21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025

കാഴ്ചയില്ലാത്തവർക്ക് വരുമാനമുറപ്പാക്കാൻ ചൂലാല

ബിനാലെയിലെ ശിൽപശാല ശ്രദ്ധേയമായി 
Janayugom Webdesk
കൊച്ചി
January 31, 2023 10:10 pm

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതെന്ന കൊച്ചി മുസിരിസ് ബിനാലെയുടെ അടിസ്ഥാനതത്വത്തെ സാർത്ഥകമാക്കുന്നതായി ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലെ ആർട്ട്റൂമിൽ സംഘടിപ്പിച്ച ‘ചൂലാല വെറും ചൂലല്ല’ ശിൽപശാല. കാഴ്ചയില്ലാത്തവർക്ക് വരുമാനം കണ്ടെത്താൻ കാഞ്ഞിരമറ്റം സ്വദേശിയായ ഡിസൈനർ ലക്ഷ്മി മേനോൻ ആവിഷ്കരിച്ച ചൂലാല എന്ന ആശയം പ്രയോഗതലത്തിലാകുന്ന വിധം വ്യക്തമാക്കിയ ശിൽപശാല ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിത്തുപേനയും പ്രളയകാലത്ത് ചേക്കുട്ടി പാവയും കോവിഡ് കാലത്ത് ‘ശയ്യ’ കിടക്കയും അമ്മൂമ്മത്തിരിയുമൊക്കെയായി നിരാലംബർക്കും അവശർക്കുമായി 16 ആശയങ്ങൾ ഇതുവരെ ആവിഷ്കരിച്ചിട്ടുണ്ട് ലക്ഷ്മി മേനോൻ. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം വരുമാനത്തിന്റെ പിൻബലത്തിൽ വ്യക്തിഗത സാമൂഹ്യപ്രതിബദ്ധത എന്ന നിലയ്ക്കാണ് ലക്ഷ്മി സംരംഭങ്ങൾ തുടങ്ങുന്നത്. പിന്നീട് സ്ഥാപനങ്ങൾ കോർപ്പറേറ്റ് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഏറ്റെടുത്തുകൊള്ളുമെന്ന് അവർ പറയുന്നു. 

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പോത്താനിക്കാട് ട്രെയിനിങ് കം പ്രൊഡക്ഷൻ കേന്ദ്രത്തിലെ ഒരുപറ്റം സ്ത്രീകൾക്ക് എന്തെങ്കിലും വരുമാനമാർഗം ആവിഷ്കരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് രണ്ടുമാസം മുമ്പ് ചൂലാലയുടെ തുടക്കം. ഈർക്കിൽ കോർത്തും നെയ്തും തയ്യാറാക്കുന്ന ചെറിയ ചൂലുകളാണ് ചൂലാല. പക്ഷെ അത് വെറും ചൂലല്ല. അലങ്കാര വസ്തുവായും ഉപയോഗിക്കാം. ഇത് മെനയുന്നവർക്ക് കാണാൻ കഴിയുന്നില്ല. എന്നാൽ അവരുടെ കരവിരുതിൽ രൂപമെടുക്കുന്ന സുന്ദര സൃഷ്ടികൾ കാഴ്ചയുള്ളവർ കണ്ട് ആസ്വദിക്കട്ടെ. കാണത്തക്ക ഇടത്ത് ചൂൽ വയ്ക്കാൻ സാഹചര്യമൊരുക്കുന്നത് അതുകൊണ്ടാണ്. 

ചൂലിനെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന സങ്കൽപ്പങ്ങളെയെല്ലാം തകർക്കുന്നതുമാണ് ചൂലാലയെന്ന് ലക്ഷ്മി മേനോൻ ചൂണ്ടിക്കാട്ടി. ”നമ്മുടെ എല്ലാ വൃത്തികേടുകളും തൂത്തുവാരുന്ന ചൂൽ പക്ഷെ അപശകുനമായും വെറുക്കപ്പെട്ടതുമായാണ് പൊതുവെ കാണുന്നത്. ഈ മനോഭാവത്തോടുള്ള തിരസ്കാരമാണ് ഷോകേസുകളിൽ ചൂലാല ഇടംപിടിച്ചു തുടങ്ങിയതോടെ സാധ്യമായത്. ” മറ്റുസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ചൂലിന് പകരം നമ്മുടെ ഈർക്കിൽ ചൂലുകൾ കൂടുതൽ വ്യാപകമാകാനും ശാരീരിക പരിമിതികളുള്ളവർക്ക് വരുമാന വർധന ഉണ്ടാകാനും ഉള്ള ശ്രമങ്ങളിലാണ് ലക്ഷ്മി. ബിനാലെയിൽ ലഭിച്ച അവസരം ആ ദിശയിൽ വളരെയധികം പ്രയോജനപ്പെടുമെന്നും അവർ പറഞ്ഞു. 

Eng­lish Sum­ma­ry: The work­shop at the Bien­nale was remarkable

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.