4 March 2026, Wednesday

Related news

March 4, 2026
February 20, 2026
February 15, 2026
January 13, 2026
November 15, 2025
November 14, 2025
October 28, 2025
October 25, 2025
October 24, 2025
October 23, 2025

റിലീസ് മാറ്റിവയ്ക്കാനൊരുങ്ങി നിർമ്മാതാക്കൾ; സിനിമാ വ്യവസായത്തിനും തിരിച്ചടിയായി യുദ്ധം

കെ കെ ജയേഷ് 
കോഴിക്കോട്
March 4, 2026 9:22 pm

ഇറാന് നേരെയുള്ള അമേരിക്ക‑ഇസ്രയേൽ കടന്നാക്രമണത്തെ തുടർന്നുണ്ടായ യുദ്ധം ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ സംഘർഷാവസ്ഥ സൃഷ്ടിക്കുമ്പോൾ മലയാളം ഉൾപ്പെടെ ഇന്ത്യൻ സിനിമാ വ്യവസായത്തെയും പ്രതിസന്ധിയിലാഴ്ത്തുന്നു. ഇന്ത്യൻ സിനിമകളുടെ പ്രധാന വിപണിയായ ഗൾഫ് രാജ്യങ്ങളിലെ റിലീസിനെക്കുറിച്ചുള്ള ആശങ്കകളാണ് ചലച്ചിത്ര നിർമ്മാതാക്കള്‍ക്കുള്ളത്. സിനിമകൾ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ ചിത്രങ്ങളുടെ റിലീസ് തന്നെ മാറ്റിവയ്ക്കാനുള്ള ആലോചനയിലാണ് നിർമ്മാതാക്കൾ. ഇതിന്റെ ഭാഗമായി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് കന്നഡ സൂപ്പർതാരം യഷ് നായകനായ ബിഗ് ബജറ്റ് ചിത്രം ടോക്സികിന്റെ റിലീസ് മാറ്റിവെച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷസാഹചര്യം കണക്കിലെടുത്താണ് റിലീസ് നീട്ടിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മാർച്ച് 19ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ ഉൾപ്പെടെ തിയേറ്ററുകളുടെ പ്രധാന പ്രതീക്ഷകളിലൊന്നായിരുന്നു. ചിത്രം ഇനി ജൂൺ നാലിനാണ് പ്രേക്ഷകരിലേക്ക് എത്തുക. കൂടുതൽ സിനിമകളുടെ റിലീസ് ഇത്തരത്തിൽ മാറ്റിവെച്ചാൽ മേജർ റിലീസുകളില്ലാതെ അടച്ചിടൽ വക്കിലെത്തിയ കേരളത്തിലെ സിനിമാ തിയേറ്ററുകളെ ഉൾപ്പെടെ പ്രതിസന്ധിയിലാഴ്ത്തും. 

മേജർ റിലീസിങ്ങുകൾ ഇല്ലാത്തതിനൊപ്പം നോമ്പുകാലവും കൂടിയായതോടെ സംസ്ഥാനത്തെ തിയേറ്ററുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ചെറിയ സിനിമകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് പല തിയേറ്ററുകളും അടഞ്ഞത്. പ്രദർശനം നടക്കുന്നയിടങ്ങളിൽ പേരിന് ഒന്നോ രണ്ടോ പ്രദർശനങ്ങൾ മാത്രമാണുള്ളത്. ഈ വർഷം ഇതുവരെ ചത്താ പച്ചാ, പ്രകമ്പനം എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് തിയേറ്റർ വിജയങ്ങളായത്. വിജയ് ചിത്രം ജനനായകൻ തിയേറ്ററിൽ എത്താത്തതും തിരിച്ചടിയായിരുന്നു. ഈ സാഹചര്യം ടോക്സിക് ഉൾപ്പെടെ റിലീസാവുന്നതോടെ മാറുമെന്നായിരുന്നു തിയേറ്റർ ഉടമകളുടെ പ്രതീക്ഷ. രണ്ടുമാസത്തെ വലിയ നഷ്ടം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിലൂടെ നികത്താൻ കഴിയുമെന്നും ഇവർ കരുതിയിരുന്നു. തിയേറ്റർ അടച്ചിട്ടാൽ പോലും മാസം ലക്ഷക്കണക്കിന് രൂപയുടെ ചെലവ് വരുന്ന സാഹചര്യത്തിൽ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയില്ലെങ്കിൽ തീർത്തും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുറുപ്പാണ്. 

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ്, നിവിൻ പോളി ചിത്രം പ്രതിച്ഛായ, ജയസൂര്യയുടെ ആട് 3, ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി, യാഷ് നായകനാകുന്ന ടോക്സിക്ക് എന്നിവയായിരുന്നു മാർച്ചിലെ പ്രതീക്ഷകൾ. ഏപ്രിലിൽ ദൃശ്യം 3 ഉൾപ്പെടെയുള്ള ചിത്രങ്ങളും റിലീസിങ്ങിനൊരുങ്ങിയിരുന്നു. ഇതിൽ ഈ മാസത്തെ പ്രതീക്ഷകളിലൊന്നായ ടോക്സിക്കാണ് ഇപ്പോൾ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. യുദ്ധം തുടർന്നാല്‍ മറ്റു ചിത്രങ്ങളും തിയേറ്ററിലെത്താന്‍ വൈകും. ഇത്തരമൊരു സാഹചര്യത്തിൽ അവിടുത്തെ റിലീസ് ഒഴിവാക്കി ഇവിടെ മാത്രമായി സിനിമകൾ പുറത്തിറക്കാൻ നിർമാതാക്കൾക്കും അണിയറ പ്രവർത്തകർക്കും താല്പര്യവുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.