
ഗാസയില്‍ വിദഗ്ധ ചികിത്സ കാത്തിരുന്ന 1092 പലസ്തീനികള്‍ മരണത്തിന് കീഴടങ്ങിയെന്ന് ലോകാരോഗ്യ സംഘടന. 2024 ജൂലൈയ്ക്കും 2025 നവംബര്‍ 28നും ഇടയിലായാണ് ഇത്രയും രോഗികള്‍ മരിച്ചതെന്ന് പലസ്തീനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി റിക് പീപെര്‍കോന്‍ ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് പറഞ്ഞു. 2024 മെയ് മുതല്‍ ലോകാരോഗ്യസംഘടന വിദഗ്ധ ചികിത്സ ആവശ്യമായ രോഗികളെ 119 തവണകളായി ഗാസയ്ക്ക് പുറത്തേയ്ക്ക് എത്തിച്ചിട്ടുണ്ട്.
5500 കുട്ടികള്‍ ഉള്‍പ്പെടെ 8000 രോഗികളെയാണ് ഇത്തരത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയത്. പശ്ചിമേഷ്യയിലും യൂറോപ്പിലുമാണ് ഇവരില്‍ കൂടുതല്‍ പേരുമുള്ളത്. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരത്തിലുള്ള രോഗികളുടെ ചികിത്സ ഉറപ്പാക്കണമെന്ന് പീപെര്‍കോന്‍ പറഞ്ഞു. ഹൃദ്രോഗം പോലെയുള്ള അസുഖങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റ് അവശ്യ സാമഗ്രികളുടേയും ഗുരുതര ക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ഗാസയിലെ 36 ആശുപത്രികളില്‍ 18 എണ്ണവും 43% പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഭാഗീകമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മരുന്ന് ക്ഷാമം ഉള്‍പ്പെടെ രൂക്ഷമായിട്ടും ഗാസയിലേക്ക് കടത്തിവിടുന്നത് വളരെ കുറവ് സഹായങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം ഗാസയിലെ 16,500 രോഗികള്‍ വിദഗ്ധ ചികിത്സ കാത്തിരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസമാണ് മേഖലയില്‍ നിന്ന് ഇവരെ മാറ്റുന്നതിനുള്ള പ്രധാന തടസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.