഫലമുണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഭൂട്ടാന്‍, നേപ്പാള്‍, മാലദ്വീപ്, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ചൈന, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയവ ഇന്ത്യയെപ്പോലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന യുഎഇ ഇത്തവണ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പടുത്തി. 15 രാജ്യങ്ങളടങ്ങിയ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ വെള്ളിയാഴ്ച അവതരിപ്പിച്ചതിന് സമാനമായ പ്രമേയമാണ് പൊതുസഭയിലും അവതരിപ്പിച്ചത്. 11 വോട്ടുകള്‍ അനുകൂലമായി ലഭിക്കുകയും ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. സ്ഥിരാംഗമായ റഷ്യ വീറ്റോ ഉപയോഗിച്ചതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന്, പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഞായറാഴ്ച സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോഴും ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
English Summary:The UN resolution against Russia was withdrawn by 35 countries, including India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.