11 February 2026, Wednesday

സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
February 11, 2026 7:30 am

നിർധനരായ വനിതകൾക്കും ട്രാൻസ് സ്ത്രീകൾക്കും സംസ്ഥാന സർക്കാരിന്റെ സ്നേഹസ്പർശം നല്‍കുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കമാകും. 35നും 60നുമിടയിൽ പ്രായമുള്ള 31.34 ലക്ഷം പേർക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നൽകുന്ന കേരളത്തിന്റെ മാതൃകാ പദ്ധതി ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 10,58,700 പേ­രു­ടെ ബാ­ങ്ക് അക്ക‍ൗണ്ടിലേക്ക് തുക എത്തും. ഇതിനായി 105.87 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും. 

മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, ആർ ബിന്ദു, വീണാ ജോർജ് എന്നിവരും മറ്റു ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. സ്ത്രീ സുരക്ഷാ പദ്ധതിയും യുവജനങ്ങൾക്ക് തൊഴിൽ അന്വേഷണത്തിന് സഹായകരമാകുന്ന ‘കണക്ട് ടു വർക്ക് ’ സ്കോളർഷിപ്പും മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഒക്ടോബർ 29ന് ആയിരുന്നു. പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നും ട്രഷറിയിൽ പണമില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ‘കണക്ട് ടു വർക്ക് ’ സ്കോളർഷിപ്പ് ജനുവരി 20ന് നിലവിൽ വരികയും ആദ്യഘട്ടമായി പതിനായിരം പേരുടെ അക്ക‍ൗണ്ടിലേക്ക് ആയിരം രൂപ വീതം എത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.