
പ്രയാഗ്‌രാജ് കുംഭമേളയിലെ വൈറൽ ദൃശ്യങ്ങളിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തയായ മൊണാലിസ ഭോസ്‌ലെ ഇനി ഫർഹാന് സ്വന്തം. വീട്ടുകാരുടെ ശക്തമായ എതിർപ്പുകൾ മറികടന്ന് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയ മൊണാലിസയും കാമുകൻ ഫർഹാനും ഇന്ന് വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരം അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ എ റഹീം എം പി തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കൾ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
ഇതരമതസ്ഥനുമായുള്ള പ്രണയത്തെ മൊണാലിസയുടെ കുടുംബം എതിർത്തതോടെയാണ് ഇരുവരും കേരളത്തിലെത്തിയത്. അച്ഛൻ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് ഫർഹാനൊപ്പം ജീവിക്കണമെന്നും കാണിച്ച് മൊണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. തുടർന്ന് പൊലീസുകാർ മൊണാലിസയുടെ പിതാവ് ജയ് സിങ് ഭോസ്‌ലയെ വിളിച്ചുവരുത്തി സംസാരിക്കുകയും, പ്രായപൂർത്തിയായ മകൾക്ക് സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. കുടുംബത്തിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് പൊലീസ് സുരക്ഷയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.
മഹാകുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ഇന്തോർ സ്വദേശിയായ മൊണാലിസയെ ലോകമറിയുന്നത്. പിന്നീട് സിനിമാ അവസരങ്ങൾ തേടിയെത്തിയ മൊണാലിസ പൂവാറിൽ ചിത്രീകരണത്തിനെത്തിയപ്പോഴാണ് കേരളത്തിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിച്ചത്. ഒന്നര വർഷം മുൻപ് ഫേസ്ബുക്ക് വഴിയാണ് മഹാരാഷ്ട്ര സ്വദേശിയായ ഫർഹാനും മൊണാലിസയും പരിചയപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.