
ദുർമന്ത്രവാദവും ആഭിചാരക്രിയകളും തടയാൻ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതിദേവി. കോഴിക്കോട് നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
ഇത്തരം സംഭവങ്ങളിൽ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്. കോട്ടയത്ത് പെൺകുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാൻ കഴിഞ്ഞത്. വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണമെന്നും അധ്യക്ഷ ആവശ്യപ്പെട്ടു.
തൊഴിലിടങ്ങളിൽ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റികൾ രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ഇതുസംബന്ധിച്ച പരിശോധനകൾ എല്ലാ ജില്ലകളിലും നടത്തും. കൗമാരക്കാരായ കുട്ടികളിൽ ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താൻ കലാലയജ്യോതി എന്ന പേരിൽ കാമ്പയിൽ സംഘടിപ്പിക്കും. ഡിജിറ്റൽ വായ്പാ ചതിക്കുഴികളിൽ നിരവധി സ്ത്രീകൾ വീഴുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നതായും അധ്യക്ഷ പറഞ്ഞു.
വനിതകൾക്ക് മാനസിക പിന്തുണ നൽകുന്നതിനായി ഏർപ്പെടുത്തിയ സൗജന്യ കൗൺസിലിങ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. കൗൺസിലിങ് നൽകിയാൽ പരിഹരിക്കാൻ കഴിയുന്ന പരാതികളുള്ളതിനാലാണ് തിരുവനന്തപുരത്തും മേഖലാ ഓഫിസുകൾ പ്രവർത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും ഇതിന് സൗകര്യം ഏർപ്പെടുത്തിയതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.