6 March 2026, Friday

പശ്ചിമേഷ്യന്‍ യുദ്ധം: ചരക്കുകള്‍ കെട്ടിക്കിടക്കുന്നു

ആറ് ലക്ഷം ടണ്‍ ബസ്മതി അരിയും 1,200 കണ്ടെയ്നര്‍ വാഴപ്പഴവും നശിക്കുന്നു 
Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2026 9:57 pm

യുഎസും ഇസ്രയേലും സൃഷ്ടിച്ച പശ്ചിമേഷ്യന്‍ യുദ്ധം കാരണം ചരക്കുനീക്കം തടസപ്പെട്ടത് ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിപണനം പ്രതിസന്ധിയിലാക്കി. ഇന്ത്യൻ ഉല്പന്നങ്ങള്‍, പ്രത്യേകിച്ച് കാർഷിക വിഭവങ്ങളുമായി പോയ കപ്പലുകളും കണ്ടെയ്നറുകളും ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. നമ്മുടെ ചരക്ക് കയറ്റുമതിയുടെ 56% ഇതുവഴിയാണ് കടന്നുപോകുന്നത്. കർഷകരിൽ നിന്നും കയറ്റുമതിക്കാരിൽ നിന്നും സമാഹരിച്ച ഉല്പന്നങ്ങള്‍ വന്‍ തോതില്‍ കടല്‍പാതയിലും തുറമുഖങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. 

നാല് ലക്ഷം ടൺ ബസ്മതി അരി തുറമുഖങ്ങളിലും രണ്ട് ലക്ഷം ടൺ കടലിലും കുടുങ്ങിക്കിടക്കുന്നു. ഇതിന് ഏകദേശം 3,200 കോടി വിലമതിക്കും. നാല് ദിവസത്തിനുള്ളിൽ വില ഏകദേശം 6% ഇടിഞ്ഞു. 2.5 മുതൽ 3 ദശലക്ഷം വരെ കർഷക കുടുംബങ്ങളുടെ വരുമാനം ഇതിലൂടെ ഇല്ലാതായി. സോളാപൂരിൽ നിന്നുള്ള 1,200 കണ്ടെയ്നറുകൾ വാഴപ്പഴം കോൾഡ് സ്റ്റോറേജിൽ കിടക്കുന്നു. ഇതുകാരണം വിളവെടുപ്പ് സ്തംഭിച്ചു. എന്നാല്‍ കർഷകരില്‍ നിന്ന് ഒരു കണ്ടെയ്നറിന് പ്രതിദിനം 8,500 രൂപ ചാർജ് ഈടാക്കുന്നു. 

6,000 ടൺ മുന്തിരി നാശത്തിന്റെ വക്കിലാണ്. കയറ്റുമതിക്കായി കയറ്റി അയച്ച 300 കണ്ടെയ്നറുകൾ പ്രാദേശിക വിപണിയിൽ ഒകെട്ടിക്കിടക്കുന്നു. ഇത് തുച്ഛമായ വിലയ്ക്ക് ഒഴിവാക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. ദുബായ് മാർക്കറ്റ് അടച്ചുപൂട്ടിയതോടെ നാസിക് ഉള്ളിയുടെ 5,400 ടൺ ജെഎൻപിടി തുറമുഖത്ത് കെട്ടിക്കിടന്ന് അഴുകുകയാണ്. 80 ലക്ഷം മുട്ടകളാണ് ഗൾഫിലേക്ക് കൊണ്ടുപോകേണ്ടത്. ചരക്ക് നീക്കം ഇല്ലാതായതോടെ ഈ മേഖല സ്തംഭിച്ചിരിക്കുന്നു. ബസ്മതി മേഖലയില്‍ മാത്രം തൊഴിലാളികൾക്ക് 1.6 കോടി വ്യക്തിദിന ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.