21 January 2026, Wednesday

അതിജീവനത്തിെന്റെയും പ്രതിരോധത്തിന്റെയും ദൃശ്യഭാഷ

ഡോ പി കെ സഭിത്ത്
November 23, 2025 7:00 am

ന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തുടക്കമായി. 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ ബ്രസീലിയൻ ചിത്രമായ ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രമായി അരങ്ങേറിയത്. ഗബ്രിയേൽ മസ്കാരോയാണ് സംവിധായകൻ. 2025‑ൽ പുറത്തിറങ്ങിയും മാനവജീവിതത്തെ അലട്ടുന്ന അസന്തുഷ്ടിയെ നാടകീയമായി അവതരിപ്പിക്കുന്ന ചിത്രമാണ് ദി ബ്ലൂ ട്രെയിൽ. ഡെനിസ് വീൻബർഗും റോഡ്രിഗോ സാന്റോറോയും അഭിനയിക്കുന്ന സിനിമ ജീവിതയാത്രയുടെ നേർ ചിത്രം കൂടിയാണ്. വാർധക്യത്തിന്റെ വിഹ്വലതകളെ അതീവ ഹൃദ്യമായി അനാവരണം ചെയ്യുന്നതാണ് ഈ ചിത്രം. 77 വയസുള്ള തെരേസ എന്ന സ്ത്രീ ജോലിയിൽ നിന്ന് വിരമിക്കാൻ നിർബന്ധിതയാകുകയും മകളുടെ സംരക്ഷണയിൽ ആവുകയും ചെയ്യുന്നതിനെ ആധാരമാക്കിയാണ് വികസിക്കുന്നത്. നമ്മുടെ നാട്ടിൽ ഉൾപ്പെടെ വാർധക്യത്തിന്റെ മാനദണ്ഡമായി വിരമിക്കൽ പ്രായമായി നിശ്ചയിച്ചത് 56 മുതൽ ആരംഭിക്കുന്നു. സിനമയിൽ പ്രായം കൂടുന്നതിന്റെ മാനദണ്ഡമായി നിശ്ചയിച്ചത് 77 വയസാണ്. ഇത് ഒരു പുരോഗമനപരമായ കാഴ്ചപ്പാടായി കണക്കാക്കാം. സർക്കാറിന്റെ പുതിയ നയ പ്രകാരം സിനിമയിലെ കഥാപാത്രമായ തെരേസ എന്ന മുതിർന്ന പ്രായം ചെന്ന സ്ത്രീ സുരക്ഷിതമായ കോളനികളിലേക്ക് നിർബന്ധിത സ്ഥലം മാറ്റത്തിന് വിധേയമാക്കപ്പെടുകയാണ്. വാർധക്യം പാർശ്വവല്‍ക്കരണം കൂടിയാണെന്ന ബോധ്യം ഭരണകൂടം തന്നെ മുന്നോട്ടു വയ്ക്കുകയാണ്. എന്നാൽ തെരേസ യെ സംബന്ധിച്ച് അവരുടെ സ്വപ്നങ്ങൾ ഇനിയും ബാക്കിയാണ്. ഇവിടെ സ്വപ്നം ഒരിക്കലും പ്രായത്തെ ഭയപ്പെടുന്നില്ല. വർധിച്ചുവരുന്ന പ്രായമായ ജനങ്ങൾക്ക് സ്ഥലംമാറ്റം നൽകണമെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് സ്ത്രീ ആമസോൺ നദിയിലൂടെ ഒരു സ്വകാര്യ യാത്ര ആരംഭിക്കുന്നു. ഇത് യഥാർത്ഥത്തിൽ തെരേസയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം കൂടിയാണ്. വിമാനത്തിൽ കയറി മേഘങ്ങൾക്കിടയിലെ ആകാശത്തിന്റെ അനന്ത വിഹായിസിലേക്ക് പറക്കാൻ ആഗ്രഹിച്ച സ്ത്രീ പിന്നീട് തിരഞ്ഞെടുക്കുന്നത് വെല്ലുവിളികൾ നിറഞ്ഞ ജലപാതയാണ്. നീല ജലാശയത്തിലെ യാത്ര വാർധക്യത്തിന്റെ പ്രതിസന്ധികളെയാണ് അതിജീവിക്കുന്നത്. വെള്ളം ഒരു പ്രതീകാത്മക കഥാപാത്രമായി ഇവിടെ മാറുന്നു. ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നോട്ട് പോകുന്നത് ജലത്തിന്റെ സ്വഭാവമാണ്. അതുപോലെ അതിന് നിശ്ചിത രൂപമില്ല. മനുഷ്യന്റെ സവിശേഷത കൂടിയാണിത്. 

