കോട്ടയം ജില്ലയിൽനിന്ന് ആലപ്പുഴയിലേക്ക് വിവാഹിതയായി എത്തി വീട്ടമ്മ മാത്രമായി ഒതുങ്ങിക്കഴിഞ്ഞ വിജി താനൊരു സംരംഭകയായി വളരുമെന്ന് കരുതിയതേയല്ല. കയർ ഉൽപന്നങ്ങളുടെ ബിസിനസ് ആയിരുന്നു ഭർത്താവ് ശ്രീകുമാറിന്. ഇടക്കാലത്ത് കയർ ഉൽപന്നങ്ങളുടെ വിപണിയും വിൽപനയും കുറഞ്ഞു. ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമയുള്ള വിജി ഒരു ടെയ്‌ലറിങ് യൂണിറ്റ് ആരംഭിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ആ സംരംഭം ഏറെ മുന്നോട്ടു പോയില്ല. പിന്മാറാൻ പക്ഷേ വിജി ഒരുക്കമായിരുന്നില്ല. പാചകത്തിൽ അഭിരുചിയുള്ള വിജി അതിലൊരു സംരംഭ സാധ്യത കണ്ടു. പായസക്കൂട്ടുകളിൽ പരീക്ഷണം തുടങ്ങി.
വ്യവസായവകുപ്പ് ആലപ്പുഴയിൽ സംഘടിപ്പിച്ച എക്സിബിഷനിൽ പായസം സ്റ്റാളിന് അനുമതി ലഭിച്ചു. അതൊരു വഴിത്തിരിവായി. തുടർന്ന് കുടുംബശ്രീ, ആലപ്പുഴ ജില്ലയിലെ വിവിധ ഏജൻസികൾ തുടങ്ങിയവർ സംഘടിപ്പിച്ച എക്സിബിഷനുകളിലും അവസരം ലഭിച്ചു. നൂറിലധികം പായസങ്ങളുടെ രുചിക്കൂട്ടുകൾ കൈവശമുണ്ട് എന്നതാണ് വിജിയുടെ ബലം. പായസങ്ങളിൽ ഏറെ ജനപ്രീതി നേടുന്നത് മുളയരിപ്പായസമെന്ന് വിജി. മുളയരിയുടെ ഗുണങ്ങൾ രുചിച്ചറിഞ്ഞ ആളുകൾ അതിന്റെ കൂടുതൽ ഉൽപന്നങ്ങളും ആവശ്യപ്പെട്ടു തുടങ്ങി. പായസത്തിനൊപ്പം വിപണനം ചെയ്തിരുന്ന ചുക്കുകാപ്പിപ്പൊടിക്കും ആവശ്യക്കാരേറി. എക്സിബിഷനുകളിൽ ചക്കയ്ക്കു ലഭിക്കുന്ന പ്രാധാന്യം മനസ്സിലാക്കിയ വിജി ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്ന് ചക്കയുടെ മൂല്യവർധിത ഉൽപന്ന നിർമാണത്തിലും പരിശീലനം നേടി. കേരളത്തിലെ പ്രധാന എക്സിബിഷനുകൾക്കു പുറമെ തമിഴ്‌നാട്, കർണാടക, ഗോവ, ആൻഡമാൻ, പുതുച്ചേരി എന്നിങ്ങനെ തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക മേളകളിലും പങ്കെടുത്ത് സംരംഭം നല്ല നിലയിൽ നീങ്ങുന്നതിനിടയിലാണ് കോവിഡ് കാലം വരുന്നത്. എല്ലാ സംരംഭകരെയുമെന്നതുപോലെ വിജിക്കുമത് തിരിച്ചടിയായി.
മേളകളും ഉത്സവങ്ങളും എക്സിബിഷനുകളും പഴങ്കഥയായി, മുന്നോട്ടുള്ള പ്രയാണം ദുസ്സഹമായി. പക്ഷേ, അപ്പോഴും തളരാതെ മുന്നോട്ടു പോകാൻ തന്നെയായിരുന്നു വിജിയുടെ തീരുമാനം. പാതിരിപ്പിള്ളിയിൽ ദേശീയപാതയ്ക്കരികിലാണ് വിജിയുടെ വീട്. വീടിന്റെ മുൻവശം ഉൽപന്നങ്ങൾ വിപണനം നടത്താനുള്ള ഷോപ്പാക്കി മാറ്റി. വരുമാനത്തിൽനിന്നു മിച്ചം പിടിച്ചുവച്ചിരുന്ന പണമുപയോഗിച്ച് ചെറിയൊരു റോസ്റ്റിങ് മെഷീനും പൾവറൈസറും സജ്ജമാക്കി. തുടർന്ന് ആലപ്പുഴ കെ വി കെയുടെ സാങ്കേതിക സഹായത്തോടെ മുളയരിയും മറ്റ് ചേരുവകളും ചേർത്ത് ‘ബാംബൂവിറ്റ’ എന്ന പേരിൽ ഹെൽത്ത് മിക്സ് തയാറാക്കി. ആകർഷകമായ പായ്ക്കിങ്ങും ലേബലും നൽകി, ലാബ് ടെസ്റ്റ് ഉൾപ്പെടെയുള്ള ഗുണമേന്മാ പരിശോധനകൾ നടത്തി വിപണിയിലെത്തിച്ചു. നൂറിലേറെ ഉൽപന്നങ്ങളാണ് തന്റെ ഷോപ്പിലൂടെ ഇന്ന് വിജി ഉപഭോക്താക്കളിലെത്തിക്കുന്നത്. അച്ചാറുകൾ, കറിക്കൂട്ടുകൾ, പായസം മിക്സുകൾ, ഹെൽത്ത് മിക്സുകൾ, സൂപ്പ് മിക്സുകൾ, തേൻ മെഴുക് ചേർത്ത സൗന്ദര്യവർധകവസ്തുക്കൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ. അവ പരിചയപ്പെടുത്തുന്നതിന് യുട്യൂബ് ചാനലും വെബ്സൈറ്റും തയാറാക്കി ഈ വീട്ടമ്മ.
ഒഴിവുസമയം എഴുത്തിനു കൂടി സമയം കണ്ടെത്തുന്ന വിജി പാചക സംബന്ധിയായ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങൾ വഴിയും മികച്ച വിപണി കൈവരുന്നെന്ന് വിജി പറഞ്ഞു. ദൂരെനിന്നുള്ള ആവശ്യക്കാർക്കെല്ലാം കൊറിയർ വഴി ഉൽപന്നങ്ങൾ അയച്ചുകൊടുക്കുന്നു. ഭർത്താവും മക്കളും വിജിയുടെ സംരംഭത്തിനു പിന്തുണയുമായി കൂടെയുണ്ട്. മകളുടെ സംരംഭത്തിനു താങ്ങാകാൻ വിജിയുടെ അച്ഛനും അമ്മയും വർഷങ്ങൾക്കു മുൻപേ കോട്ടയത്തു നിന്നും ആലപ്പുഴയിലെത്തി താമസമാരംഭിച്ചിരുന്നു. ഉൽപന്ന നിർമാണത്തിനും പായ്ക്കിങ്ങിനുമായി രണ്ടു വനിതകളെ കൂടെക്കൂട്ടിയതോടെ രണ്ടുപേർക്ക് ജോലി നൽകാനും വിജിക്കു കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.