6 December 2025, Saturday

കേസുകള്‍ വര്‍ധിക്കുമ്പോള്‍ വനിതാ കമ്മിഷന്‍ നിശ്ചലം

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2025 8:32 pm

സ്ത്രീ സുരക്ഷയും വനിതാ ശക്തീകരണവും സദാ ഉരുവിടുന്ന ബിജെപി ഭരിക്കുന്ന ഡല്‍ഹിയില്‍ വനിതാ കമ്മിഷന്‍ പ്രവര്‍ത്തനം നിശ്ചലം. സ്ത്രീകള്‍കള്‍ക്കെതിരായ അതിക്രമം നാള്‍ക്കുനാള്‍ പെരുകുന്നതിനിടെയാണ് വനിതാ കമ്മിഷന്‍ ഓഫിസ് മാസങ്ങളായി പൂട്ടികിടക്കുന്നത്.
എഎപി സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മിഷന്‍ പ്രവര്‍ത്തനം കാര്യക്ഷമാമയിരുന്നില്ലെന്ന് വിമര്‍ശിച്ച രേഖാ ഗുപ്ത മുഖ്യമന്ത്രിയായി തുടരുമ്പോഴാണ് വനിതാ കമ്മിഷന്‍ അടച്ചുപൂട്ടിയത്. 2024 ജനുവരിയില്‍ എഎപി നേതാവ് സ്വാതി മാലിവാള്‍ രാജ്യസഭ എംപിയായതോടെ കമ്മിഷന് നാഥനെ നഷ്ടപ്പെട്ടു. 2024 മേയില്‍ 223 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കമ്മിഷന്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മാലിവാള്‍ രാജിവച്ച് 23 മാസങ്ങള്‍ക്ക് ശേഷവും ചെയര്‍പേഴ്സണെയോ ജീവനക്കാരെയോ നിയമിക്കാന്‍ രേഖാ ഗുപ്ത സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ചെയര്‍പേഴ്സണ് പുറമേ അംഗങ്ങള്‍, സെക്രട്ടറി തസ്തികളും ഒഴിഞ്ഞുകിടക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് അതിക്രമവും ബലാത്സംഗവും വര്‍ധിക്കുകയാണ്. കഴിഞ്ഞ വേനല്‍ക്കാലം വരെ കമ്മിഷന് ലഭിച്ച ഗാർഹിക പീഡനം, ബലാത്സംഗം, മനുഷ്യക്കടത്ത് കേസുകൾ തുടങ്ങിയ ലക്ഷക്കണക്കിന് പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും കഴിയുന്നില്ല.
സ്ത്രീ സുരക്ഷ അപകടത്തിലാകുന്ന സമയത്ത് ഉടനടി സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 181 ഹെല്‍പ്പ് ലൈന്‍ നമ്പറും ഇപ്പോള്‍ നിശ്ചലമാണ്. ഈ നമ്പരില്‍ ലക്ഷക്കണക്കിന് കോളുകളാണ് ലഭിച്ചിരുന്നതെന്ന് മുന്‍ വനിതാ കമ്മിഷന്‍ അംഗം പ്രതികരിച്ചു. പ്രതിവര്‍ഷം ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം, ബലാത്സംഗം, വേഗത്തിലുള്ള ഇടപെടല്‍ ആവശ്യമുള്ള മറ്റ് തരത്തിലുള്ള ചൂഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടണ് കൂടുതല്‍ കോളുകളും ലഭിച്ചിരുന്നതെന്നും അംഗം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധിഘട്ടങ്ങളിൽ സ്ത്രീകൾ എവിടേക്ക് തിരിയുമെന്ന് ഈ മാസം സുപ്രീം കോടതി ബലാത്സംഗ കേസ് പരിഗണിക്കവെ വാക്കാല്‍ ചോദിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരില്‍ അധികാരത്തിലെത്തിയ രേഖാ ഗുപ്ത സര്‍ക്കാര്‍ മേയ് മാസത്തില്‍ ഡിസിഡബ്ല്യു ഉടന്‍ തന്നെ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എട്ട് മാസങ്ങള്‍ക്കുശേഷവും കമ്മിഷന്‍ ഓഫിസ് താഴിട്ട് പൂട്ടിയ നിലയിലാണ്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മോശം സ്ഥലങ്ങളിൽ ഒന്നാണ് ഡൽഹിയെന്ന് നാഷണല്‍ ക്രൈം റെക്കേഡ്സ് ബ്യൂറോ അടക്കം ചുണ്ടിക്കാട്ടിയിരുന്നു. ബിജെപിയുടെ വനിതാ ശാക്തീകരണം — സുരക്ഷ എന്നിവ സംബന്ധിച്ചുള്ള വീമ്പിളക്കല്‍ കബളിപ്പിക്കലാണെന്ന് തുറന്നുകാട്ടുന്നതാണ് ഡല്‍ഹി വനിതാ കമ്മിഷന്റെ ഇന്ദ്രപ്രസ്ഥയിലെ ഓഫിസിലെ പൂട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.