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനാണ് സർക്കാർ വൃദ്ധജനങ്ങൾക്കായി വിദൂര കോളനികൾ സൃഷ്ടിക്കുന്നത്. ഇത് അവരുടെ ജീവിതത്തിന് സുഖകരമായ ഒരു അന്ത്യം ഉറപ്പാക്കുന്നു എന്നാണ് ഭാഷ്യം. പ്രായപരിധി കാരണം 77 വയസുള്ള തെരേസ അപ്രതീക്ഷിതമായി ഇതിൽ ഉൾപ്പെടുത്തപ്പെട്ടു. സ്ഥലംമാറ്റത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വിധിയെ വെല്ലുവിളിക്കാൻ തീരുമാനിക്കുകയാണ് ഈ സ്ത്രീ. അവസാനത്തെ ആഗ്രഹം നിറവേറ്റുന്നതിനായി ആമസോണിലൂടെ ഒരു യാത്ര ആരംഭിക്കുകയും ചെയ്യുന്നു. ആദ്യത്തെ വിമാന യാത്ര. അനുമതി നിഷേധിക്കപ്പെട്ടതിനാലാണ് അവർ രഹസ്യമായി ഒരു നിയമവിരുദ്ധ യാത്രക്കാരിയായി ഒരു ബോട്ട് യാത്ര ആരംഭിക്കുന്നുത്. വഴിയിൽ നിരവധി കണ്ടുമുട്ടലുകൾ നേരിടുന്നു. അവരുടെ പദ്ധതികളിൽ തിരിച്ചടികളും ഏതാണ്ട് പരാജയങ്ങളും ഉണ്ടായിട്ടും സന്തോഷം കണ്ടെത്താൻ അവളുടെ ജീവിതത്തിലെ സമ്പാദ്യം ഉപയോഗിക്കാൻ അവർക്ക് കഴിയുന്നു. മനുഷ്യശരീരത്തേക്കാൾ പ്രകൃതി ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമാകുന്നു. ലോകത്തിന്റെ ഇന്ദ്രിയ പ്രതിഫലങ്ങൾ പ്രകൃതിയുമായി സന്നിവേശിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുകയാണ് ഈ ചിത്രം. ഡെനിസ് വീൻബർഗിന്റെ മണ്ണിന്റെ ശക്തിയാൽ ജ്വലിക്കുന്ന തെരേസ എന്ന സ്ത്രീയുടെ വേഷത്തിൽ ദി ബ്ലൂ ട്രെയിൽ ഒരു നദി യാത്രയെ സ്വാതന്ത്ര്യത്തിലേക്കുള്ള പാതയായി കാഴ്ചക്കാരിൽ ഉറപ്പിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ചലനാത്മകതയ്ക്ക് മങ്ങലേൽക്കുന്നുണ്ടെങ്കിലും അതിന്റെ അപ്രസക്തമായ ഊഷ്മളത, ഉന്മേഷദായകമായ പ്രതിഫലങ്ങൾ നൽകുന്നു. 

മസ്കാരോയുടെ ഇതുവരെയുള്ള ഏറ്റവും മാനുഷിക ചിത്രമായിട്ടാണ് ഇത് പരിഗണിക്കുന്നത്. ബൂർഷ്വാ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് പുറത്തുള്ള വ്യക്തിയുടെ സ്വയം സാക്ഷാത്കാരത്തിനായുള്ള പോരാട്ടമാണിത്. എന്നാൽ ദി ബ്ലൂ ട്രെയിലിൽ സംവിധായകൻ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കൂടുതൽ ആഴത്തിൽ എത്തുന്നു.
മനുഷ്യ ജീവിതത്തിന്റെ പ്രധാനപ്പെട്ട ദശാസന്ധിയെ ആവിഷ്കരിക്കുന്ന സിനിമ വാസ്തവത്തിൽ സാമൂഹിക വിമർശനം കൂടിയാണ് നടത്തുന്നത്. ഒരു ഭരണകൂടത്തിനും വ്യക്തിയുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കാൻ സാധിക്കില്ല എന്ന സന്ദേശം കൂടിയാണ് ദി ബ്ലൂ ട്രയൽ എന്ന സിനിമ. ആരംഭം മുതൽ ഒടുക്കംവരെ സിനിമ ഒരു നിശബ്ദസംഗീതം പ്രേക്ഷകരെ കേൾപ്പിക്കുന്നു. ക്യാമറയുടെ ചലനത്തിൽ പോലും സംവിധായകൻ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നു. നനുത്ത ശബ്ദവും നിശബ്ദതയും ദൂരക്കാഴ്ചകളും സമീപദൃശ്യങ്ങളുമായി ചിത്രം ഒരു ലിറിക്കൽ ഡോക്യൂ ഫിക്ഷനായി അനുഭവപ്പെടുന്നുണ്ട്. പ്രതീകകങ്ങളെയാണ് ചിത്രം കാവ്യാത്മകമായ ദൃശ്യഭാഷയാക്കി മാറ്റുന്നത്. വളഞ്ഞുപുളഞ്ഞൊഴുകുന്ന നദിയും ഒഴുകുന്ന വെളിച്ചവും കപ്പലിലെ ചെറിയ കിളിവാതിലുകളുമല്ലാം അർത്ഥഗാംഭീര്യമായ ദൃശ്യഭാഷയാണ്. സിനിമ അവസാനിക്കുമ്പോൾ നമ്മൾ മലയാളിയുടെ മനസ്സിലേക്കും പ്രസക്തമായ ഒരു കവിതാശകലം ഓടിയെത്തും. വർഷങ്ങൾക്ക് മുൻപ് കവി. ടി. എസ്. തിരുമുമ്പ് എഴുതിയതാണത്. തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെൻ യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെൻ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്ത ശീലമെൻ യൗവനം;
ധനികധിക്കൃതിതൻ കണ്ണുരുട്ടലിൽ
പനിപിടിക്കാത്ത ശീലമെൻ യൗവനം
ചലച്ചിത്രം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ സാർവലൗകിക സ്വഭാവത്തെ ആ വിഷ്കരിക്കാൻ നമുക്ക് മറ്റൊന്നും ആവശ്യമില്ല, ടി എസ് തിരുമുമ്പ് എഴുതിയ ഈ വരികൾ മാത്രം മതി. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.