25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 14, 2025
April 12, 2025
April 11, 2025
April 9, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025

മാതന് നേരെയുണ്ടായ അതിക്രമം മനുഷ്യമനഃസാക്ഷിക്ക് നിരക്കാത്തത്

Janayugom Webdesk
December 18, 2024 5:00 am

പരിഷ്കൃത സമൂഹമെന്ന് വിശേഷിപ്പിക്കുന്ന കേരളീയരുടെ മനഃസാക്ഷിയെ ലജ്ജിപ്പിക്കേണ്ട സംഭവമാണ് മാനന്തവാടിയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായത്. അട്ടപ്പാടിയിൽ മധുവെന്ന ചെറുപ്പക്കാരന് നേരെ നടന്ന മൃഗീയമായ ആക്രമണത്തിനും നരഹത്യക്കും സമാനമായ സംഭവം തന്നെയാണ് ഇവിടെ നടന്നത്. ഇവിടെ ഇരയായ മധ്യവയസ്കന് കഷ്ടിച്ച് ജീവൻ തിരിച്ചുകിട്ടിയെന്ന് മാത്രം. ഗുരുതര പരിക്കേറ്റ് മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതൻ എന്ന അമ്പതുവയസുകാരൻ ചികിത്സയിലാണ്. വിവരമറിഞ്ഞയുടൻ മുഖ്യമന്ത്രി അടക്കമുള്ളവർ ഇടപെടുകയും പ്രധാന പ്രതികൾ പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. മാനന്തവാടിയുടെ ജനപ്രതിനിധികൂടിയായ മന്ത്രി ഒ ആർ കേളു മാതനെ ആശുപത്രിയിലെത്തി സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

വയനാട്ടിലെ വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൂടൽക്കടവ് ചെക്ക് ഡാം സന്ദർശിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് മാതനെതിരെയുള്ള ആക്രമണമായി മാറിയത്. രണ്ട് സംഘങ്ങൾ തമ്മിൽ വഴക്കുണ്ടാവുകയും വഴിയിൽ വച്ച് സംഘർഷം തുടരുന്നതും കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു. മാതനും സമാധാനശ്രമത്തിൽ ഇടപെട്ടു. ഒരു കൂട്ടരെ സമാധാനിപ്പിച്ച് തിരിച്ചയയ്ക്കാൻ ഒരുങ്ങുന്നതിനിടെ കാറിന്റെ വാതിൽ അടച്ചപ്പോൾ മാതന്റെ കൈവിരൽ അതിൽ കുടുങ്ങി. അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമം നടത്താതെ കാർ മുന്നോട്ടെടുക്കുകയും അരക്കിലോമീറ്റർ ദൂരത്തോളം വലിച്ചിഴയ്ക്കുകയും ചെയ്തു. നാട്ടുകാർ പരിഭ്രാന്തരായി ബഹളം വച്ച് കാറിനെ പിന്തുടർന്നെത്തിയപ്പോഴാണ് കാറിലുണ്ടായിരുന്നവർ ഡോർ തുറന്ന് മാതനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ടാർ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട മാതന്റെ അരയ്ക്ക് താഴെയും കൈകാലുകൾക്കും പുറത്തും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്. മാതനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും റോഡരിൽ തന്നെ ഉപേക്ഷിച്ച് കാർ യാത്രികർ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ നാട്ടുകാർ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷനും സ്വമേധയ കേസെടുക്കുകയും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് നിർദേശിക്കുകയും ചെയ്തു. 

അന്വേഷണത്തിൽ കാർ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഇത് ഉപയോഗിച്ചിരുന്നത് കണിയാമ്പറ്റ പച്ചിലക്കാട് പുത്തൻ പീടികയിൽ മുഹമ്മദ് അർഷിദ് എന്നയാളാണെന്നും വ്യക്തമായി. തുടർന്നാണ് മാതനെ വലിച്ചിഴച്ചുകൊണ്ടുപോയ കാർ ഓടിച്ചിരുന്നത് അർഷിദ് ആണെന്നും മൂന്നുപേർ കൂടെയുണ്ടായിരുന്നതായും കണ്ടെത്തിയത്. ഇന്നലെ മുഹമ്മദ് അർഷിദിനെയും ഒപ്പമുണ്ടായിരുന്ന കണിയാമ്പറ്റ പച്ചിലക്കാട് പടിക്കംവയൽ കക്കാറയ്ക്കൽ അഭിരാം എന്നയാളെയും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാനായി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പനമരം കുന്നുമ്മൽ വിഷ്ണു, പനമരം താഴെപുനത്തിൽ നബീൽ കമർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. 

മനുഷ്യത്വവും മനഃസാക്ഷിയുമില്ലാത്ത അതിക്രമങ്ങൾ നമ്മുടെ നാട്ടിൽ പെരുകിവരുകയാണ്. എന്നാൽ മാനന്തവാടിയിലുണ്ടായ സംഭവം നിസഹായരായ ആദിവാസി വിഭാഗത്തിൽപ്പെട്ട മധ്യവയസ്കനെതിരെയാണ് എന്നത് ഗുരുതരമാണ്. പ്രതികൾക്കെതിരെ വധശ്രമം, പട്ടികവർഗവിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ സംഭവത്തിൽ പ്രധാന പ്രതികളിലൊരാളെ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റും നടപടികളുമൊന്നുമല്ല മറിച്ച് നിസഹായരായ മനുഷ്യരോട് നടത്തുന്ന അതിക്രമമാണ് ചെറുക്കപ്പെടേണ്ടത്. സിനിമകളിൽ കാണുന്ന തരത്തിൽ കാറ് മുന്നോട്ടെടുത്ത് വലിച്ചിഴച്ച് നിസഹായനായ മനുഷ്യനെ മൃതപ്രായനാക്കിയ ക്രൂരതയാണ് അരങ്ങേറിയത്. പണത്തിന്റെയും സംഘബലത്തിന്റെയും ഹുങ്കിൽ ചിലർ നടത്തുന്ന അതിക്രമങ്ങളുടെ നേർക്കാഴ്ചകളിലൊന്നാണ് ഈ സംഭവം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഇവർക്ക് ഉറപ്പുവരുത്താൻ സർക്കാരും പൊലീസും നിയമസംവിധാനങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. വയനാട്ടിൽ ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളിൽ ചില യുവാക്കൾ സംഘമായെത്തി ലഹരി ഉപയോഗിച്ചും മറ്റും അതിക്രമങ്ങൾ നടത്തുന്ന സംഭവം സ്ഥിരമായിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടികൾ വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ടൂറിസം മേഖലകൾ നാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപകാരപ്രദമാണെങ്കിലും നാടിനും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള പ്രവണതകൾ നിയന്ത്രിക്കപ്പെടണം. അതിക്രമങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടാകാറുണ്ടെങ്കിലും ആളുകൾ പലപ്പോഴും കണ്ണടയ്ക്കുകയാണ് പതിവ്. എന്നാൽ മാതന് നേരെയുണ്ടായ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതാണ് പ്രതികളെ ഇത്രപെട്ടെന്ന് തന്നെ നിയമത്തിന്റെ മുന്നിലെത്തിച്ചതിന് കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.