19 December 2024, Thursday
KSFE Galaxy Chits Banner 2

രാജ്യത്തെ ബാങ്കിങ് മേഖലയില്‍ ജോലിസമ്മര്‍ദം ഏറുന്നു

ഒരുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 500 ഓളം ജീവനക്കാര‍
Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2024 9:03 pm

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ ജീവനക്കാരുടെ മാനസിക സമ്മര്‍ദം ഏറിവരുന്നതായി റിപ്പോര്‍ട്ട്. കടുത്ത സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 500ഓളം ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്.
നിശ്ചിത ലക്ഷ്യം (ടാര്‍ഗറ്റ്) കൈവരിക്കല്‍, ഉന്നതോദ്യോഗസ്ഥരുടെ ശകാരം, അധികം ജോലി. അവധിയില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് ജീവനക്കാരെ മാനസിക സമ്മര്‍ദത്തിനും അതുവഴി ആത്മഹത്യയിലേക്കും നയിക്കുന്നത്. ലക്ഷ്യം കൈവരിക്കുന്നതിനായി ക്ലാര്‍ക്ക് മുതലുള്ള ജീവനക്കാര്‍ കടുത്ത സമ്മര്‍ദമാണ് അനുഭവിക്കുന്നത്. പുതിയ പദ്ധതികള്‍ അവതരിപ്പിക്കുമ്പോഴും ഇതേ അവസ്ഥയാണ് ജീവനക്കാര്‍ നേരിടുന്നത്. 

വര്‍ഷങ്ങളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചുകൊണ്ടുവരികയും നിലവിലെ ജീവനക്കാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് പൊതുമേഖലാ ബാങ്കുകളടക്കം പിന്‍തുടരുന്നതെന്ന് എഐബിഇഎ തുടങ്ങിയ സംഘടനകള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ബാങ്കുകളില്‍ ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്തപ്പെടാതെ അവശേഷിക്കുന്നുണ്ട്. ബാങ്കുകള്‍ തമ്മിലുള്ള മത്സരം ഏറിവരുന്നതും ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നു. 1990കളോടെ സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി പുതുതലമുറ ബാങ്കുകള്‍ രംഗത്ത് വന്നത് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ പ്രധാന കാരണമായി. വിപണി മത്സരം കടുത്തതോടെ ഉന്നതോദ്യോഗസ്ഥര്‍ കീഴ് ജീവനക്കാരെ അമിതജോലിക്ക് പ്രേരിപ്പിച്ചു. 

കടുംബത്തിന്റെ പല കാര്യങ്ങളിലും സജീവമായി ഭാഗഭാക്കാകാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് ജീവനക്കാരനായ രോഹിത് നേഗി പ്രതികരിച്ചു. പുതിയ കാര്‍ വായ്പാപദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് മുകളില്‍നിന്ന് കടുത്ത സമ്മര്‍ദമാണ് അനുഭവിക്കേണ്ടി വരുന്നതെന്നും നേഗി പറയുന്നു. രാവിലെ ഒമ്പത് മുതല്‍ 12 മണിക്കൂറോളം ജോലി ചെയ്യേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. നിര്‍ദിഷ്ട ലക്ഷ്യം കൈവരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പരസ്യമായി അപമാനിക്കുന്ന സംഭവങ്ങള്‍ വരെ നടന്നുവരുന്നുണ്ട്. 

പ്രതികാര നടപടിയുടെ ഭാഗമായുള്ള സ്ഥലംമാറ്റവും ജീവനക്കാര്‍ക്ക് ബാധ്യതയാവുന്നു. മഹരാഷ്ട്ര, ഹരിയാന, ഡല്‍ഹി അടക്കമുള്ള മൂന്നു സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എട്ട് സ്ഥലംമാറ്റം ലഭിച്ചതായി ജൂനിയര്‍ മാനേജരായ അശ്വനി റാണ പറഞ്ഞു. സ്വകാര്യ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷിതത്വം പ്രതീക്ഷിച്ചാണ് പൊതുമേഖലാ ബാങ്കിങ് ജോലി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അമിത ജോലിഭാരവും മാനസിക സമ്മര്‍ദവും നേരിടാന്‍ കഴിയാതെ പലരും ജോലി ഉപേക്ഷിക്കുന്നതായും റാണ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.