20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 19, 2025
January 19, 2025
January 19, 2025
January 19, 2025
January 19, 2025
January 19, 2025
January 18, 2025
January 18, 2025
January 18, 2025

സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും നല്ലോണം

Janayugom Webdesk
തിരുവനന്തപുരം
September 11, 2024 11:31 pm

ബോണസ്, ഓണക്കിറ്റ്, എക്സ്ഗ്രേഷ്യ, ഇൻകം സപ്പോർട്ട് സ്കീം എന്നിങ്ങനെ ഓണക്കാല ആനുകൂല്യങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് അനുവദിച്ചത് 67 കോടിയുടെ ധനസഹായം. സര്‍ക്കാര്‍ മേഖലയിലാണ് ഈ തുക വിനിയോഗിക്കുന്നതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളില്‍ ഇത്തവണയും ബോണസിനായി സമരം വേണ്ടിവന്നില്ല. വ്യവസായ ബന്ധ സമിതികൾ യോഗംചേർന്ന് അതാത് മേഖലകളിലെ തൊഴിലാളികളുടെ ബോണസും മറ്റാനുകൂല്യങ്ങളും നിശ്ചയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട് പൊതു മാർഗനിർദേശം പുറത്തിറക്കി. മുന്‍വർഷം അനുവദിച്ച തുകയിൽ കുറവുവരാത്ത വിധം ബോണസ് അനുവദിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. കയർ, കൈത്തറി, ഖാദി, ബീഡി ആന്റ് സിഗാർ, മത്സ്യം, ഈറ്റ – പനമ്പ് എന്നീ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 45 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 4,47,451 തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. 

പൂട്ടിക്കിടക്കുന്ന സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടം തൊഴിലാളികൾക്ക് 2,14,64,000 രൂപ എക്സ്ഗ്രേഷ്യാ സഹായം അനുവദിച്ചു. 10,732 തൊഴിലാളികൾക്ക് 2,000 രൂപ വീതം ലഭിക്കും. ഒരു വർഷമോ അതിലധികമോ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 3.21 കോടിയാണ് അനുവദിച്ചത്. 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്ക് 2,250 രൂപ നിരക്കിൽ ധനസഹായം ലഭ്യമാകും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിന് അവശതാ പെൻഷൻ വിതരണത്തിനായി രണ്ട് കോടി രൂപയും അനുവദിച്ചു.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ റേഷൻ കാർഡ് ഉടമകളായ 1,833 കുടുംബങ്ങൾക്ക് 20 കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് 19.24 ലക്ഷം രൂപയും കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് 2024–25 അതിവർഷാനുകൂല്യ കുടിശിക വിതരണത്തിനായി 10 കോടിയും അനുവദിച്ചു. 

കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്യ വിതരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. 74 അപേക്ഷകർക്ക് ഈ തുക വിതരണം ചെയ്യും. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സംരക്ഷണ പദ്ധതിക്ക് നാല് കോടി, അസംഘടിത ദിവസ വേതന തൊഴിലാളികൾക്കുള്ള ആശ്വാസ നിധി പ്രകാരം 10 ലക്ഷം, അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്കുള്ള പെൻഷൻ 1.75 കോടി, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യങ്ങൾക്കായി 2.15 കോടി രൂപയും അനുവദിച്ചു. കയർ, കശുവണ്ടി, ടെക‌്സ്റ്റൈൽ തുടങ്ങിയ മേഖലകളിലെ വ്യവസായബന്ധ സമിതികൾ യോഗംചേർന്ന് ആ മേഖലകളിലെ തൊഴിലാളികളുടെ ബോണസും മറ്റാനുകൂല്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഓണക്കാലത്ത് തൊഴിലാളികൾക്കായി ഇത്രയും തുക അനുവദിച്ചു നൽകിയ ധനകാര്യ വകുപ്പിനെ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.